തീവ്ര ഇടതുപക്ഷം സമരം ഹൈജാക്ക് ചെയ്തു; കര്‍ഷക സമരത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍; ഇടതുപക്ഷ, മാവോയിസ്റ്റ് ഘടകങ്ങള്‍ പ്രക്ഷോഭകരില്‍ നുഴഞ്ഞുകയറി; എപിഎംസി കേരളത്തില്‍ ഇതുവരെ നിയമമാക്കിട്ടില്ലെന്ന് കേന്ദ്രമന്ത്രി

കര്‍ഷക സമരത്തിനെതിരെ രൂക്ഷമായ ആരോപണം ഉന്നയിക്കുന്ന നിലപാട് തുടര്‍ന്ന് കേന്ദ്രമന്ത്രിമാര്‍. ഇത്തവണ കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് കടുത്ത ആരോപണം സമരത്തിനെതിരെ ഉയര്‍ത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കിടയില്‍ തീവ്ര ഇടതുപക്ഷം നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകസമരത്തെ തകര്‍ക്കാനും ലഹളയുണ്ടാക്കാനുമാണ് അവര്‍ ശ്രമിക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ ആരോപണം.
കര്‍ഷക സമരത്തെ തീവ്ര ഇടതുപക്ഷം ഹൈജാക്ക് ചെയ്തെന്ന ആരോപണങ്ങള്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്തകളായി പുറത്തുവരുന്നതിനിടെയാണ് കേന്ദ്രമന്ത്രി തന്നെ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന കവികളെയും ബുദ്ധിജീവികളെയും മോചിപ്പിക്കണമെന്ന് കര്‍ഷക പ്രക്ഷോഭകര്‍ ആവശ്യമുന്നയിക്കുന്നുണ്ടെന്നും ഇത് കണക്കിലെടുക്കുമ്പോള്‍ ഇടതുപക്ഷ, മാവോയിസ്റ്റ് ഘടകങ്ങള്‍ പ്രക്ഷോഭകരില്‍ നുഴഞ്ഞുകയറിയതായി വ്യക്തമാണെന്നും പിയൂഷ് ഗോയല്‍ പറയുന്നു. കര്‍ഷക സംഘടനകളുടെ ചില നേതാക്കള്‍ക്കും ഇത്തരത്തിലുള്ള ചരിത്രമുള്ളതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുണ്ടെന്നും പിയൂഷ് ഗോയല്‍ പറയുന്നു.
യുഎപിഎ അടക്കമുള്ളവ ചുമത്തപ്പെട്ടവര്‍ക്കുവേണ്ടി സമരം നടക്കുന്ന ഇടങ്ങളില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും അത്തരത്തിലുള്ള പ്രസ്താവനകള്‍ സമരക്കാര്‍ മുന്നോട്ടുവെക്കുകയും ചെയ്തിട്ടുണ്ട്. കര്‍ഷക സമരത്തില്‍ വിള്ളലുകളുണ്ടാക്കാനും കലാപം സൃഷ്ടിക്കാനുമാണ് ഇവര്‍ ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. ഗൗരവമായി കാണേണ്ട ചില കാര്യങ്ങള്‍ ഇതിലുണ്ടെന്നും പിയൂഷ് ഗോയല്‍ പറയുന്നു. രാജ്യത്തെ കര്‍ഷകര്‍ക്ക് വളരെ പ്രയോജനപ്രദമായ നിയമമാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. സമരക്കാര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് എവിടെയും ഒരു ചലനവും ഉണ്ടാക്കിയില്ല.
രാജ്യത്തെ കര്‍ഷകരുടെ പിന്തുണ സമരക്കാര്‍ക്കില്ല എന്നാണ് ഇത് കാണിക്കുന്നത്. രാജ്യത്തെ കര്‍ഷകരൊക്കെ സന്തോഷവാന്മാരാണ്. കാര്‍ഷിക ഉല്‍പാദന വിപണന സമിതികള്‍ (എപിഎംസി) മാത്രമാണ് കര്‍ഷകര്‍ക്കുള്ള ഒരേയൊരു രക്ഷാമാര്‍ഗമെങ്കില്‍ എന്തുകൊണ്ടാണ് ഇടതുപക്ഷവും കോണ്‍ഗ്രസും മാറിമാറി ഭരിക്കുന്ന കേരളത്തില്‍ ഇതുവരെ ഇത് നിയമമാക്കാത്തതെന്നും പിയൂഷ് ഗോയല്‍ ചോദിച്ചു.
നേരത്തെ കേന്ദ്രമന്ത്രിമാര്‍ സമരത്തിനെതിരെ ഖാലിസ്ഥാനാന്‍ വാദവും പാകിസ്ഥാന്‍ ചൈന സ്വാധീനവും കാനഡ ഫണ്ട് വാദവും ഉയര്‍ത്തിയിരുന്നു. ബില്ല് പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് സര്‍ക്കാരും വിട്ടുവിഴ്ച്ചക്കില്ലെന്ന് കര്‍ഷകരും വ്യക്തമാക്കിയതോടെ ഡല്‍ഹിയില്‍ സമരം ശക്തമാകുകയാണ്.
https://www.facebook.com/Malayalivartha

























