സംസ്ഥാനത്ത് അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ... മൂന്നാർ ഉൾപ്പെടെ നാല് പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ തുടരുന്നു. മൂന്നാർ ഉൾപ്പെടെ കേരളത്തിലെ നാല് പ്രദേശങ്ങൾ നിലവിൽ അതീവജാഗ്രത പുലർത്തേണ്ട ഓറഞ്ച് അലർട്ടിലാണ്. ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാ വയലറ്റ് തീവ്രത മൂന്നാറിലാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നാറിൽ യു വി സൂചിക ഒൻപതാണ് രേഖപ്പെടുത്തിയിരിക്കുന്നത്
കഴിഞ്ഞദിവസം മൂന്നാറിൽ യു വി സൂചിക എട്ടായിരുന്നു. യുവി സൂചിക 11-ലേക്ക് എത്തിയാൽ മൂന്നാറിൽ റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ടിവരും. പകൽ പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യും. കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ യു വി സൂചിക എട്ടിൽ തുടരുന്നു. കണ്ണൂരിലെ ധർമ്മടം അടക്കമുള്ള പ്രദേശങ്ങളിലെ യു വി സൂചിക എട്ടിൽ നിന്നും അഞ്ചായി കുറഞ്ഞിട്ടുണ്ട്.
ഒരു പ്രത്യേകസ്ഥലത്തും സമയത്തും സൂര്യതാപത്തിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരണത്തിന്റെ അളവാണ് യു വി സൂചിക. ഉയർന്ന അളവിൽ അൾട്രാവയലറ്റ് രശ്മികൾ കൊള്ളുന്നത് കാഴ്ചയെ പ്രതികൂലമായി ബാധിക്കുന്നതാണ്. മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുമെന്ന് വിദഗ്ധർ പറയുന്നു. അതിനാൽ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന ജോലികൾ പരമാവധി ഒഴിവാക്കണമെന്നും, സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ടതാണ്.
https://www.facebook.com/Malayalivartha
























