ടിആർപി തട്ടിപ്പ് കേസില്‍ കടുപ്പിച്ച് മുംബൈ പോലീസ് ;റിപ്പബ്ലിക് ടിവി സിഇഒ യെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു

ടിആർപി തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടിവി സിഇഒ യെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. സിഇഒ വികാസ് കഞ്ചന്‍ധാനിയെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷിച്ചതിന് പിന്നാലെയാണ് കഞ്ചന്‍ധാനിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ടിവി, ബോക്സ് സിനിമ,ഫക്ത് മറാത്ത എന്നീ ചാനലുകൾ തട്ടിപ്പിലൂടെ റേറ്റിംഗ് പെരുപ്പിച്ച് കാണിച്ചെന്നായിരുന്നു മുംബൈ പൊലീസിന്‍റെ കണ്ടെത്തൽ. റിപ്പബ്ലിക് ടിവി വിതരണ മേധാവി അടക്കം 12 പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ടിആർപി റേറ്റിങ്ങിൽ കൃത്രിമം കാണിച്ചുവെന്നുകാട്ടി റിപ്പബ്ലിക് ടി വി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുംബൈ പൊലീസ് നേരത്തെ രംഗത്ത് വന്നിരുന്നു . ദിവസം മുഴുവൻ ചാനലുകൾ ഓൺചെയ്ത് ഇടാൻ വീട്ടുകാരോട് ആവശ്യപ്പെട്ടതായും കാര്യമായ വിദ്യാഭ്യാസമില്ലാത്തവർ താമസിക്കുന്ന വീടുകളിൽപോലും ചില ഇംഗ്ലീഷ് ചാനലുകൾ ദിവസം മുഴുവനും ഓൺചെയ്തിട്ടുവെന്നും മുംബൈ പൊലീസ് ആരോപിക്കുന്നു.സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി മുംബൈ പൊലീസ് കമ്മീഷണർ പരംബീർ സിങ് പറഞ്ഞു. ''ടെലിവിഷൻ പരസ്യമേഖല ഏകദേശം 30,000- 40,000 കോടി രൂപയുടേതാണ്. ടിആർപി റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് പരസ്യ നിരക്ക് നിശ്ചയിക്കുന്നത്. ടിആർപിയിൽ ചെറിയ മാറ്റങ്ങൾ വന്നാൽ പോലും പരസ്യവരുമാനത്തെ ബാധിക്കും'' - അദ്ദേഹം പറഞ്ഞു.ടിആർപി തട്ടിപ്പ് കണ്ടെത്തിയ മുംബൈ പൊലീസ് ക്രൈംബ്രാഞ്ച് വിഭാഗം അന്ന് രണ്ട് മറാത്തി ചാനലുകളുടെ ഉടമകളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിചിരുന്നു . ഒരു പ്രത്യേക ചാനല്‍ എത്രയാളുകള്‍ കാണുന്നു എന്ന് കണക്കാക്കുകയാണ് ടിആര്‍പിയിലൂടെ ചെയ്യുന്നത്. ഇതിലൂടെയാണ് ചാനലുകളുടെ ജനകീയത നിശ്ചയിക്കുന്നത്. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസിനെയും മഹാരാഷ്ട്ര സർക്കാരിനെയും കടന്നാക്രമിക്കുന്ന ഒരു ദേശീയ വാർത്താ ചാനലും ടിആർപി തട്ടിപ്പിൽ പങ്കാളിയാണെന്ന് പരംബീർ സിങ് മാധ്യമങ്ങളോട് പറഞ്ഞു.ഈ ചാനലുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുമെന്ന് മുംബൈ പോലീസ് മേധാവി പരംബീര്‍ സിങ് പറഞ്ഞു. ഡയറക്ടറായാലും പ്രമോട്ടറായാലും ജീവനക്കാരായാലും കുറ്റക്കാരെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പരസ്യത്തില്‍നിന്നല്ലാതെ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍നിന്ന് പണം ലഭിക്കുന്നുണ്ടോയെന്ന് അന്വേഷിക്കും. എന്തെങ്കിലും കുറ്റകൃത്യം നടന്നതായി കണ്ടെത്തിയാല്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം റിപ്പബ്ലിക് ടി വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി പരംവീര്‍ സിങ്ങിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് അന്ന് തന്നെ രംഗത്തു വന്നതാണ് . റിപ്പബ്ലിക് ടിവിയ്‌ക്കെതിരെ പരംബീര്‍ സിങ് തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണെന്ന് അര്‍ണാബ് ഗോസ്വാമി പറഞ്ഞു. സുശാന്ത് സിങ് രാജ്പുത്ത് കേസില്‍ റിപ്പബ്ലിക് ടിവി പരംബീര്‍ സിങ്ങിനു നേരെ ചോദ്യങ്ങള്‍ ചോദിച്ചതാണ് ഇതിനു കാരണമെന്നും അര്‍ണാബ് പറഞ്ഞു. പരംബീര്‍ സിങ്ങിനെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്നും അര്‍ണാബ് കൂട്ടിച്ചേർത്തിരുന്നു .ഈ സാഹചര്യത്തിലാണ് ഇപ്പോൾ ടിആർപി തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടിവി സിഇഒ യെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുന്നത് .
https://www.facebook.com/Malayalivartha

























