രാഹുലിനെ മുന്നിൽ നിർത്തിയാൽ രക്ഷപ്പെടില്ല പ്രിയങ്ക ദേശീയ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കോ?

പ്രിയങ്കാ വധേര കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കോ? 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രിയങ്കാ ഗാന്ധിയല്ലാതെ മറ്റൊരാളില്ലെന്ന ഉറച്ച നിലപാടിലേക്ക് നീങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗം.
അടുത്തു വരുന്ന ലോക് സഭാ ഉപതെരഞ്ഞെടുപ്പില്‍ കന്യാകുമാരി ലോക് സഭാ സീറ്റില്‍ പ്രിയങ്ക കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള സാധ്യത ഏറെയാണ്. അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പുവരെ പാര്‍ട്ടിയിലും പാര്‍ലമെന്റിലും പ്രിയങ്കയുടെ സാന്നിധ്യം അനിവാര്യമാണെന്ന് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നു.
രാഹുല്‍ ഗാന്ധിയെ മുന്നില്‍ നിറുത്തി ഇനിയൊരു ദേശീയതെരഞ്ഞെടുപ്പിലൂടെ ഇന്ത്യയില്‍ കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് പാര്‍ട്ടിക്കു വ്യക്തമായിക്കഴിഞ്ഞു. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു പിന്നാലെ താന്‍ അധ്യക്ഷ പദവിയിലേക്കില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരിക്കെയാണ് അടുത്ത ഏക സാധ്യത പ്രിയങ്ക വധേരയെന്ന് കോണ്‍ഗ്രസിന്റെ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് ഘടകങ്ങള്‍ നിര്‍ദേശം വയ്ക്കുന്നത്. വയനാട്ടില്‍ നിന്ന് ലക്ഷങ്ങളുടെ ഭൂരിപക്ഷം നേടി ജയിച്ച രാഹുല്‍ എംപി നിലയില്‍പോലും കേരളത്തിലെ കോണ്‍ഗ്രസിന് നേട്ടമാകുന്നില്ലെന്ന് പ്രദേശിക ഘടകവും വിലയിരുത്തുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലെ ഗ്രൂപ്പിസം നിയന്ത്രിക്കാനോ തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനോ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിന് കഴിഞ്ഞില്ല .
രാഹുല്‍ ഒരു നിര നേതാക്കളുടെ നിയന്ത്രണത്തിലാണെന്ന വിമര്‍ശനവും പാര്‍ട്ടിയിലുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസ് വിട്ടതും ഈ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ്. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ വരട്ടെയെന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ പ്രിയങ്ക അതിനെ ശരിവെച്ചിരുന്നു.
എന്നാല്‍ സുസമ്മതനായ ഒരാളെ കോണ്‍ഗ്രസില്‍ നിലവില്‍ കണ്ടെത്താനില്ലെന്നതാണ് പാര്‍ട്ടിയെ അലട്ടുന്ന പ്രശ്‌നം. തെക്കും വടക്കും വടക്കു കിഴക്കും ഒരു പോലെ സമ്മതനായ നേതാവിനെ കണ്ടെത്തുക നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനു ദുഷ്‌കരമാണ്.
ആറു മാസത്തിനുള്ളില്‍ കേരളം, തമിഴ് നാട്, പശ്ചിമ ബംഗാള്‍, ആസാം, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ, ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രിയങ്കാ വധേര മാത്രമാണ് അനുയോജ്യയായ നേതാവ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. കേരളത്തില്‍ സംസ്ഥാന ഭരണം തിരികെ പിടിക്കാന്‍ കോണ്‍ഗ്രസിന് അനുയോജ്യമായ നേതൃത്വമുണ്ടാകണമെന്ന് സംസ്ഥാന നേതാക്കളും വ്യക്തമാക്കിക്കഴിഞ്ഞു.
ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യം ചേരുമ്പോള്‍ മമതാ ബാനര്‍ജിയോടും ബിജെപിയോടും ഒരുമിച്ചു പോരാടാന്‍ പ്രിയങ്കയല്ലാതെ മറ്റൊരു സാധ്യതയില്ല. തമിഴ് നാട്ടില്‍ പ്രിയങ്ക മത്സരിക്കാനെത്തിയാല്‍ കോണ്‍ഗ്രസ് -ഡിഎംകെ സഖ്യത്തിന് നേട്ടമാകുമെന്നും ഒരു പക്ഷെ ഭരണം പിടിക്കാമെന്നും മുന്നണി കരുതുന്നു. പോണ്ടിച്ചേരിയിലും സഖ്യം നേട്ടമാകുമെന്നാണ് പ്രതീക്ഷ. ആസാമില്‍ ഭരണത്തിനുള്ള സാധ്യത പുതിയ ദേശീയ നേതൃത്വമാണ്. ഇന്നും കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനമാണ് ആസാം.
ഒരേ സമയം ഭൂരിപക്ഷ, ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിനു നേടാനുള്ള ഏക സാധ്യതയും പ്രിയങ്കയാണ്. അടുത്തയിടെയായി ബുദ്ധമതവുമായി ഏറെ അടുപ്പത്തിലുമാണ് ഇന്ദിരാഗാന്ധിയുടെ പൗത്രിയും രാജീവ് ഗാന്ധിയുടെ മകളുമായ പ്രിയങ്ക. പ്രായം അന്‍പതിലെത്തുന്ന പ്രിയങ്കയ്ക്ക്, കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും ഒരു നിര സംസ്ഥാനങ്ങളിലെങ്കിലും ഭരണം തിരികെ പിടിക്കാനുമുള്ള സാധ്യതയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആരായുന്നത്.
അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി പിന്‍വാങ്ങുകയും അമിത് ഷാ മുന്‍നിരയില്‍ എത്തുകയും ചെയ്യാനുള്ള വിദൂര സാധ്യതയും രാഷ്ട്രീയ അണിയറയില്‍ സജീവമാണ്. പശ്ചിമ ബംഗാളും തമിഴ് നാടും വെട്ടിപ്പിടിക്കാനുള്ള അമിത് ഷായുടെ നിലവിലെ തന്ത്രപ്രധാനമായ നീക്കം ഇതിന്റെ ഭാഗമാണെന്നു പറയുന്നു.
മുന്‍പ് സോണിയാ ഗാന്ധി നേതൃത്വം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതയായതുപോലെ പ്രിയങ്ക വൈകാതെ കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയിലെത്താനുള്ള സാഹചര്യം ഏറെയാണ്.
https://www.facebook.com/Malayalivartha

























