ഝാർഖണ്ഡിലെ റിഹാന്നയുടെ കമ്പനിയായ ഫെൻറി ബ്യൂട്ടിയിൽ ബാലവേല: സ്കിൻകെയർ ബ്രാൻഡിനെതിരെ പരാതിയുമായി എൻജിഒ രംഗത്ത്

ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച പോപ് ഗായിക റിഹാന്നയുടെ സ്കിൻകെയർ ബ്രാൻഡിനെതിരെ പരാതിയുമായി നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് എൻജിഒ. റിഹാന്നയുടെ സ്കിൻകെയർ കമ്പനിയിൽ ബാലവേല നടക്കുന്നുണ്ടെന്ന പരാതിയാണ് ലഭിച്ചത്.
നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് എൻജിഓയാണ് ഝാർഖണ്ഡിൽ പ്രവർത്തിക്കുന്ന ഫെൻ്റി ബ്യൂട്ടി എന്ന കമ്പനിക്കെതിരെ പരാതി നൽകിയത്. ആരോപണത്തിൽ അന്വേഷണം നടത്തണമെന്നാണ് എൻജിഒ മുന്നോട്ട് വയ്ക്കുന്ന ആവശ്യം.
റിഹാനയുടെ സൗന്ദര്യ വർധക വസ്തു നിർമാണ കമ്പനിയായ ഫെൻറി ബ്യൂട്ടിയിൽ ബാലവേല നടന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എൻജിഒ പരാതി നൽകിയത്. സൗന്ദര്യ വർധക വസ്തു നിർമാണത്തിന് ഉപയോഗിക്കുന്ന മൈക്ക വാങ്ങുന്ന ജാർഖണ്ഡിലെ ഖനികളിൽ ബാലവേല നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എൻ.ജി.ഒ ദേശീയ ബാലാവകാശ കമ്മീഷനെ സമീപിച്ചത്.
കമ്പനി മൈക്ക ശേഖരിക്കുന്ന ഖനികൾ ബാലവേല രഹിതമാണെന്ന് ഔദ്യോഗിക ഏജൻസികളിൽ നിന്ന് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും ലീഗൽ റൈറ്റ്സ് ഒബ്സർവേറ്ററി പ്രവർത്തകൻ വിനയ് ജോഷി വ്യക്തമാക്കി.
"നാം എന്തുകൊണ്ടാണ് ഇതിനെ കുറിച്ച് സംസാരിക്കാത്തത്? #farmersprotest" എന്ന ചോദ്യവും ഹാഷ്ടാഗും തലക്കെട്ടായി നൽകിയാണ് റിഹാന്ന കർഷക സമരത്തിൻ്റെ ഐക്യദാർഢ്യം സൂചിപ്പിക്കുന്ന ചിത്രം പങ്കുവച്ചത്. കർഷക സമരം മൂലം ഡൽഹിയിൽ ഇന്റർനെറ്റ് സേവനം നിർത്തലാക്കിയെന്ന വാർത്തയും ചിത്രവുമായിരുന്നു ട്വീറ്റ് ചെയ്തത്.
100 മില്യണിലേറെ ഫോളോവേഴ്സുള്ള റിഹാനയുടെ ട്വീറ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. റിഹാനയ്ക്ക് ശേഷം പിന്തുണ പ്രഖ്യാപിച്ച് ആക്ടിവിസ്റ്റ് ഗ്രെറ്റ തുൻബർഗ്, മുൻ പോൺ താരം മിയ ഖലീഫ, അമേരിക്കൻ വൈസ് പ്രസിഡൻ്റ് കമല ഹാരിസിൻ്റെ അനന്തരവൾ മീന ഹാരിസ്, അമേരിക്കൻ വ്ലോഗർ അലാൻഡ കെർണി, യൂട്യൂബർ ലിലി സിംഗ് തുടങ്ങിയവർ കർഷകരെ അനുകൂലിച്ച് ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു.
വിവാദങ്ങൾക്ക് ശേഷം കേന്ദ്ര സർക്കാരിനെ അനുകൂലിച്ച് കായിക താരങ്ങളും സിനിമാ പ്രവർത്തകരും ഒട്ടനേകം പ്രമുഖരും രംഗത്തെത്തിയിരുന്നു. സച്ചിൻ തെണ്ടുൽക്കറും വിരാട് കോലിയും അടക്കമുള്ള ക്രിക്കറ്റ് താരങ്ങളും ബാഡ്മിൻ്റൺ താരം സെയ്ന നെഹ്‌വാളും അക്ഷയ് കുമാറും അജയ് ദേവ്ഗണും അടക്കമുള്ള ബോളിവുഡ് സിനിമാ പ്രവർത്തകരുമൊക്കെ കേന്ദ്ര സർക്കാരിനെ അനുകൂലിച്ച് പോസ്റ്റുകൾ പങ്കുവച്ചിരുന്നു.
"
https://www.facebook.com/Malayalivartha























