കേന്ദ്ര ബജറ്റിലും ഇന്ധന വില വർധനവിലും പ്രതിഷേധിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു

കേന്ദ്ര ബജറ്റിലും ഇന്ധന വില വർധനവിലും പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ മുംബൈയിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനെ കരിങ്കൊടി കാണിച്ചു. ധനമന്ത്രിയുടെ അടുത്തേക്കെത്തി പ്രതിഷേധിക്കാനുള്ള കോൺഗ്രസ് പ്രവർത്തരുടെ നീക്കം പോലീസ് എതിർത്തു. കേന്ദ്ര ബജറ്റിന്റെ പശ്ചാത്തലത്തിൽ ദാദറിൽ ഒരു സംവാദ പരിപാടിക്ക് എത്തിയതായിരുന്നു നിർമലാ സീതാരാമൻ.
500 ഓളം കോൺഗ്രസ് പ്രവർത്തകർ ഒത്തു കൂടി ധനമന്ത്രിക്കെതിരേ മുദ്രാവാക്യം വിളി നടത്തുകയുമായിരുന്നു. രാഹുൽ ഗാന്ധിക്ക് അനുകൂലമായും പ്രവർത്തകർ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. ദാദർ റെയിൽവേ സ്റ്റേഷന് മുന്നിൽ അതിരാവിലെ മുതൽ പ്രവർത്തകർ ഒത്തു ചേർന്നിരുന്നതായി പോലീസ് അറിയിച്ചു.
കേന്ദ്ര ബജറ്റിനെതിരെയും അവശ്യവസ്തുക്കളുടേയും പെട്രോൾ, ഡീസൽ, പാചക വാതകം, റെയിൽവേ നിരക്കുകൾ എന്നിവയുടെ വർധനവിനെതിരേയും പ്രവർത്തകർ മുദ്രാവാക്യം ഉയർത്തി. എന്നാൽ പ്രതിഷേധം സമാധാനപരമായാണ് നടന്നതെന്നും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിജയ് പാട്ടീൽ വ്യക്തമാക്കി. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും കരിങ്കൊടി കാണിച്ച സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























