ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ വെള്ളപ്പാച്ചിലില്‍ പാലങ്ങള്‍ ഒഴുകിപ്പോയി..... 13 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു..... ഹെലികോപ്റ്റര്‍ മാര്‍ഗം അവശ്യവസ്തുക്കള്‍ എത്തിക്കാനുള്ള ശ്രമത്തില്‍ അധികൃതര്‍

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ നന്ദാദേവി ഗ്ലേസിയറിന്റെ(മഞ്ഞുമല) ഒരു ഭാഗം ഇടിഞ്ഞുവീണുണ്ടായ വെള്ളപ്പാച്ചിലില്‍ 13 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. പുറംലോകവുമായി ബന്ധിപ്പിക്കുന്ന പാലങ്ങള്‍ ഒഴുകിപ്പോയതോടെയാണ് ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടത്.
ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ അഞ്ച് പാലങ്ങളാണ് തകര്‍ന്നത്. ഇതില്‍ ഒരെണ്ണം വലിയ പാലവും മറ്റുള്ളവ ചെറുതുമാണ്.ഒറ്റപ്പെട്ടുപോയ ഗ്രാമങ്ങളില്‍ അവശ്യവസ്തുക്കള്‍ ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
17 ഗ്രാമസഭ പ്രദേശങ്ങളെയാണ് ദുരന്തം ബാധിച്ചത്. ഇതില്‍ 11 പ്രദേശത്ത് മാത്രമാണ് ജനവാസം നിലവിലുള്ളത്. മറ്റുള്ള പ്രദേശത്തെ ആളുകള്‍ ശൈത്യം ആരംഭിച്ചതോടെ താഴ്വാരങ്ങളിലേക്ക് മാറിയിരുന്നു
ചമോലി ജില്ലാ കളക്ടര്‍ സ്വാതി എസ്. ഭദോര്യയും ജില്ലാ പോലീസ് മേധാവി പി. യശ്വന്ത് സിംഗ് ചൗഹാനും പ്രദേശത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്.
നൂറുകണക്കിനു നാട്ടുകാരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. ദുരന്തമുണ്ടായ ഉടന്‍ ഐടിബിപി, എന്‍ഡിആര്‍എഫ് സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
കര-വ്യോമ സേനകളും രക്ഷാപ്രവര്‍ത്തനത്തിനെത്തി. കരസേനയുടെ മെഡിക്കല്‍, എന്‍ജിനിയറിംഗ് വിഭാഗവും ദുരന്തസ്ഥലത്തെത്തിയിട്ടുണ്ട്. പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ ജോഷിമഠില്‍ ഇന്നലെ രാവിലെ യാണു മഞ്ഞുമല ഇടിഞ്ഞുവീണത്.
https://www.facebook.com/Malayalivartha
























