കത്വ ഫണ്ട് തിരിമറി ആരോപണത്തില്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പുറത്തു വിടാന്‍ തയ്യാറാണെന്ന് യൂത്ത് ലീഗ്... ദീപിക സിങ് രജാവത്തിന് ലീഗ് പണം നല്‍കിയിട്ടില്ല...

കത്വ ഫണ്ട് തിരിമറി നടന്നതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പുറത്തുവിടാന്‍ തയ്യാറാണെന്ന് വെളിപ്പെടുത്തി യൂത്ത് ലീഗ്. ആദ്യം കേസ് കൈകാര്യം ചെയ്ത ദീപിക സിങ് രജാവത്ത് രണ്ട് തവണ മാത്രമാണ് കോടതിയില്‍ ഹാജരായതെന്നും അത് കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് അവര്‍ പിന്‍മാറി മുബീന്‍ ഫറൂഖി എത്തിയതെന്നും യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ദീപിക സിങ് രജാവത്തിന് പണം കൊടുത്തൂവെന്ന് ലീഗ് ആരോടും പറഞ്ഞിട്ടില്ല. ദീപികയ്ക്ക് മൂബീന്‍ ഫറൂഖിയെ അറിയില്ലെന്ന് പറഞ്ഞത് എന്തുകൊണ്ടെന്ന് അറിയില്ല. കേസില്‍ മുബീന്‍ ഫറൂക്കിക്കൊപ്പം ഹാജരാവാന്‍ ദീപിക വീണ്ടും ആവശ്യപ്പെടുന്നതിന്റെ വോയ്‌സ് റെക്കോര്‍ഡ് ഉള്‍പ്പടെ പുറത്ത് വിട്ടാണ് കഴിഞ്ഞ ജിവസം യൂത്ത് ലീഗ് വാര്‍ത്താസമ്മേളനം സംഘടിപ്പിച്ചത്.
യൂത്ത് ലീഗ് ദേശീയ ട്രഷറര്‍ ഉള്‍പ്പെടുന്നവരുടെ ജോയിന്റ് അക്കൗണ്ടിലാണ് ഫണ്ട് ലഭിച്ചത്. അദ്ദേഹം നിലവില്‍ അസുഖവുമായി ബന്ധപ്പെട്ട് വിശ്രമത്തിലാണ്. തിരിച്ചെത്തിയാല്‍ ഉടന്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പുറത്തു വിടുമെന്നും സി.കെ സുബൈര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ദീപികയെ തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണ് രാവിലെ അങ്ങനെയൊരു സ്റ്റേറ്റ്‌മെന്റ് വരാന്‍ കാരണമായത്. കേസുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളില്‍ നിന്ന് പിന്മാറണമെന്നും അത് കേസ് നടത്തിപ്പിനെ ബാധിക്കുമെന്നും സി.കെ സുബൈര്‍ സൂചിപ്പിച്ചു.
കത്വാ കേസിപ്പോള്‍ ഏറെ നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. പ്രതികള്‍ അപ്പീലുമായി മുന്നോട്ട് വരാന്‍ പോവുകയാണ്. ഈയൊരു സാഹചര്യത്തില്‍ കെ.ടി ജലീലിനെ പോലുള്ളവര്‍ അനാവശ്യ വിവാദവുമായി വരുന്നത് കേസിനെ സാരമായി ബാധിക്കും. ഇത് ആര്‍ക്കാണ് ഗുണം ചെയ്യുക എന്നത് ചിന്തിക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തുടക്കത്തില്‍ ഒരു കോടി രൂപ പിരിച്ചെടുത്തുവെന്നാണ് പറഞ്ഞത്. അതിന് മറുപടി നല്‍കിയതോടെ അതില്‍ നിന്ന് പിന്‍മാറി. പിന്നെ മുബീന്‍ ഫറൂഖിയെന്ന വക്കീലേ ഇല്ലെന്ന് പറഞ്ഞു. അദ്ദേഹം കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തതോടെ ആ ആരോപണത്തില്‍ നിന്നും പിന്‍മാറി.
തുടര്‍ന്നാണ് മുബീന്‍ ഫറൂഖിയെ അറിയില്ലെന്ന ദീപികയുടെ മറുപടി ആയുധമാക്കി എടുത്തത്. അതിനും മറുപടി നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി രാജ്യം ഉറ്റുനോക്കുന്ന ഒരു കേസിനെതിരെ അനാവശ്യ വിവാദവുമായി വരുന്നതില്‍ നിന്നും കെ.ടി ജലീല്‍ പിന്മാറണമെന്നും യൂത്ത് ലീഗ് പറഞ്ഞു.
"
https://www.facebook.com/Malayalivartha
























