സമ്പൂർണ ലോക്ക്‌ഡൗണിന് ഇന്ന് ഒരാണ്ട്; രാജ്യം വീണ്ടും കോവിഡ് വ്യാപന ഭീതിയിൽ, രണ്ടാം തരംഗമെന്ന് ആരോഗ്യ മന്ത്രാലയം; ഇനിയുമൊരു ലോക്ക്ഡൗണിന് സാധ്യതയോ?

കൊവിഡ് വ്യാപനം തടയാൻ രാജ്യത്ത് സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. 2020 മാർച്ച് 23നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യവ്യാപക അടച്ചിടൽ പ്രഖ്യാപിച്ചത്. അടച്ചിടലിന് ഒരു വർഷമാകുമ്പോൾ രാജ്യം കൊവിഡിന്റെ രണ്ടാം വ്യാപന ഭീതിയിലാണ്.
ആദ്യ അടച്ചിടൽ 21 ദിവസത്തേക്കായിരുന്നു പ്രഖ്യാപിച്ചത്. പിന്നീട് മേയ് മൂന്നിലേക്കും പതിനേഴിലേക്കും മുപ്പത്തിയൊന്നിലേക്കും നീണ്ടു. അതോടൊപ്പം തന്നെ രാജ്യത്ത് മാസ്ക് നിർബന്ധമാക്കിയിരുന്നു.
ജൂൺ മുതൽ ചെറിയ ഇളവുകൾ നൽകി. ഏഴ് ഘട്ടമായി ഡിസംബർ വരെ അൺലോക്ക് തുടർന്നു. നിയന്ത്രണങ്ങൾ ലഘൂകരിച്ചെങ്കിലും വിമാന, റെയിൽ സർവീസുകൾ ഇനിയും സാധാരണ നിലയിലായിട്ടില്ല.
ജനതാകർഫ്യൂ ജനങ്ങൾ വലിയ വിജയമാക്കി. അതിന് ജനങ്ങളോട് നന്ദി പറയുന്നു. എന്ത് സങ്കടമുണ്ടായാലും അതിനെ ഇന്ത്യക്കാർ ഒന്നിച്ച് നേരിടുമെന്ന് തെളിയിച്ചു. ലോകത്തെമ്പാടും കൊറോണവൈറസ് ഒരു മഹാമാരിയായി പടരുന്നത് നമ്മൾ മാധ്യമങ്ങളിലൂടെ കാണുകയാണല്ലോ.
പല വികസിത രാജ്യങ്ങളും ഇതിന് മുന്നിൽ നിസ്സഹായരായി നിൽക്കുന്നതും നമ്മൾ കാണുന്നതാണ്. അവരുടെ പക്കൽ ഇതിനെ നേരിടാൻ വേണ്ട സൗകര്യങ്ങളില്ലാഞ്ഞിട്ടല്ല. എന്നിട്ടും വൈറസ് പടർന്നു പിടിക്കുകയാണ്. അതിനാൽ ജനങ്ങൾ സാമൂഹിക അകലം പാലിക്കുക എന്നല്ലാതെ ഇതിനെ തടയാൻ വേറെ വഴിയില്ലായെന്നും പ്രധാനമന്ത്രി അന്ന് പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ, രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വീണ്ടും ഉയരുകയാണ്. ഇന്നലെ ഇന്ത്യയിൽ 46,951 പേർക്കാണ് കൊവിഡ് സ്ഥീരീകരിച്ചത്. കഴിഞ്ഞ നവംബർ ഏഴിന് ശേഷം ഉണ്ടാകുന്ന ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണിത്.
കഴിഞ്ഞ ഒരാഴ്‌ചയായി കൊവിഡ് രോഗവ്യാപനത്തിൽ വൻ കുതിച്ചുകയറ്റമാണ് ഉണ്ടാകുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് കൊവിഡ് കാര്യമായി കുറഞ്ഞശേഷം വൻ വർദ്ധനയുണ്ടായത് പരിഗണിക്കുമ്പോൾ, നിലവിലേത് രണ്ടാം തരംഗമായി കരുതാമെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്.
https://www.facebook.com/Malayalivartha
























