പത്തു വർഷത്തിനകം ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറും ; ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസിന്റെ റിപ്പോർട്ട് പുറത്ത്

പത്തു വർഷത്തിനകം ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസിന്റെ റിപ്പോർട്ട്. എന്നാൽ കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയാൽ മുമ്പ് കണക്കാക്കിയിരുന്നതിനെക്കാൾ മൂന്നുവർഷത്തെ അധിക സമയം കൂടി ഇതിനു വേണ്ടിവരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
2017-ൽ നടത്തിയ അനുമാനത്തിൽ 2028-ൽ ഇന്ത്യ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ലോകത്തിൽ മൂന്നാമതെത്തുമെന്നായിരുന്നു ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് പറഞ്ഞത്. പക്ഷേ പുതിയ സാഹചര്യത്തിൽ 2031-32 സാമ്പത്തിക വർഷം മാത്രമേ അതിനു സാധ്യതയുള്ളൂ. ശരാശരി ആറുശതമാനം വളർച്ചനിരക്ക്, അഞ്ചു ശതമാനം പണപ്പെരുപ്പം, രണ്ടു ശതമാനം മൂല്യശോഷണം എന്നിങ്ങനെയാണ് പുതിയ അനുമാനത്തിന് മാനദണ്ഡമായി കണക്കാക്കുന്നത്.
നിലവിൽ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ലോകത്തിൽ ആറാമതാണ് ഇന്ത്യയുള്ളത് . 2017-ലെ റിപ്പോർട്ടിൽ ഒമ്പതു ശതമാനം വളർച്ചയായിരുന്നു കണക്കാക്കിയിരുന്നത്. എന്നാൽ, 2014 മുതൽ ഇതുവരെയുള്ള കണക്കനുസരിച്ച് ശരാശരി വളർച്ചനിരക്ക് 6.5 ശതമാനം മാത്രമാണ്. അതുകൊണ്ടാണ് ശരാശരി വളർച്ചനിരക്ക് ആറു ശതമാനമായി പുതിയ റിപ്പോർട്ടിൽ നിശ്ചയിക്കാൻ തീരുമാനിക്കുകയായിരുന്നു.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്നത് പണപ്പെരുപ്പ ഭീഷണി ഉയർത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബാരലിന് നൂറു ഡോളറിൽ കൂടുതൽ വന്നാൽ സ്ഥിതി വഷളാകുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള പ്രവചനങ്ങൾ നേരത്തെയും ചില സ്ഥാപനങ്ങൾ നടത്തിയിരുന്നു. ഇന്ത്യൻ സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തിൽ കരകയറുന്നുവെന്നും ഈ സാഹചര്യത്തിൽ നിരക്ക് കുറയ്ക്കൽ നടപടികൾ റിസർവ് ബാങ്ക് ഉടൻ അവസാനിപ്പിച്ചേക്കുമെന്നും ആഗോള ഫൊർകാസ്റ്റിങ് സ്ഥാപനമായ ഓക്സ്ഫഡ് എക്കണോമിക്സ് നേരത്തെ അറിയിച്ചിരുന്നു.
സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ നാണയപ്പെരുപ്പം ആറ് ശതമാനത്തിന് മുകളിൽ ആയിരിക്കുമെന്നും അതിനാൽ ഡിസംബറിലെ സാമ്പത്തിക അവലോകന യോഗത്തിനുശേഷം ആർബിഐ നിരക്കുകൾ മാറ്റംവരുത്താതെ നിലനിർത്തിയേക്കുമെന്നും അവർ വിലയിരുത്തുന്നു.
ഉപഭോക്തൃ വിലക്കയറ്റം ഒക്ടോബറിൽ വൈറസ് ബാധ രൂക്ഷമാകുന്നതിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലെത്തി. ഇന്ധനം ഒഴികെയുള്ളവയ്ക്കെല്ലാം വില ഉയരുകയാണ്. നാലാം പാദവർഷത്തിൽ വിലക്കയറ്റം മൂർധന്യത്തിൽ എത്തിയേക്കാം. എന്നാൽ, വിലക്കയറ്റം തുടരുന്നതിൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഓക്സ്ഫഡ് എക്കണോമിക്സ് പറയുന്നു.
https://www.facebook.com/Malayalivartha
























