ഓരോരുത്തരായി മരണത്തിലേക്ക് താഴുന്നത് കണ്ട ഞെട്ടല്‍ മാറാതെ ജീവിതത്തിനും മരണത്തിനുമിടക്ക് നടുകടലില്‍ ഒമ്പത് മണിക്കുര്‍, ബാർജ് ദുരന്തത്തിന്റെ നടുക്കുന്ന ഓർമകളുമായി അനില്‍ വയ്ച്ചാല്‍

മീറ്ററുകളോളം ഉയരത്തിലേക്ക് തിരമാലകള്‍ ഉയര്‍ന്നും ഇളകി മറിഞ്ഞും പ്രക്ഷുബ്ധമായ കടല്‍. അറ്റം മുറിയാതെ കാഴ്ച നീണ്ടുപോകുന്ന അനന്തത ചുറ്റിലും. മരണം വായ് തുറന്നു വെച്ചതുപോലെ കലങ്ങി മറഞ്ഞ ആകാശം... ജീവിതത്തിലേക്ക് തിരിച്ചു കയറാമെന്ന മോഹത്തിന് ഒരു സാധ്യതയുമുണ്ടായിരുന്നില്ല.
എന്നിട്ടും ജീവിതത്തിലേക്കും കുടുംബത്തിലേക്കും തിരിച്ചു വരുമെന്ന് തന്നെ അദ്ദേഹം കരുതി, നിലയില്ലാ കടലില്‍ ഓളങ്ങള്‍ക്കിടയില്‍ കലങ്ങി മറിയുന്നതിനിടെ കൂട്ടുകാരെ അങ്ങനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍, കൂടെയുള്ള പലരും മരണത്തിലേക്ക് താഴ്ന്നു പോയ ശേഷം അദ്ഭുതകരായി അയാള്‍ ജീവിതത്തിലേക്ക് പിടിച്ചു കയറി വന്നു.
മേയ് 17 ന് ടൗട്ടെ ചുഴലിക്കാറ്റില്‍ തകര്‍ന്നു പോയ ബാര്‍ജിലുണ്ടായിരുന്ന മഹാരാഷ്ട്രക്കാരന് അനില്‍ വയ്ച്ചാലിന്റെ വിവരണങ്ങള്‍ ശ്വാസമടക്കി പിടിച്ചേ ആര്‍ക്കും കേട്ടിരിക്കാനാകൂ. മരണത്തെ കൺമുമ്പിൽ കണ്ട് നടുകടലില്‍ പൊങ്ങിയയും താഴ്ന്നും ഒമ്പത് മണിക്കൂറാണ് അയാള്‍ പിടിച്ചു നിന്നത്. 40 കാരനായ അനില്‍ ആഫ്കോണ്‍സ് ഇന്ഫ്രസ്ട്രക്ച്ചറിലെ മെക്കാനിക്കല്‍ എഞ്ചിനീയറാണ്.
ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്റെ (ഒ.എന്‍.ജി.സി) കരാറുണ്ടായിരുന്ന ആഫ്കോണ്സിന്റെ ബാര്‍ജ് ആണ് ടൗട്ടെ ചുഴലിക്കാറ്റില്‍ തകര്‍ന്നത്. അപകട സമയത്ത് 261 ആളുകളുണ്ടായിരുന്നു ആ ബാര്‍ജില്‍. അതില്‍ 51 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 24 പേരെ കുറിച്ച് ഇപ്പോഴും വിവരങ്ങളൊന്നുമില്ല. ഇന്ത്യന്‍ നേവിയുടെ കപ്പല്‍ രക്ഷപ്പെടുത്തിയവരില്‍ ഒരാളാണ് അനില്‍ വയ്ച്ചാല്‍.
'ആ ഒമ്പത് മണിക്കൂര്‍ ഒരു ജീവിതായുദ്ദമായാണ് തോന്നിയത്' - ബാര്‍ജ് തകര്‍ന്ന കടലില്‍ ഒഴുകിയതിനെ കുറിച്ച് അനില്‍ പറയുന്നു. 'പ്രതീക്ഷക്ക് ഒരു വകയും ഉണ്ടായിരുന്നില്ലെങ്കിലും രക്ഷപ്പെടുമെന്ന് തന്നെ എനിക്ക് തോന്നി. വെള്ളത്തില്‍ മുങ്ങിയും താഴ്ന്നും ഒഴുകുന്നതിനിടയിലും കൂടെയുള്ളവരെയും അങ്ങനെ വിശ്വസിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു.' -അനില്‍ തുടര്‍ന്നു. മേയ് 17 ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ബാര്‍ജ് കാറ്റിലകപ്പെടുന്നത്.
മുങ്ങുന്നത് ബാര്‍ജില്‍ നിന്ന് കടലില്‍ ചാടി രക്ഷപ്പെടുകയല്ലാതെ അതിലുണ്ടായിരുന്നവര്‍ക്ക് പിന്നീട് മറ്റു മാര്‍ഗങ്ങളുണ്ടായിരുന്നില്ല. വൈകുന്നേരം അഞ്ചു മണിയോടെയാണ് അനിലും കൂടെയുള്ളവരും കടലിലേക്ക് ചാടുന്നത്. പ്രക്ഷൂബ്ധമായ കടലില്‍ രക്ഷകരെയും പ്രതീക്ഷിച്ച് അവര്‍ ഒഴുകിയത് ഒമ്പത് മണിക്കൂറാണ്. അതിനിടയില്‍ ചിലര്‍ മരണത്തിന് കീഴടങ്ങി. ചിലര്‍ എവിടേക്കെന്നറിയാതെ അപ്രത്യക്ഷമായി.
കടലില്‍ ചാടുമ്പോൾ ധരിച്ച ലൈഫ് ജാക്കറ്റുകളില്‍ റിഫ്ലക്റ്ററുകളുണ്ടായിരുന്നു. കലങ്ങി മറിയുന്ന കടലും കാറ്റും മഴയും ചേര്‍ന്ന അന്തരീക്ഷത്തില്‍ ആ റിഫ്ലക്റ്ററുകള്‍ ആരുടെയും ശ്രദ്ധയില്‍ പെടില്ലായിരുന്നു. അതുകൊണ്ട് തന്നെ മുന്നു നാലും വീതം ആളുകള്‍ പരസ്പരം കൈകോര്‍ത്താണ് അവര്‍ കടലില്‍ ഒഴുകാന്‍ ശ്രമിച്ചത്. മൂന്നു നാലു പേര്‍ ഒരുമിച്ചുണ്ടാകുമ്പോൾ ജാക്കറ്റുകളിലെ റിഫ്ലക്റ്ററുകള്‍ മറ്റു കപ്പലുകളുടേയോ രക്ഷാപ്രവര്‍ത്തകരുടെ കാഴ്ചയില്‍ തടയുമെന്നവര്‍ കണക്കുകൂട്ടി.
എന്നാല്‍, പ്രക്ഷുബ്ധമായ കടല്‍ അവരെ ഇളക്കി മറിച്ചുകൊണ്ടിരുന്നു. ഈ ചെറു സംഘങ്ങളെ കടല്‍ ഇളക്കി തെറിപ്പിച്ചു കൊണ്ടിരുന്നു. വീണ്ടും വീണ്ടും അവര്‍ ഒരുമിച്ച് ചേര്‍ന്ന് കൈ ചേര്‍ത്ത് പിടിച്ചു. ഒാരോ തവണ കടല്‍ അവരെ പകുത്തെറിഞ്ഞ ശേഷം അവര്‍ തിരിച്ചു കൂടുമ്പോഴും പലരും അതില്‍ നിന്ന് നഷ്ടപ്പെട്ടു പോകുന്നുണ്ടായിരുന്നു. അതില്‍ പലരും മരണത്തിലേക്ക് തന്നെയാണ് അപ്പോള്‍ താഴ്ന്നു പോയി കൊണ്ടിരുന്നത്.
പുലര്‍ച്ചെ രണ്ടു മണിയോടെ അനിലടക്കമുള്ളവരെ നേവിയുടെ കപ്പലിലുള്ളവര്‍ കണ്ടെത്തുമ്പോൾ മരണത്തിന്റെ വായ്മുഖത്തായിരുന്നു അവര്‍. കപ്പലില്‍ നിന്നെറിഞ്ഞ വലയില്‍ പിടിച്ചു കയറാന്‍ പോലുമാകാത്ത വിധം അവശരായിരുന്നു പലരും. പിടിച്ചു കയറാനുള്ള ശ്രമത്തിനിടെ താഴേക്കും തന്നെ വീണ പലരും പിന്നീട് പൊങ്ങിയതേയില്ല.
അനിലിെന്റ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളില്‍ ഇപ്പോഴും കണ്ടെത്താനാകാത്ത ഒരാള്‍ അങ്ങിനെ പിടിച്ചു കയറുന്നതിനിടെ വീണു പോയതായിരുന്നു. പിടിച്ചു കയറാനുള്ള ശ്രമം അനിലിനും പരാജയപ്പെടുന്നുണ്ട്. ഒടുവില്‍ രക്ഷാ വല ദേഹത്തു ചുറ്റി തന്നെ വലിച്ചു കയറ്റാന്‍ ആവശ്യപ്പെടുകയഗയിരുന്നുവെന്ന് അനില്‍ പറയുന്നു.
'കുടുംബത്തിെന്റ പ്രാര്‍ഥനയും ദൈവത്തിെന്റ സഹായവും തുണയായതു കൊണ്ട് എനിക്ക് ജീവിതത്തിേലക്ക് തിരിച്ചു കയറാനായി എന്ന ആശ്വാസമുണ്ട്. ആ ദിവസം കടലില്‍ എന്നെന്നേക്കുമായി അപ്രത്യക്ഷരായവരുടെ കുടുംബത്തോട് ഞാനെന്തു പറയാം' -അനില്‍ വിതുമ്പുന്നു. 'ഞങ്ങള്‍ ഒരുമിച്ചു ഭക്ഷണം കഴിച്ചവരായിരുന്നു, കഥകള്‍ പറഞ്ഞവരായിരുന്നു, തമാശകള്‍ പങ്കിട്ടവരായിരുന്നു. കൺമുമ്പിലാണ് പലരും മരണത്തിലേക്ക് താഴ്ന്നു പോയത്. ആയുസിലൊരിക്കലും ഞാനിത് മറക്കില്ല, എെന്റ കൂട്ടുകാരെയും' -അനില്‍ പറഞ്ഞു നിര്‍ത്തി.
https://www.facebook.com/Malayalivartha

























