ടൗട്ടേ ചുഴലിക്കാറ്റില്‍പ്പെട്ട് മുങ്ങിപ്പോയ പി-305 ബാര്‍ജ് നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ അറബിക്കടലിന്റെ അടിത്തട്ടില്‍ കണ്ടെത്തി... അപകടത്തില്‍പ്പെട്ട വരപ്രദ എന്ന ടഗ് ബോട്ടിനായുള്ള തിരച്ചില്‍ തുടരുന്നു, 70 മൃതദേഹങ്ങള്‍ കണ്ടെടുത്തു

ടൗട്ടേ ചുഴലിക്കാറ്റില്‍പ്പെട്ട് മുങ്ങിപ്പോയ പി-305 ബാര്‍ജ് നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ അറബിക്കടലിന്റെ അടിത്തട്ടില്‍ കണ്ടെത്തി. അപകടത്തില്‍പ്പെട്ട വരപ്രദ എന്ന ടഗ് ബോട്ടിനായുള്ള തിരച്ചില്‍ തുടരുകയാണ്.
ഇതുവരെ 70 മൃതദേഹങ്ങള്‍ വീണ്ടെടുത്തു. 17 പേരെ ഇനിയും കണ്ടെത്താനുണ്ട്. നാവികസേനയുടെ ഐ.എന്‍.എസ്. മകര്‍ എന്ന കപ്പലിലെ മുങ്ങല്‍ വിദഗ്ധര്‍ സൈഡ് സ്‌കാന്‍ സോണാര്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പി-305 ബാര്‍ജ് കടലിനടിയില്‍ കണ്ടെത്തിയത്.
ബാര്‍ജിന്റെ സമീപത്ത് വിശദമായി പരിശോധന നടത്തിയെങ്കിലും കൂടുതല്‍ മൃതദേഹങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു.
മണ്ണിലുറച്ചുപോയ ഗാല്‍ കണ്ടസ്ട്രക്ടര്‍ എന്ന ബാര്‍ജിനെ കെട്ടിവലിക്കാന്‍ പോയ വരപ്രദ എന്ന ടഗ് ബോട്ട് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഞായറാഴ്ച രാവിലെ ഗുജറാത്തിലെ വല്‍സാഡ് ജില്ലയില്‍ തിഠാല്‍ തീരത്ത് അടിഞ്ഞ രണ്ട് മൃതദേഹങ്ങള്‍ ബാര്‍ജ് അപകടത്തില്‍പ്പെട്ടവരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
തിഠാല്‍, ഡുംഗ്രി ഗ്രാമങ്ങളില്‍ ശനിയാഴ്ച നാല് മൃതദേഹങ്ങള്‍ അടിഞ്ഞിരുന്നു. അഴുകിയ മൃതദേഹങ്ങളിലെ യൂണിഫോമില്‍നിന്നാണ് അവ ബാര്‍ജിലെ തൊഴിലാളികളുടേതാണെന്ന് തിരിച്ചറിഞ്ഞത്. ഇവയടക്കം 70 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയതെന്ന് നാവികസേന അറിയിച്ചു.
അഴുകിയ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിന് ഡി.എന്‍.എ. പരിശോധന നടത്താനുള്ള നടപടികള്‍ മുംബൈ പോലീസ് തുടങ്ങിയിട്ടുണ്ട്. ടഗ് ബോട്ടിലുണ്ടായിരുന്ന 11 പേരുള്‍പ്പെടെ 17 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.
എണ്ണ പര്യവേക്ഷണവും ഖനനവും നടത്തുന്നതിനുവേണ്ടി ഒ.എന്‍.ജി.സിക്കുവേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആഫ്കോണ്‍സ് എന്ന കമ്പനിയുടേതാണ് അപകടത്തില്‍പ്പെട്ട ബാര്‍ജ്. ഇതിലുണ്ടായിരുന്ന 262 പേരും ടഗ് ബോട്ടിലുണ്ടായിരുന്ന 13 പേരുമാണ് അപകടത്തില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha

























