അത്ഭുത മരുന്ന് കഴിച്ച് മിനിറ്റുകള്‍ക്കകം കോവിഡ് ഭേദമായെന്ന് അവകാശപ്പെട്ടയാള്‍ മരിച്ചു; അന്ത്യം ശരീരത്തിലെ ഓക്സിജന്റെ അളവ് താഴ്ന്നതിനെ തുടര്‍ന്ന്

അത്ഭുത മരുന്ന് കഴിച്ച് മിനിറ്റുകള്‍ക്കകം കോവിഡ് ഭേദമായെന്ന് അവകാശപ്പെട്ടയാള്‍ മരിച്ചു. ആന്ധ്രാപ്രദേശ് നെല്ലൂര്‍ സ്വദേശിയായ എന്‍.കോട്ടയ്യയാണ് മരിച്ചത്. റിട്ട. പ്രധാന അധ്യാപകനായിരുന്നു കോട്ടയ്യ. അത്ഭുത ആയുര്‍വേദ മരുന്ന് കഴിച്ച് തനിക്ക് കോവിഡ് ബാധ മിനിട്ടുകള്‍ക്കുള്ളില്‍ ഭേദമായെന്ന് പറഞ്ഞു കൊണ്ട് കോട്ടയ്യ ചെയ്ത് വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
നെല്ലൂരിലെ കൃഷ്ണപ്പട്ടണത്തെ ബോണിഗി ആനന്ദയ്യ നിര്‍മിച്ച ഒരു ഔഷധ മരുന്ന് കണ്ണില്‍ ഇറ്റിച്ചെന്നും ഇതോടെ കോവിഡില്‍ നിന്ന് മോചിതനായെന്നുമായിരുന്നു ഇയാളുടെ അവകാശവാദം. വെള്ളിയാഴ്ച രാത്രിയോടെയാണ് ശരീരത്തിലെ ഓക്സിജന്റെ അളവ് താഴ്ന്നതിനെ തുടര്‍ന്ന് കോട്ടയ്യയെ നെല്ലൂര്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ആരോഗ്യ നില വഷളായതോടെ തിങ്കളാഴ്ച്ച പുലര്‍ച്ചെ ഇദ്ദേഹം മരണപ്പെടുകയായിരുന്നു.
കോട്ടയ്യയുടെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേരാണ് ഈ മരുന്നായി കൃഷ്ണപ്പട്ടണത്ത് എത്തിയത്. കോവിഡ് പ്രോട്ടോകോള്‍ കാറ്റില്‍ പറത്തി വന്‍ ജനക്കൂട്ടമാണ് മരുന്ന് വാങ്ങാനായി തടിച്ചു കൂടിയത്. പിന്നാലെ വ്യാപക വിമര്‍ശനങ്ങള്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു. കോവിഡ് വൈറസ് ബാധ ഭേദമാക്കുമെന്ന പേരില്‍ വിതരണം ചെയ്യുന്ന ആയുര്‍വേദ മരുന്നിന് ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്നും സാമൂഹിക അകലം പാലിക്കാതെയുള്ള ഇത്തരം ആള്‍ക്കൂട്ടങ്ങള്‍ കോവിഡ് വ്യാപനം വര്‍ധിപ്പിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഭവത്തിന് പിന്നാലെ ആനന്ദയ്യയുടെ സഹായികളായ മൂന്ന് പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























