ബംഗാളിൽ ഇനി രാഷ്ട്രീയ യുദ്ധം... മോദിയെ ചൊടിപ്പിച്ച മമതയ്ക്ക് താങ്ങാനാവില്ല ഈ അസ്ത്രം! പൂഴിക്കടകൻ പ്രയോഗിച്ച് കേന്ദ്രം...

അങ്ങനെ ബംഗാൾ രാഷ്ട്രീയം ചരിത്രത്തിൽ ഇടം നേടാൻ ഒരുങ്ങുകയാണ്. എങ്ങനെയാണെന്നല്ലേ, പലവിധ കാര്യകാരണങ്ങളുണ്ട്. പ്രധാനമായി മമതയും ബിജെപിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും രാഷ്ട്രീയ നിലപാടിലുള്ള വൈരുദ്ധ്യവും കൊണ്ട് തന്നെയാണ്.
പിന്നീട് മോദിയുടേയും മമതയുടേയും വാശിയും. ഇത്രയധികം മത്സരബുദ്ധിയോടു കൂടി ഇടപെടുന്ന ഒരു മുഖ്യമന്ത്രി ഒരു പക്ഷേ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിക്കാണില്ല എന്നു വേണം പറയാൻ. കാരണം ഉരുളയ്ക്ക് ഉപ്പേരി എന്നു പറയും വിധം മോദിയോട് കിടപിടിയ്ക്കാൻ കട്ടയ്ക്ക് തന്നെ മമത ഇറങ്ങി തിരിക്കില്ലല്ലോ?
ഒരു സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയ്ക്ക് വേണ്ടി, അതിലുപരി കാലാവധി നീട്ടി നൽകിയ ഒരു ഐഎഎസ് ഉദ്യോഗസ്ഥനു വേണ്ടി ഒരു മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനോട് ഏറ്റുമുട്ടുന്നത് രാജ്യത്ത് ഇതിന് മുന്നേ സംഭവിച്ചിട്ടുണ്ടാകില്ല.
കേന്ദ്രത്തോട് ഏറ്റുമുട്ടി ഇതുവരെ ഒരു ഒരു മന്ത്രിയോ മുഖ്യമന്ത്രിയോ നടത്താത്ത കരുനീക്കങ്ങള്‍ക്കൊടുവിലാണ് ആലാപൻ ബന്ദോപാധ്യായയെ കേന്ദ്രത്തിന് വിട്ടു കൊടുക്കാതെ രാജിവപ്പിച്ച് മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവാക്കി മമത ഞെട്ടിച്ചുവെന്ന് പറഞ്ഞാലും അതിൽ തെറ്റ് പറയാനാകില്ല.
ഒരു പക്ഷേ ഒരു ചീഫ് സെക്രട്ടറിമാര്‍ക്കു വേണ്ടിയും ഒരു മുഖ്യമന്ത്രിയും ഇത്രയും വാശിപിടിച്ചിട്ടുണ്ടാകില്ല. കേന്ദ്രവുമായി ഏറ്റുമുട്ടിയിട്ടും ഉണ്ടാകില്ല. സ്വയം രാജിവെച്ചുകൊണ്ടു ഒരു ഐഎഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ ഉപദേശകനായിട്ടുമുണ്ടാകില്ല. ഇതിൽ മമതയുടെ കൃത്യമായ രാഷ്ട്രീയ അജണ്ട കൂടി വ്യക്തമാവുന്നുണ്ട് എന്നു വേണം പറയാൻ.
ഇന്ത്യയിലെ പ്രബലഭരണ കക്ഷിയായ ബിജെപിയേയും അതിന്റെ അമരക്കാരനായ മോദിയേയും വെല്ലുവിളിക്കുന്നതിലൂടെ രാജ്യത്തിന്റെ പരമാധികാര പദവിയിലേക്ക് എത്തിച്ചേരാം എന്നൊരു ദിവാസ്വപ്നം കൂടി മമത കാണുന്നുണ്ട് എന്നും വേണം മനസ്സിലാക്കാൻ.
പക്ഷേ അത് മലർ പൊടിക്കാരന്റെ സ്വപ്നം പോലെ കൈയ്യിൽ കരുതി വച്ചിരിക്കുന്ന അധികാരം പോലും നഷ്ടമാവുന്ന സാഹചര്യത്തിലേക്ക് നയിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.
ബംഗാള്‍ ചീഫ് സെക്രട്ടറിയായിരുന്ന ആലാപന്‍ ബന്ദോപാധ്യായെ കേന്ദ്രം തിരിച്ചു വിളിച്ചതോടെയാണ് കേന്ദ്രവും മമതയും നേര്‍ക്കുനേര്‍ പോരിനിറങ്ങുന്നത്. ബന്ദോപാധ്യായെ വിട്ടുനല്‍കാനാകില്ലെന്ന് മമതാ പ്രധാനമന്ത്രിക്ക് കത്തെഴുതി.
എന്നാല്‍ അഞ്ച് മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന കര്‍ശന നിര്‍ദ്ദേശം ബന്ദോപാധ്യായക്ക് നല്‍കിയാണ് മമതയ്ക്കുള്ള കത്തിന് കേന്ദ്രം മറുപടി നല്‍കിയത്.
തൊട്ടുപിന്നാലെ ആലാപന്‍ ബന്ദോപാധ്യായ കേന്ദ്രത്തിന്റെ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു കൊണ്ട് ഡല്‍ഹിയിലേക്ക് രാജിക്കത്തയച്ചു. മണിക്കൂറുകള്‍ക്കകം ദീദീ ആലാപനെ തന്റെ മുഖ്യ ഉപദേശകനായി നിയമിക്കുന്ന ചാണക്യ തന്ത്രമാണ് പുറത്തെടുത്തത്.
തൊട്ട് പിന്നാലെ മോദിയുടെ അസ്ത്രം ബംഗാളിൽ വന്നു പതിച്ചിട്ടുണ്ട്. പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും വിട്ടു നിന്ന കാരണത്താൽ ബംഗാള്‍ മുന്‍ ചീഫ് സെക്രട്ടറി ബന്ധോപാദ്ധ്യായ്‌ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട യോഗത്തില്‍ നിന്നും വിട്ട് നില്‍ക്കുന്നത് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിനെ എന്തുകൊണ്ട് മുന്‍കൂട്ടി അറിയിച്ചില്ലെന്നാണ് നോട്ടീസില്‍ പ്രധാനമായി ചോദിച്ചിരിക്കുന്നത്.
അച്ചടക്ക നടപടികളുടെ ഭാഗമായി ഇദ്ദേഹത്തിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്നും സൂചന ലഭിക്കുന്നുണ്ട്. ഉപദേഷ്ടാവായി ഇനി തുടരുവാനാകുമോ എന്ന കാര്യം ഇപ്പോൾ തുലാസിലായിരിക്കുകയാണ്.
ദുരന്തനിവാരണ നിയമം 51 ബി വകുപ്പ് പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ ബന്ധോപാദ്ധ്യായ്‌ക്കെതിരെ നോട്ടീസ് അയച്ചത്. ഒരു കൊല്ലം വരെ തടവ് ലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്.
ചീഫ് സെക്രട്ടറി പദവിയുടെ സര്‍വീസ് കാലാവധി അവസാനിച്ച ശേഷവും ബംഗാളില്‍ തന്നെ തുടര്‍ന്ന ബന്ധോപാദ്ധ്യായെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചു വിളിച്ചിട്ടും ഹാജരായിരുന്നില്ല.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം പാലിക്കാതിരിക്കുകയും സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കുകയും ചെയ്തതിന്റെ പേരില്‍ നടപടി എടുക്കാതിരിക്കാനുള്ള കാരണം കാണിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സര്‍വീസില്‍ നിന്ന് വിരമിച്ചാലും നാലു വര്‍ഷം വരെ ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനാകും എന്നതാണ് നിയമം. ഇത് പ്രകാരമാണ് കേന്ദ്രം ഇപ്പോൾ നടപടി കൈക്കൊണ്ടിരിക്കുന്നത്.
ഈ ഉദ്യോഗസ്ഥനെ വിട്ടുകൊടുക്കാതിരിക്കാനാണ് മമതാ ബാനര്‍ജി അരയും തലയും മുറുക്കി പോരിനിറങ്ങിയത്. ആലാപനെ വിട്ടുതരാനാകില്ലെന്ന് പറഞ്ഞ് മമത നരേന്ദ്രമോദിക്കയച്ച കത്തില്‍ പറഞ്ഞുവെച്ചതും അതാണ്.
യാസ് ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞ ബംഗാളില്‍ നിന്ന് ഇപ്പോള്‍ ആലാപനെ വിട്ടുതരാനാകില്ല. ഒരു ഉദ്യോഗസ്ഥന് ഒരു മുഖ്യമന്ത്രിയുടെ ആശ്വാസവും ആത്മവിശ്വാസവും ഒക്കെയാകാന്‍ എങ്ങനെയൊക്കെ കഴിയുമെന്ന് ആലാപന്‍ ബന്ദോപാധ്യായ തന്റെ 34 വര്‍ഷത്തെ സര്‍വ്വീസിലൂടെ പറഞ്ഞു തരുന്നുണ്ട്.
യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍നിന്ന് മമത വിട്ടുനിന്നതിന് പിന്നാലെയാണ് ബംഗാള്‍ ചീഫ് സെക്രട്ടറിയെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുവിളിക്കുന്ന സാഹചര്യമുണ്ടായത്. അവലോകന യോഗത്തില്‍ നിന്ന് വിട്ടുനിന്ന മമത ഹെലിപ്പാഡിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
തുടര്‍ന്ന് മറ്റൊരു യോഗത്തില്‍ പങ്കെടുക്കാന്‍ അവര്‍ പോകുകയും ചെയ്തു. മമതയുടെ പെരുമാറ്റത്തില്‍ കടുത്ത വിമര്‍ശമുന്നയിച്ച് തൊട്ടുപിന്നാലെ കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ രംഗത്തെത്തിയിരുന്നു.
ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുവരെ ഒരു മുഖ്യമന്ത്രിയും ഒരു പ്രധാനമന്ത്രിയോട് ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടാവില്ലെന്ന് അവര്‍ കുറ്റപ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ബംഗാള്‍ ചീഫ് സെക്രട്ടറിയെ തിരിച്ചുവിളിച്ചത്.
ചീഫ് സെക്രട്ടറിയെ ഡല്‍ഹിക്ക് അയക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മമത കത്തയച്ചിരുന്നു. വിരമിക്കാനിരുന്ന ബന്ദോപാധ്യായയ്ക്ക് മൂന്ന് മാസത്തേക്ക് മമത സര്‍ക്കാര്‍ സര്‍വീസ് നീട്ടി നല്‍കിയിരുന്നു. അതിനിടയിലാണ് കേന്ദ്രം അദ്ദേഹത്തെ തിരിച്ചു വിളിച്ചത്.
സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ ബന്ദോപാധ്യായയെ കേന്ദ്രത്തിലേക്ക് അയക്കാനുള്ള നിര്‍ദ്ദേശം പാലിക്കില്ലെന്ന് മമത വ്യക്തമാക്കിയിരുന്നു. ബന്ദോപാധ്യായ വിരമിച്ച ഒഴിവില്‍ എച്ച്.കെ ദ്വിവേദി പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റുവെന്നും മമത അറിയിച്ചു.
ഇതിൽ രോക്ഷം കത്തി നിന്ന മോദി സർക്കാർ അടുത്തതായി ഏത് തരത്തിലാകും അടുത്ത നീക്കം എന്നത് രാജ്യമാകാമാനം ഉറ്റ് നോക്കിയിരുന്നതാണ്.
ഇപ്പോൾ ഇത്തരത്തിൽ ഒരു തിരിച്ചടി കിട്ടിയിരിക്കുന്നത് ആലാപനല്ല മറിച്ച് മമതയ്ക്ക് തന്നെയാണ്. എന്തെന്നാൽ മമതയുടെ തീരുമാന പ്രകാരം പ്രവർത്തിക്കുന്ന ഒരാളായിരുന്നു അദ്ദേഹം. ഇപ്പോൾ കിട്ടിയ പ്രഹരത്തിന് മമത ഇനി എങ്ങനെ തിരിച്ചടിക്കും എന്നത് ഉറ്റു നോക്കുകയാണ് രാജ്യമിപ്പോൾ...
https://www.facebook.com/Malayalivartha

























