പരോള്‍ അനുവദിച്ചിട്ടും സ്വീകരിക്കാന്‍ മടിച്ച് ജയില്‍ പുള്ളികള്‍; അകത്ത് കഴിയുന്നത് തന്നെ സുരക്ഷിതം

കോവിഡ് രണ്ടാംതരംഗം പതിയെ ശക്തി കുറയുകയാണെങ്കിലും ഭീതിയില്‍ നിന്ന് മുക്തരായിട്ടില്ല ആരും. മാസങ്ങള്‍ക്കുള്ളില്‍ തന്നെ കോവിഡിന്‍റെ മൂന്നാംതരംഗം വരാനുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍, പ്രത്യേക പരോള്‍ അനുവദിച്ചിട്ടും ജയില്‍ വിട്ടു പോകാന്‍ തടവുപുള്ളികള്‍ മടികാണിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ജയിലുകളിലെ തടവുപുള്ളികളുടെ എണ്ണം കുറക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. മഹാരാഷ്ട്രയിലെ 46 ജയിലുകളില്‍ നിന്ന് മാത്രമായി 10,000ത്തോളം തടവുകാരാണ് അടിയന്തര പരോളില്‍ പുറത്തിറങ്ങിയത്.
എന്നാല്‍, ഇപ്പോള്‍ പല തടവുപുള്ളികള്‍ക്കും പുറത്തേക്ക് പോകാന്‍ താല്‍പര്യമില്ല. 26 തടവുകാര്‍ അടിയന്തര പരോള്‍ നിരസിച്ചിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. കോവിഡും ലോക്ഡൗണും ഒക്കെക്കൂടിയ സാഹചര്യത്തില്‍ പുറത്തുപോകാന്‍ താല്‍പര്യമില്ലാത്തവരാണ് ഇവര്‍. തടവുകാരെ പരോളില്‍ പോകാന്‍ നിര്‍ബന്ധിക്കരുതെന്ന് കഴിഞ്ഞ മാസം ബോംബെ ഹൈകോടതി ജയില്‍ വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു.
യു.പിയില്‍ ഒമ്പത് ജയിലുകളിലെ 21 തടവുകാര്‍ തങ്ങള്‍ക്ക് പരോള്‍ വേണ്ടെന്നും പുറത്തു പോകുന്നതിനെക്കാള്‍ നല്ലത് ജയിലാണെന്നും എഴുതി നല്‍കിയിരിക്കുകയാണ്. ജയിലില്‍ കൃത്യമായ ഭക്ഷണം,
ആരോഗ്യ പരിശോധനകള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവയെല്ലാം തടവുകാര്‍ക്ക് ലഭിക്കുന്നുണ്ട്. പുറത്തിറങ്ങിയാല്‍ ഇതൊന്നും ലഭിക്കാത്ത സാഹചര്യമാണ്. ഇതാണ് പലരും പുറത്തുപോകാന്‍ മടി കാണിക്കുന്നതിന് പിന്നിലെന്ന് ജയില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലും ജയിലുകളില്‍ കോവിഡ് വ്യാപനമുള്ള സാഹചര്യത്തില്‍ ആവശ്യപ്പെടുകയാണെങ്കില്‍ അര്‍ഹതയുള്ള തടവുകാര്‍ക്ക് രണ്ടാഴ്ച പരോള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ക്രൂരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് പരോള്‍ അനുവദിക്കില്ല.
കഴിഞ്ഞ വര്‍ഷവും കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചിരുന്നു. പലതവണ ഇത് നീട്ടി നല്‍കുകയും ചെയ്തു. എന്നാല്‍ പല തടവുകാരും മടങ്ങിയെത്താന്‍ വൈകിയത് പ്രശ്നം സൃഷ്ടിച്ചിരുന്നു. കണ്ണൂര്‍, കാക്കനാട് തുടങ്ങിയ ജയിലുകളില്‍ നടത്തിയ പരിശോധനകളില്‍ നിരവധിപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha

























