സിപിഎം പിബി യോഗം ഇന്ന് തുടങ്ങും, അരുവിക്കരയിലെ പരാജയം ചര്‍ച്ചയായേക്കുമെന്ന് സൂചന

സിപിഎം പിബി യോഗം ഇന്ന് തുടങ്ങും. അരുവിക്കരയില്‍ സിപിഎമ്മിനേറ്റ കനത്ത പരാജയം പിബിയോഗത്തില്‍ ചര്‍ച്ചയായേക്കുമെന്ന് സൂചന. എന്നാല്‍ ബിഹാര്‍ തെരഞ്ഞെടുപ്പും കേന്ദ്ര സര്‍ക്കാരിനെതിരായ പ്രക്ഷോഭവും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ച് ചര്‍ച്ചചെയ്യാനാണ് സി.പി.എം. പോളിറ്റ് ബ്യൂറോ ഇന്നും നാളെയും ഡല്‍ഹിയില്‍ ചേരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. അരുവിക്കര ഉപതെരഞ്ഞെടുപ്പു പരാജയം വിശദചര്‍ച്ചയ്ക്ക് വിധേയമാക്കില്ല. സംസ്ഥാന സെക്രട്ടേറിയേറ്റ് ഇക്കാര്യം വിശദമായി ചര്‍ച്ചചെയ്തശേഷമേ പി.ബി. പരിഗണിക്കുകയുള്ളൂവെന്നാണു സൂചന.
ലളിത് മോഡി വിവാദത്തില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പ്രക്ഷോഭം ശക്തമാക്കുമെന്നു പ്രഖ്യാപിച്ച സാഹചര്യത്തില്‍ എന്തു നിലപാട് കൈകൊള്ളണമെന്നു പി.ബി. തീരുമാനിക്കും. 21 നാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നത്. ബിഹാറില്‍ ഇടതുകക്ഷികള്‍ തനിച്ചു മത്സരിക്കുന്ന സാഹചര്യത്തില്‍ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ മാത്രമാകും സ്ഥാനാര്‍ഥികളെ നിര്‍ത്തുക. മറ്റു മണ്ഡലങ്ങളില്‍ ആര്‍ക്കു വോട്ട് നല്‍കണമെന്ന കാര്യത്തിലും തീരുമാനമുണ്ടാകും.
കേന്ദ്ര സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പി.ബി. ചര്‍ച്ചചെയ്യും. കേന്ദ്രവിരുദ്ധ പ്രക്ഷോഭത്തിന് ഈ 20ന് തുടക്കമാകും. ഓഗസ്റ്റ് 11 മുതല്‍ 14 വരെ നീളുന്ന ദേശീയ പ്രക്ഷോഭ പരിപാടികള്‍ക്കും സി.പി.എം തീരുമാനിച്ചിട്ടുണ്ട്. ഇതു സംസ്ഥാനതലങ്ങളില്‍ വിജയിപ്പിക്കേണ്ടതിനെക്കുറിച്ചും പ്രവര്‍ത്തന പരിപാടികളെക്കുറിച്ചും പി.ബി. ചര്‍ച്ച ചെയ്യും.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം സി.പി.എം. രൂപം നല്‍കിയ മൂന്നു സമിതികള്‍ തയാറാക്കിയ റിപ്പോര്‍ട്ടുകളിലും ചര്‍ച്ചയുണ്ടാകും.
കര്‍ഷകര്‍, ഇടത്തട്ടുകാര്‍, തൊഴിലാളികള്‍ എന്നീവിഭാഗങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുന്നതാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് അന്തിമ അനുമതി നല്‍കുന്നത് അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തിലായിരിക്കുമെങ്കിലും കരട് തയാറാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച ഇന്നത്തെ യോഗത്തില്‍ നടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























