ഹര്‍ദിക് പട്ടേലിനെതിരെ പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു

പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനെതിരെ പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. സൂററ്റില്‍ ഒക്ടോബര്‍ മൂന്നിന് നടന്ന യോഗത്തില്‍ പൊലീസുകാരെ കൊല്ലാന്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്നാണിത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് മത്സരം തടസപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പട്ടേലിനെ ഞായറാഴ്ച അറസ്റ്റു ചെയ്തിരുന്നു.
പട്ടേല്‍ സമുദായത്തിന് സംവരണം ലഭിക്കുന്നതിനായുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി ആത്മഹത്യ ചെയ്യാനും തയ്യാറാണെന്ന് സൂററ്റിലെ വിപുല്‍ ദേശായ് എന്ന യുവാവ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, പട്ടേലുകാര്‍ അല്ല മരിക്കേണ്ടതെന്ന് ഹര്‍ദിക് പറഞ്ഞു.
നിങ്ങള്‍ക്ക് അത്രയ്ക്ക് ധൈര്യമുണ്ടെങ്കില്‍ പോയി അഞ്ചു പൊലീസുകാരെ കൊല്ലൂ. പട്ടേലുമാര്‍ ഒരിക്കലും ആത്മഹത്യ ചെയ്യാറില്ല ഇതായിരുന്നു ഹര്‍ദികിന്റെ മറുപടി.
എന്നാല്‍, പ്രസ്താവന വിവാദമായതോടെ ഹര്‍ദിക് വിശദീകരണവുമായി രംഗത്തെത്തി. പൊലീസുകാരെ കൊല്ലണമെന്നല്ല താന്‍ ആഹ്വാനം ചെയ്തതെന്നും ആത്മഹത്യയില്‍ നിന്ന് യുവാവിനെ പിന്തിരിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ഹര്‍ദികിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഗുജറാത്തിലെ വിവിധ സ്ഥലങ്ങളില്‍ അക്രമം ഉണ്ടായി. മോര്‍ബി ജില്ലയില്‍ പ്രക്ഷോഭകര്‍ സംസ്ഥാന സര്‍ക്കാരിന്റെ ബസിന് തീവച്ചു. ബര്‍ദോളിയിലും സൂററ്റിലും അക്രമങ്ങള്‍ അരങ്ങേറി. സൂററ്റില്‍ ദേശീയപാത 8 ഉപരോധിക്കാന്‍ ശ്രമിച്ച പട്ടേല്‍ വിഭാഗം നേകാവ് അല്‍പേഷ് കതാരിയ അടക്കം പതിനേഴ് പേരെ പൊലീസ് അറസ്റ്റു ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























