മോഡി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ആന്റണി, ഉത്തരേന്ത്യയില്‍ ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്

നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി രംഗത്ത്. 17 മാസം മുന്‍പ് ഡല്‍ഹിയില്‍ ഉദിച്ചത് ധൂമകേതുവായിരുന്നുവെന്നും ഉത്തരേന്ത്യയില്‍ ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ആന്റണി ഇക്കാര്യം വ്യക്തമാക്കിയത്.
ബിജെപി സര്‍ക്കാരിന്റെ ഭരണം ജനങ്ങളുടെ മനസില്‍ ഭയം നിറച്ചിരിക്കുകയാണ്. എന്തു കഴിക്കണമെന്നും എഴുതണമെന്നും തീരുമാനിക്കുന്നത് ബിജെപിയാണ്. കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണ്. വൈവിധ്യങ്ങളെ അംഗീകരിക്കുന്ന മഹാത്മാഗാന്ധിയുടെ ഇന്ത്യ എവിടെയാണ്. ഇന്ത്യയുടെ ഇപ്പോഴത്തെ പോക്ക് അപകടത്തിലേക്കാണെന്നും മതേതരത്വവും സഹിഷ്ണുതയും നഷ്ടമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ സമാധാനത്തിനും വികസനത്തിനും ഭരണത്തുടര്‍ച്ച അത്യാവശ്യമാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മുഖം വികസനത്തിന്റെയും അനുകമ്പയുണ്‌ടേതുമാണ്. വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സെമിഫൈനല്‍ മാത്രമാണ്. ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ബിജെപി പോലുള്ള പാര്‍ട്ടികള്‍ പുറത്താകും.
ഫൈനല്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലായിരിക്കും. ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂ. വടക്കേ ഇന്ത്യയില്‍ മേല്‍വിലാസം പോലുമില്ലാത്ത പാര്‍ട്ടിയാണ് ഇടതുപക്ഷം. അവര്‍ക്ക് ബിജെപിയെ ചെറുക്കാനാകില്ല. ക്രമസമാധാനത്തിന്റെ കാര്യത്തില്‍ കേരളം വളരെ മുന്നിലാണെന്നും എ.കെ.ആന്റണി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























