മോദിയും ഷായും മുന്നേ അറിഞ്ഞു! കര്‍ണാടക താമരയെ കൈവിട്ടെന്ന്....

കര്‍ണാടകത്തില്‍ ബിജെപി അതിദയനീയമായി തോല്‍ക്കുമെന്ന് ബിജെപിയില്‍ രണ്ടു നേതാക്കള്‍ക്ക് കൃത്യമായി അറിയാമായിരുന്നു. അത് മറ്റാര്‍ക്കുമായിരുന്നില്ല പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമായിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ റോഡ് ഷോ നടത്താനും ലക്ഷക്കണക്കിന് രൂപയ്ക്ക് ജമന്തിയും ബന്തിയും വാങ്ങി പൂവാരി എറിയാനും മോദി കന്നടയില്‍ എത്തിയത് തോല്‍ക്കും എന്ന് കൃത്യമായി അറിഞ്ഞുകൊണ്ടാണ്.
മോദിക്കുവേണ്ടി അമിത് ഷാ നിയോഗിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെല്ലാം കര്‍ണാടകത്തില്‍ ഭരണം പോകുമെന്ന വ്യക്തമായ സൂചനകളാണ് ഇരുവര്‍ക്കും ലഭിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പു മുതല്‍ ആറു തവണ കര്‍ണാടകത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗള്‍ കര്‍ണാടകത്തിലെ ഓരോ ജില്ലയിലും ഓരോ താലൂക്കിലും ഓരോ പഞ്ചായത്തിലും എന്നല്ല വാര്‍ഡുതലം മുതല്‍ ജനഹിതം ആരാഞ്ഞുകൊണ്ടാണിരുന്നത്. കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ നടത്തിയ അഴിമതി മാത്രമല്ല രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ അയോഗ്യനാക്കിയ നടപടി ബഹുഭൂരിപക്ഷം വോട്ടര്‍മാരിലും അമര്‍ഷത്തിന് ഇടയാക്കിയ എന്ന റിപ്പോര്‍ട്ട് മോദിയും അമിത് ഷായും ആശങ്കയോടെയാണ് അറിഞ്ഞുകൊണ്ടിരുന്നത്.
റിപ്പോര്‍ട്ടുകള്‍ ഇതായിരിക്കെയും ജനഹിതം മാറ്റിമറിക്കാവുന്ന വിധം ബിജെപിക്ക് മുന്‍തൂക്കം കിട്ടുമെന്നും അതല്ല ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നുമുള്ള വിധം അഭിപ്രായ സര്‍വെകള്‍ ബിജെപിയെ പിന്‍തുണയ്ക്കുന്ന മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് 140 സീറ്റുകള്‍ വരെ തനിച്ചുനേടി ഭരണത്തില്‍ വരുമെന്ന് ചില മാധ്യമങ്ങള്‍ വ്യക്തമായ അഭിപ്രായ സര്‍വേ ഫലം പുറത്തുവിടുകയും ചെയ്തിരുന്നു.
കര്‍ണാടക ബിജെപി ഭരണത്തിലെ അഴിമതിയോട് സാമാന്യസമൂഹത്തിനുള്ള വെറുപ്പ് മാത്രമല്ല നരേന്ദ്ര മോദിയെയും അമിത് ഷായെയും ജനങ്ങളില്‍ വലിയൊരു വിഭാഗം എതിര്‍ക്കുകയും വെറുക്കുകയും ചെയ്യുന്നു എന്ന റിപ്പോര്‍ട്ട് ഇരുവരെയും ഞെട്ടിച്ചു. ഏതു കുതിരക്കച്ചവടത്തിലൂടെയും ഭരണം പിടിക്കാനുള്ള കുതന്ത്രത്തില്‍ 20 സീറ്റുകള്‍കൂടി നേടിയെടുക്കാന്‍ മോദിയുടെ അവസാനതന്ത്രമായിരുന്നു റോഡ് ഷോയും പൂവേറും.
ആന്ധ്രാപ്രദേശിലും കര്‍ണാടകത്തിലും തമിഴ് നാട്ടിലും ബന്ധങ്ങളും വേരുകളുമുള്ള ധനമന്ത്രി നിര്‍മല സീതാരാമനെക്കൂടി കളത്തിലിറക്കി ദക്ഷിണേന്ത്യന്‍ വികാരം ഇളക്കിയിട്ട് നേരിയ ചലനം പോലുമുണ്ടായില്ല. ഒരു പ്രാദേശിക നേതാവിനു ലഭിക്കുന്ന ജനപിന്തുണ പോലും നിര്‍മല സീതാരാമന് ലഭിച്ചില്ല. മാത്രവുമല്ല കേന്ദ്രത്തില്‍ നിന്ന് വന്ന ഒരു ബിജെപി നേതാവിനും കാര്യമായ ചലനമുണ്ടാക്കാന്‍ കഴിയാതെ വന്നതോടെയാണ് മോദി അറ്റകൈ പ്രയോഗവുമായി കളത്തിലിറങ്ങിടത്.
വാഹനത്തില്‍ ചാക്കു കണക്കിന് പൂവാങ്ങി കിലോമീറ്റര്‍ കണക്കിന് എറിഞ്ഞവേളയില്‍ വഴിയോരത്ത് നിലകൊണ്ട ജനക്കൂട്ടത്തെ ഏറെയും ബിജെപി പലയിടങ്ങളില്‍ നിന്ന് സ്വരൂക്കൂട്ടിയതായിരുന്നുവെന്ന് മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞില്ല. തന്നെയുമല്ല മൂന്നു ദിവസങ്ങളില്‍ പലയിടങ്ങളില്‍ മോദി സഞ്ചരിച്ചപ്പോള്‍ ഒരേ ജനക്കൂട്ടത്തെത്തന്നെയാണ് ബിജെപി അതിന്റെ സാധ്യതയും സന്നാഹവും ഉപയോഗിച്ച് ഇറക്കിയതെന്നും മാധ്യമങ്ങള്‍ക്ക് തിരിച്ചറിയാനായില്ല.
തെരഞ്ഞെടപ്പ് വോട്ടെണ്ണലിനു മുന്‍പുതന്നെ കര്‍ണാടകത്തില്‍ ദയനീയമായ തോല്‍വി നേരിടുമെന്ന് മോദിയും അമിത ഷായും കണക്കാക്കിയിരുന്നു. ബിജെപി അധ്യക്ഷന്‍ നദ്ദപോലും വോട്ടെണ്ണലിന് തലേന്നാണ് കര്‍ണാടകത്തില്‍ രക്ഷയില്ലെന്ന വിവരം പാര്‍ട്ടി തലത്തില്‍ അറിയുന്നത്. ഇവര്‍ മൂവരുമല്ലാതെ പാര്‍ട്ടി സര്‍ക്കിളിലെ ഉന്നതരില്‍ ഒരാള്‍പ്പോലും കര്‍ണാടകം കോണ്‍ഗ്രസ് വാരിയെടുക്കുമെന്ന് അറിഞ്ഞിരുന്നില്ല.
ആസന്നമായ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ ബിജെപിക്ക് അതിനിര്‍ണായകമാണ്. ഹിന്ദി ബല്‍റ്റില്‍ ഇന്ത്യയുടെ ഹൃദയഭൂമിയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍ മോദി മുന്നോട്ടു പോയിട്ടു കാര്യമില്ല.
രാജസ്ഥാനില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് സച്ചിന്‍ പൈലറ്റിനെ കോണ്‍ഗ്രസില്‍ നിന്ന് പിളര്‍ത്തി ബിജെപിയില്‍ എത്തിക്കാനുള്ള നിലവിട്ട തന്ത്രമാണ് ബിജെപി നേതൃത്വം പയറ്റുന്നത്. സച്ചിന് 15 എംഎല്‍എമാരുടെ മാത്രമേ പിന്തുണയുള്ളുവെന്നതാണ് ബിജെപിയെ ആശങ്കയിലാക്കുന്നത്.
മധ്യപ്രദേശില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തിലാണ് വൃത്തികെട്ട കളികളിലൂടെ അവിടെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിളര്‍ത്തിയത്. ബിജെപിയുടെ ഈ നീക്കം മധ്യപ്രദേശില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയും മോദിക്കുണ്ട്. ഛത്തീസ്ഗഡിലും ബിജെപിക്ക് നിലവിലെ സാഹചര്യത്തില്‍ വലിയ സാധ്യത കല്‍പ്പിക്കുന്നുമില്ല.
വൈകാതെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് തീര്‍ച്ചയാണ്. മാത്രവുമല്ല ലോക് സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകം, കേരളം, രാജസ്ഥാന്‍ ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്ന ആശങ്കയും ബിജെപിക്കുണ്ട്. ഡല്‍ഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ആം ആദ്മിയുടെ വളര്‍ച്ച ചെറിയ തലവേദനയല്ല ബിജെപിക്കുണ്ടാക്കുന്നത്.
കര്‍ണാടക തെരഞ്ഞെടുപ്പിനൊപ്പം പഞ്ചാബിലെ ജലന്ദര്‍ ലോക് സഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും തറപറ്റിച്ചാണ് ആം ആദ്മി അവിടെ മിന്നുന്ന ജയം നേടിയത്. നിലവിലെ സാഹചര്യത്തില്‍ ബംഗാളിലും ആന്ധ്രയിലും തമിഴ് നാട്ടിലും ഒറീസയിലും തെലങ്കാനയിലും ബിജെപിക്ക് രക്ഷയില്ല.
പാര്‍ട്ടി തലത്തില്‍ അഴിച്ചുപണിയോ കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിയോ നടത്തിയിട്ട് രക്ഷയില്ലെന്നിരിക്കെ എങ്ങനെ ജനപിന്തുണ തിരിച്ചുപിടിക്കാമെന്ന ആശങ്കയിലാണ് ബിജെപി. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ബിജെപിയെ ഭയപ്പെടുന്നതിനൊപ്പം വര്‍ഗീയവത്കരിക്കപ്പെടുന്ന കാവിരാഷ്ട്രീയത്തോട് പുതിയ തലമുറയ്ക്ക് എതിര്‍പ്പുമുണ്ട്. രാഹുല്‍ ഗാന്ധിയെ രാഷ്ട്രീയത്തില്‍ നിന്ന് തുടച്ചുനീക്കാനുള്ള ബിജെപിയുടെ ആസൂത്രിത നീക്കത്തോട് രാജ്യവ്യാപകമായുണ്ടായ എതിര്‍പ്പ് പല സംസ്ഥാനങ്ങളിലും ബിജെപിക്ക് തിരിച്ചടിയായേക്കും.
https://www.facebook.com/Malayalivartha























