ആദ്യ വിമാനയാത്രയിൽ തന്നെ വമ്പൻ പണി ഇരന്നുവാങ്ങി, അഹമ്മദാബാദിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ ശുചിമുറിയിൽ ഇരുന്ന് ബീഡി വലിച്ച 56 കാരൻ അറസ്റ്റിൽ

വിമാനത്തിൽ യാത്രക്കാർ ഉണ്ടാക്കുന്ന ഓരോ പൊല്ലാപ്പുകളെ. സ്ഥലകാലബോധം ഇല്ലാത്ത തരത്തിലുള്ള പെരുമാറ്റമാണ് യാത്രക്കാരിൽ നിന്നും ഉണ്ടാകുന്നത്. അടുത്തിടെയായി ഇത്തരം നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ആദ്യ വിമാനയാത്രയിൽ തന്നെ വമ്പൻ പണി ഇരന്നുവാങ്ങിയിരിക്കുകയാണ് ഒരു യാത്രക്കാരൻ. ശുചിമുറിയിൽ പോയി തച്ചിനിരുന്ന് ബീഡി വലിച്ചാണ് യാത്രക്കാരൻ പൊല്ലാപ്പിലായത്. അകാശ എയറിന്‍റെ വിമാനത്തിനുള്ളിലാണ് ഇയാള്‍ ബീഡി വലിച്ചത്. അഹമ്മദാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ വിമാനത്തിലാണ് സംഭവം.
വിമാനത്തിലെ ശുചിമുറിയില്‍ നിന്ന് പുക പുറത്ത് വന്നതോടെയാണ് ജീവനക്കാര്‍ ഇത് ശ്രദ്ധിക്കുന്നത്. സംഭവത്തെ തുടർന്ന് 56 കാരനായ രാജസ്ഥാൻ സ്വദേശി എം പ്രവീൺ കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് പ്രവീണ്‍കുമാര്‍ അറസ്റ്റിലായത്. എസ് എൻ വി ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിലെ ഡ്യൂട്ടി മാനേജരായ വിജയ് തുള്ളൂരിന്റെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിമാനം കെംപഗൗഡ വിമാനത്താവളത്തിലെത്തിയപ്പോഴാണ് അറസ്റ്റിലായത്. ബന്ധുവിന്‍റെ മരണാനന്തര ചടങ്ങുകള്‍ക്ക് പങ്കെടുക്കാനുള്ള യാത്രക്കായാണ് പ്രവീൺ ആദ്യമായി വിമാനത്തിൽ കയറിയത്.നിര്‍മ്മാണ മേഖലയിൽ ജോലിചെയ്യുന്നയാളാണ് അറസ്റ്റിലായ പ്രവീൺകുമാർ.
ആദ്യ വിമാന യാത്ര ആയതിനാല്‍ തന്നെ ഇത്തരം നിയമങ്ങളേക്കുറിച്ച് ധാരണ ഉണ്ടായിരുന്നില്ലെന്നാണ് ഇയാള്‍ പറയുന്നത്. ട്രെയിനിലെ ശുചിമുറികളില്‍ പൊലീസുകാര്‍ അടക്കമുള്ളവര്‍ പുകവലിക്കുന്നത് കണ്ടിട്ടുണ്ടെന്നും സമാനമായ സാഹചര്യമാണ് വിമാനത്തിലെന്നുമാണ് കരുതിയതെന്നുമാണ് പ്രവീണ്‍ പറയുന്നത്. ബെംഗളുരു വിമാനത്താവളത്തില്‍ ഇത്തരത്തില്‍ ബീഡി വലിച്ചതിന് പിടിയിലാവുന്നത് ആദ്യമായാണ്. പ്രവീണിന്‍റെ ഇതിനോടകം വിമാന യാത്രാവിലക്ക് പ്രഖ്യാപിച്ചതായാണ് വിവരം.
ഇന്ത്യന്‍ ശിക്ഷാ നിയമം 336 അനുസരിച്ചും എയര്‍ക്രാഫ്റ്റ് നിയമങ്ങള്‍ അനുസരിച്ചുമാണ് നടപടി. എന്നാല്‍ സുരക്ഷാ പരിശോധനയില്‍ ബീഡി കണ്ടെത്താത്തത് ഗുരുതരമായ സുരക്ഷാ വീഴ്ചയെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്. ഈ വര്‍ഷം ആദ്യത്തില്‍ രണ്ട് പേര്‍ക്കെതിരെ വിമാനത്തിനുള്ളില്‍ സിഗരറ്റ് വലിച്ചതിന് കേസ് എടുത്തിരുന്നു. മുന്‍പ് കേസെടുത്ത സംഭവങ്ങളില്‍ പുകവലി വിലക്കിനേക്കുറിച്ച് ധാരണയുണ്ടായിട്ടും പുകവലിച്ചവരാണ് അറസ്റ്റിലായത്
അതേസമയം നേരത്തെ ഉണ്ടായ മറ്റൊരു സംഭവത്തിൽ വിമാനത്തിലെ ശുചിമുറിയിൽ കയറി പുകവലിച്ച യാത്രക്കാരിയെ കെംമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യുന്നതിന് മുപ്പത് മിനിറ്റ് മുൻപ് ഉണ്ടായ ഈ സംഭവത്തിൽ 24 കാരിയായ യുവതിയാണ് പിടിയിലായത്. കൊൽക്കത്തയിൽ നിന്ന് പറന്നുയർന്ന ഇൻഡിഗോയുടെ 6E 716 വിമാനത്തിലാണ് ഈ സംഭവം ഉണ്ടായത്.
ഇതിന് പിന്നാലെ പശ്ചിമ ബംഗാൾ സ്വദേശിയായ പ്രിയങ്ക ചക്രവർത്തിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റുള്ളവരുടെ സുരക്ഷ അപകടത്തിലാക്കുന്ന പ്രവർത്തി ചെയ്തതിനാണ് യുവതിയെ അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് പുക ഉയരുന്നത് ക്യാബിൻ ജീവനക്കാർ തിരിച്ചറിഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.ജീവനക്കാർ ബലം പ്രയോഗിച്ച് വാതിൽ തുറന്നപ്പോൾ യാത്രക്കാരിയായ യുവതി പുകവലിക്കുന്നത് കണ്ടു. ഇവർ ഉപേക്ഷിച്ച സിഗരറ്റ് കുറ്റി ശുചിമുറിയിലെ ഡസ്റ്റ്ബിന്നിൽ നിന്ന് കണ്ടെടുത്തിരുന്നു.
https://www.facebook.com/Malayalivartha























