ഒഡിഷ ട്രെയിന്‍ ദുരന്തത്തിന് കാരണം കോറമണ്ഡല്‍ എക്സ്പ്രസിന്റെ പിഴവെന്ന് പ്രാഥമിക നിഗമനം
![](https://www.malayalivartha.com/assets/coverphotos/w657/287801_1685797192.jpg)
ഒഡിഷ ട്രെയിന്‍ ദുരന്തത്തിന് കാരണം കോറമണ്ഡല്‍ എക്സ്പ്രസിന്റെ പിഴവെന്ന് കണ്ടെത്തല്‍. ഷാലിമാര്‍ ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ് ട്രാക്ക് തെറ്റിച്ചതായാണ് അപകടസ്ഥലത്ത് എത്തിയ റെയില്‍വേ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. മെയിന്‍ ട്രാക്കിലൂടെ പോകേണ്ട കോറമണ്ഡല്‍ എക്സ്പ്രസ് ലൂപ്പ് ട്രാക്കിലൂടെ മാറിയോടി.
130 കിലോ മീറ്റര്‍ വേഗത്തിലെത്തിയ കോറമണ്ഡല്‍ എക്സ്പ്രസ് ചരക്ക് വണ്ടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനില്‍ ആദ്യം ഇടിച്ചത് കോറമണ്ഡല്‍ എക്സ്പ്രസാണ്. മാനുഷികമായ പിഴവാകാം ഈ ട്രാക്ക് മാറ്റത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 130 കിലോ മീറ്റര്‍ വേഗതയില്‍ കോറമണ്ഡല്‍ എക്സ്പ്രസ് ചരക്ക് തീവണ്ടിയിലേക്ക് ഇടിച്ചുകയറി. ഈ കൂട്ടിയിടിയില്‍ കോറമണ്ഡല്‍ എക്സ്പ്രസിന്റെ 22 ബോഗികളും പാളം തെറ്റി.
ഇതില്‍ മൂന്ന് ബോഗികള്‍ തൊട്ടടുത്ത ട്രാക്കിലൂടെ പോവുകയായിരുന്ന യശ്വന്ത്പുര്‍ഹൗറ എക്സ്പ്രസിലേക്ക് വീണു. ഇതോടെ, കൃത്യമായ പാതയിലൂടെ പോവുകയായിരുന്ന ഹൗറ എക്സ്പ്രസിന്റെ നാല് ബോഗികളുടെ പാളം തെറ്റി എന്നുമാണ് റെയില്‍വേ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.അപകടത്തില്‍പ്പെട്ട് 261 പേര് മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
1000 ത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. വലിയ ഞെട്ടലുണ്ടാക്കിയ അപകടമാണ് ഉണ്ടായതെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് പ്രതികരിച്ചു. സുരക്ഷയ്ക്ക് റെയില്‍വേ മുന്തിയ പരിഗണന നല്‍കേണ്ടതുണ്ട്. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. അപകടമുണ്ടായ ഉടന്‍ സ്ഥലത്ത് ഓടിയെത്തിയ നാട്ടുകാര്‍ക്കും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും പട്നായിക് പറഞ്ഞു.
https://www.facebook.com/Malayalivartha