തീവ്രവാദികളുമായി ബന്ധപ്പെട്ട നിലപാടുകളിൽ ഇരട്ടത്താപ്പ് പാടില്ല; ബ്രിക്സ് എൻഎസ്എമാരുടെ 13–ാമത് യോഗത്തിൽ ചൈനയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ

രാജ്യാന്തരവേദിയിൽ ചൈനയ്ക്ക് കണക്കറ്റ് പ്രഹരവുമായി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുടെ സാന്നിധ്യത്തിലായിരുന്നു ഡോവലിന്റെ വിമർശനം . തീവ്രവാദികളുമായി ബന്ധപ്പെട്ട നിലപാടുകളിൽ ഇരട്ടത്താപ്പ് പാടില്ല എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ തീവ്രവാദ വിരുദ്ധ നീക്കങ്ങളോടനുബന്ധിച്ചുള്ള ഉപരോധ നടപടികളോടു ചൈന വിമുഖത കാണിക്കുന്നുണ്ട്. ഈ വിഷയത്തിലായിരുന്നു ഡോവൽ വിമർശനം നടത്തിയത് .
തീവ്രവാദികളെ ഉപരോധപ്പട്ടികയിൽ ഉൾപ്പെടുത്താനും തുടർ നടപടികൾക്കുമുള്ള യുഎൻ ഭീകരവിരുദ്ധ കാര്യങ്ങളിൽ ബ്രിക്സ് കൂട്ടായ്മ ഒത്തൊരുമയോടെ പ്രവർത്തിക്കണം. തീരുമാനങ്ങളെടുക്കുന്ന യുഎൻ ഉപരോധ കമ്മിറ്റി, രാഷ്ട്രീയത്തിൽനിന്നും ഇരട്ടത്താപ്പിൽനിന്നും മുക്തമായിരിക്കണം. ദേശീയ സമാധാനത്തിനും സുരക്ഷയ്ക്കും വലിയ വെല്ലുവിളിയാണു തീവ്രവാദമെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിക്സ് എൻഎസ്എമാരുടെ 13–ാമത് യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണു ബ്രിക്സ്. ലഷ്കറെ തയിബ ഉൾപ്പെടെ പാക്കിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരരെ നിയന്ത്രിക്കാനുള്ള യുഎൻ സുരക്ഷാ കൗൺസിലിലെ നീക്കത്തിനു പലപ്പോഴും ചൈന തടയിടാറുണ്ട്. ഇന്ത്യയ്ക്കു ഭീഷണിയായ പാക്ക് ഭീകരവാദത്തെ തള്ളിക്കളയുന്ന നിലപാട് ചൈന സ്വീകരിക്കാറില്ല എന്നതും ഡോവൽ വിമർശശിക്കാൻ കാരണമായി.
https://www.facebook.com/Malayalivartha


























