ഗുജറാത്തില്‍ ഒരു ഇന്ത്യ സഖ്യത്തിനും എത്തി നോക്കാന്‍ കഴിയാത്ത തരത്തില്‍ ബിജെപിയുടെ അടിവേരുകള്‍ ആഴത്തില്‍ സ്ഥാപിക്കുന്നതിനുള്ള മോദിയുടെ ശ്രമങ്ങള്‍ ഫലം കാണുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹവും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും നേതൃത്വം നല്കി കൊണ്ടിരിക്കുന്നത്

നരേന്ദ്രമോദി വീണ്ടും അദ്ദേഹത്തിന്റെ മാജിക്കല്‍ വികസന സ്‌ട്രൈക്കിന് പുതിയ വാതായനങ്ങള്‍ തുറന്നിരിക്കുകയാണ്. പുതിയ പാര്‍ലമെന്റ് മന്ദിരം പൂര്‍ത്തിയാക്കിയതും, പട്ടേല്‍ പ്രതിമ സ്ഥാപിച്ചതും വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയെങ്കിലും അദ്ദേഹത്തിന്റെ സൂററ്റ് വികസനം ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് . പാര്‍ലമന്റിന്റെ ഇരുസഭകളിലും മണിപ്പൂര്‍ കലാപം കത്തി നില്ക്കുമ്പോഴാണ് സൂററ്റിലെ ഡയമണ്ട് കൊട്ടാരം തുറന്നു കൊടുക്കാന്‍ ഒരുങ്ങുന്നതെന്നതും ശ്രദ്ധേയമാണ്. മോദി ഭരണത്തിലെ നേട്ടങ്ങളുടെ പട്ടികയില്‍ അവിസ്മരണീയമായ ഏടായിരിക്കും സൂററ്റിന്റെ വികസനം എന്നത് എടുത്തുപറയേണ്ടതാണ്. ഗുജറാത്തില്‍ ഒരു ഇന്ത്യ സഖ്യത്തിനും എത്തി നോക്കാന്‍ കഴിയാത്ത തരത്തില്‍ ബിജെപിയുടെ അടിവേരുകള്‍ ആഴത്തില്‍ സ്ഥാപിക്കുന്നതിനുള്ള മോദിയുടെ ശ്രമങ്ങള്‍ ഫലം കാണുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹവും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും നേതൃത്വം നല്കി കൊണ്ടിരിക്കുന്നത്.
ദക്ഷിണ ഗുജറാത്തിലെ, അറബിക്കടലിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു വ്യാവസായിക നഗരമാണ് സൂററ്റ്. ഭാരതത്തിലെ ബ്രിട്ടീഷ് ഭരണത്തിന് തുടക്കം കുറിച്ച സ്ഥലം കൂടിയാണ് സൂററ്റ്. വജ്രം, തുണി വ്യവസായങ്ങള്‍ക്ക് പേരുകേട്ട സൂററ്റ് പട്ടണം തപി നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്. സൂററ്റ് ജില്ലയുടെ ഭരണസിരാകേന്ദ്രവും കൂടിയാണ് ഈ പട്ടണം. ഗുജറാത്ത് സംസ്ഥാനത്തിലെ ആഭ്യന്തര ഉത്പാദനത്തിന്റെ കണക്കില്‍ അഹമ്മദാബാദ് കഴിഞ്ഞാല്‍ ഏറ്റവും വലിയ രണ്ടാമത്തെ വലിയ വ്യവസായനഗരമാണ് സൂററ്റ്. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന വജ്രവ്യാപാരവും തുണിയും അതിന്റെ അനുബന്ധ വ്യവസായങ്ങളുമാണ് സൂററ്റിന്റെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം. മലിനീകരണം കൊണ്ട് ആളുകള്‍ മരിച്ച ഒരു കറുത്ത കാലഘട്ടവും, ഏറ്റവും വൃത്തിയുള്ള ജില്ല എന്ന സുവര്‍ണ്ണകാലവും സൂററ്റിനുണ്ട്.
ലോകത്തിലേക്കാവശ്യ മായ വജ്രത്തിന്റെ 42% ത്തോളം വജ്രം മിനുക്കി കൊടുക്കുന്നത് സൂററ്റില്‍ നിന്നുമാണ്. മൊത്തം ആഭ്യന്തര വിപണിയിലേക്കാവശ്യമായ വജ്രത്തിന്റെ ഏകദേശം 70% സൂററ്റില്‍ നിന്നാണ്. ഭാരതത്തിലെ വജ്ര വ്യാപാരത്തിലുള്ളവരില്‍ ഏകദേശം 40% പേരും സൂററ്റിലുള്ളവരാണ്. ഇത് കൊണ്ട് സൂററ്റിനെ ഡയമണ്ട് സിറ്റി എന്ന് വിളിക്കുന്നു. ഇത് സൂററ്റിന്റെ ഏറ്റവും വലിയ വ്യാപാരമാണ്. തുണി, തുണിയോടനുബധിച്ചിട്ടുള്ള വ്യവസായമാണ് സൂററ്റിന്റെ രണ്ടാമത്തെ പ്രധാന വരുമാനം. ഭാരതത്തിലേക്കാവശ്യമായ തുണിയുടെ 40% വിഹിതവും, നൂലിന്റെ 28% വിഹിതവും, അവയുടെ കയറ്റുമതിയില്‍ 18% വിഹിതവും മൊത്തം ആഭ്യന്തരവിപണിയുടെ 12% വിഹിതവും കയ്യാളുന്നത് കൊണ്ട് സൂററ്റിനെ സില്‍ക്ക് സിറ്റി എന്നും വിളിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം ഏതാണ് എന്നു ചോദ്യത്തിന് കഴിഞ്ഞ 80 വര്‍ഷങ്ങളായി ഒരേയൊരു ഉത്തരമെ ഉണ്ടായിരുന്നുള്ളു, അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണ്‍. വരുന്ന നവംബറോടെ ആ ഉത്തരം തിരുത്തപ്പെടുകയാണ്. ഇന്ത്യയുടെ വജ്ര തലസ്ഥാന ആയ സൂററ്റില്‍ അതിവേഗം പണി പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സൂററ്റ് ഡയമണ്ട് ബോഴ്‌സ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമായി മാറുകയാണ്.15 നിലകളിലായി 71 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ളതാണ് ഈ കെട്ടിടം. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ എല്ലാ ഓഫീസുകളും വിവിധ ഡയമണ്ട് കമ്പനികള്‍ സ്വന്തമാക്കി എന്നതാണ്. സൂററ്റ് ഡയമണ്ട് ബോഴ്‌സ് അഥവാ എസ് ഡി ബി ഏകദേശം 35 ഏക്കറിലായാണ് പരന്ന് കിടക്കുന്നത്. 15 നിലകള്‍ വീതമുള്ള ഒന്‍പത് ബ്ലോക്കുകള്‍ ഉള്ള ഈ ഓഫീസ് സമുച്ചയം, 65,000 ല്‍ അധികം വരുന്ന ഡയമണ്ട് പ്രൊഫഷണലുകള്‍ക്ക് എല്ലാം ലഭിക്കുന്ന ഒരിടമായിരിക്കും. അങ്ങനെ പെന്റഗണിന്റെ വലിപ്പം രണ്ടാം സ്ഥാനത്തേയ്ക്ക് തള്ളിവിട്ട പ്രധാനമന്ത്രി മേദിയ്ക്ക് ഇന്ത്യയൊട്ടാകെ പ്രശംസകള്‍ ചൊരിയുകയാണ്.
ദീര്‍ഘ ചതുരാകൃതിയിലുള്ള ഓരോ ബ്ലോക്കുകളും സെന്‍ട്രല്‍ സപൈന്‍ വഴി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. വിവിധ കാര്യങ്ങള്‍ക്കായി ഇവിടെയെത്തുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് കാലതാമസം കൂടാതെ അവര്‍ ഉദ്ദേശിക്കുന്നിടങ്ങളില്‍ എത്തുവാനായി 131 ലിഫ്റ്റുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ബുര്‍ജ് ഖലീഫയില്‍ ഇതിന്റെ പകുതി എലവേറ്ററുകള്‍ പോലുമില്ല എന്നതാണ് വാസ്തവം. 302 മില്യണ്‍ ചെലവാക്കി പണിതീര്‍ക്കുന്ന ഈ കെട്ടിടത്തിന്റെ എല്ലാ ഭാഗങ്ങളിലും പരമാവധി സ്വാഭാവിക സൂര്യപ്രകാശം കടന്നു ചെല്ലും എന്നതാണ് ഇതിന്റെ ശില്‍പ ചാരുത.ഓഫീസുകള്‍ക്ക് പുറമെ കോണ്‍ഫറന്‍സ് ഹാളുകള്‍, വിവിധോദ്ദേശ്യ ഹോളുകള്‍, റെസ്റ്റോറന്റുകള്‍, ബാങ്കുകള്‍, റീടെയ്ല്‍ ഷോപ്പുകള്‍ എന്നീ അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ടായിരിക്കും. രത്‌നവുമായി ബന്ധപ്പെട്ട വില്‍പന, പോളീഷിങ്, യന്ത്ര നിര്‍മ്മാണം, സോഫ്റ്റ്വെയര്‍, ലാബില്‍ ഉണ്ടാക്കുന്ന രത്‌നങ്ങള്‍ തുടങ്ങി എല്ലാ തൊഴിലുകളും ഒരു കൂരക്ക് കീഴില്‍ ആക്കുക എന്നതാണ് ഈ കെട്ടിട സമുച്ചയത്തിന്റെ ലക്ഷ്യം.
നിരവധി ആഭ്യന്തര രത്‌ന വ്യാപാരികള്‍ക്കൊപ്പം വിദേശ രത്‌നവ്യാപാരികളും ഇവിടെ സ്ഥാപനങ്ങള്‍ ആരംഭിക്കും. രത്‌നങ്ങള്‍ക്ക് മാത്രമായി ഒരു കസ്റ്റം ഹൗസ്, ഒരു നാഷണല്‍ ഡയമണ്ട് റിസര്‍ച്ച് ഇ9ന്‍സ്റ്റിറ്റിയുട്ട്, ഒരു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ ഫെസിലിറ്റി, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും ഈ സമുച്ചയത്തിനരികെ ഉടന്‍ തന്നെ ആരംഭിക്കും. അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ള ഇവിടെ 4000 ല്‍ അധികം സി സി ടി വി ക്യാമറകള്‍ സദാസമയവും മിഴികള്‍ തുറന്നിരിക്കും.
ഇതോടെ മുംബൈയില്‍ കേന്ദ്രീകൃതമായിരുന്ന ഡയമണ്ട് വ്യാപാരം സൂററ്റിലേക്ക് കേന്ദ്രീകരിക്കപ്പെടും എന്നാണ് എസ് ഡി ബി മാനേജ്‌മെന്റ് കമ്മിറ്റിയിലെ ഒരു അംഗം പറഞ്ഞത്. ഇന്ത്യയിലെ രത്‌ന വ്യാപാരത്തിന് ഒരു പുനര്‍ നിര്‍വ്വചനം നല്‍കാന്‍ ഇതിന് കഴിയും. 2023 നവംബര്‍ 21 ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യും.കഴിഞ്ഞ ദിവസം എസ് ഡി ബിയെ അനുമോദിച്ചു കൊണ്ട് ഒരു ട്വീറ്റ് അദ്ദേഹം ചെയ്തിരുന്നു. പ്രമുഖ ഇന്ത്യന്‍ ആര്‍ക്കിടെക്ട് കമ്പനിയായ മോര്‍ഫോജെനെസിസിലെ ശില്പികളാണ് ഈ കെട്ടിട സമുച്ചയം രൂപ കല്‍പന ചെയ്തിരിക്കുന്നത്.
പുതുതായി പണികഴിപ്പിച്ച ഡയമണ്ട് റിസര്‍ച്ചിലും ബിസിനസ് ഡിസ്ട്രിക്റ്റായ മെര്‍ക്കന്റൈല്‍ സിറ്റിയിലുമാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത് . സൂറത്ത് നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് ബോഴ്സ് സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍ ബോഴ്സിന് വജ്രവ്യാപാരികളില്‍ നിന്ന് വലി സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്, മികച്ച കണക്റ്റിവിറ്റിയുള്ള മുംബൈ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന നിലവിലുള്ള ഭാരത് ഡയമണ്ട് ബോഴ്സില്‍ നിന്ന് വ്യത്യസ്തമായി കണക്റ്റിവിറ്റി കുറവാണ് .സൂറത്ത് ഡയമണ്ട് വ്യവസായത്തിന്റെ അപാരമായ സാധ്യതകള്‍ ദി ഡയമണ്ട് റിസര്‍ച്ച് ആന്‍ഡ് മെര്‍ക്കന്റൈല്‍ സിറ്റിയുടെ ആശയ രൂപീകരണത്തിന് പ്രചോദനമായി. മുംബൈയില്‍ നിന്ന് വജ്രവ്യാപാരം സൂററ്റിലേയ്ക്ക് മാറ്റുന്നതിന് സര്‍ക്കാര്‍ വന്‍ ഇളവുകളും സഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
വലിയ ഗതാഗത സാധ്യതകളും ഡയമണ്ട സിറ്റിയ്ക്കായി രൂപകല്പന ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏത് വജ്രവ്യാപാര സ്ഥാപനത്തേയും ആകര്‍ഷിക്കുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്.സൂറത്ത് മെട്രോ ലൈനില്‍ സ്ഥിതിചെയ്യുന്ന ഡ്രീം സിറ്റി മെട്രോ സ്റ്റേഷന് സമീപമാണ് സിറ്റി സ്ഥിതി ചെയ്യുന്നത് . മെട്രോ ലൈന്‍ SDB-യെ സൂറത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും സൂറത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ബന്ധിപ്പിക്കുന്നു .
കൂടാതെ സ്‌കൈവാക്കിനുള്ള സൗകര്യങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇത് 2024 ല്‍തന്നെ പൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഗുജറാത്തിന്റെ റിയല്‍ ഹോറോയാണ് താനെന്ന് നരേന്ദ്രമോദി വീണ്ടും തെളിയ്ക്കപ്പെട്ടിരിക്കുന്നു. പെന്റഗണ്‍, ബുര്‍ജ് ലീഫ തുടങ്ങിയ ലോകോത്തര നിര്‍മ്മിതികളെ മറികടക്കുന്ന നിര്‍മ്മാണ ചാരുതയ്ക്ക് പിന്നില്‍ ബിജെപിയുടെ വികസന നയങ്ങളുടെ മാതൃക അവതരിപ്പിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട്. ഗുജറാത്ത് മോഡല്‍ വികസനം ചൂണ്ടിക്കാട്ടാനാണ് ബിജെപി താല്പര്യപ്പെടുന്നത്. അടുത്തു നടക്കാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യ സഖ്യത്തെ നേരിടാന്‍ ഏറ്റവും വലിയ ആയുധമായി സൂററ്റ് ഡയമണ്ട് ബോഴ്‌സിനെ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് .
https://www.facebook.com/Malayalivartha


























