ജയലളിതയുടെ കോടികളുടെ വസ്ത്തുക്കൾ തമിഴ്‌നാട് സർക്കാരിന്, സ്വർണവും വജ്രാഭരണങ്ങളും കൈപ്പറ്റാൻ ആറ് വലിയ പെട്ടികളുമായി എത്തണമെന്ന് കോടതി, രണ്ടു ദിവസമെടുത്ത് വസ്തുക്കള്‍ എണ്ണിത്തിട്ടപ്പെടുത്തണം, മുഴുവൻ നടപടിക്രമങ്ങളും വീഡിയോയില്‍ ചിത്രീകരിക്കും...!!!
തമിഴകത്തിന്റെ അമ്മ, ജയലളിത മുഖ്യമന്ത്രി പദത്തിലിരിക്കുമ്പോൾ മരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ആ മരണത്തിൽ ഇന്നും ദുരൂഹത അവശേഷിക്കുന്നു എന്നത് യാഥാർത്ഥ്യമായ ഒരു കാര്യമാണ്. ഡിസംബർ 5 ന് രാത്രി 11.30 ടെയാണ് ആശുപത്രി അധികൃതർ ജയലളിതയുടെ മരണം സ്ഥിരീകരിക്കുന്നത്. എന്നാൽ ഇന്നും ജയലളിതയുടെ സ്വത്തുക്കൾ സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പിടിച്ചെടുത്ത കോടികള്‍ വിലമതിക്കുന്ന വസ്തുക്കള്‍ അധികം വൈകാതെ തമിഴ്‌നാട് സർക്കാരിന് സ്വന്തമാകും.
27 കിലോയിലധികം സ്വർണവും അതുപോലെ വജ്രാഭരണങ്ങളും കൈപ്പറ്റാൻ ആറ് വലിയ പെട്ടികളുമായി മാർച്ച് ആദ്യ വാരം ആറ്, ഏഴ് തീയ്യതികളില്‍ എത്താൻ തമിഴ്നാട് സർക്കാരിന് ബെംഗളുരു 32-ാം അഡീഷണല്‍ സിറ്റി സിവില്‍ ആൻഡ് സെഷൻസ് കോടതി നിർദേശം നല്‍കി. സ്വർണ-വജ്ര-വെള്ളി ആഭരണങ്ങള്‍, സ്വർണ-വെള്ളി-പാത്രങ്ങള്‍, സാരികള്‍, ചെരുപ്പുകള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള കോടികള്‍ വിലവരുന്ന വസ്തുക്കളാണ് തമിഴ്നാട് സർക്കാരിന് വിട്ടുനല്‍കുന്നത്. ബെംഗളുരുവിലെ ട്രഷറിയില്‍ ആണ് ഈ തൊണ്ടിമുതലുകൾ സൂക്ഷിച്ചിരിക്കുന്നത്.
രണ്ടു ദിവസമെടുത്ത് വസ്തുക്കള്‍ എണ്ണിത്തിട്ടപ്പെടുത്തി കൊണ്ടുപോകാനാണ് നിർദേശിച്ചിരിക്കുന്നത്. മുഴുവൻ നടപടിക്രമങ്ങളും വീഡിയോയില്‍ ചിത്രീകരിക്കണമെന്നും ഉദ്യോഗസ്ഥർക്ക് സുരക്ഷയൊരുക്കണമെന്നും കോടതി നിർദേശിച്ചു. 800 കിലോഗ്രാം വെള്ളി, 28 കിലോഗ്രാം സ്വർണം, വജ്രാഭരണങ്ങള്‍, പതിനായിരത്തോളം പട്ട് സാരികള്‍, 250 ഷാള്‍, 750 ചെരുപ്പ്, 12 ഫ്രിഡ്ജ്, 44 എസി, 91 വാച്ചുകള്‍ തുടങ്ങിയവയായിരുന്നു ജയലളിതയുടെ വീടായ വേദ നിലയത്തില്‍നിന്ന് പിടിച്ചെടുത്തത്.
1996 ല്‍ രജിസ്റ്റർ ചെയ്യപ്പെട്ട അനധികൃത സ്വത്തുസമ്ബാദന കേസിന്റെ വിചാരണ രാഷ്ട്രീയ ഇടപെടല്‍ ചൂണ്ടിക്കാട്ടി ബെംഗളുരുവിലേക്ക് മാറ്റിയതോടെയായിരുന്നു തൊണ്ടിമുതല്‍ ചെന്നൈ ആർ ബി ഐയില്‍നിന്ന് ബെംഗളുരുവിലെത്തിച്ചത്. 2003 മുതല്‍ ഇതുവരെ കർണാടക ഹൈക്കോടതിയുടെ തൊണ്ടിമുതല്‍ സൂക്ഷിപ്പ് കേന്ദ്രത്തില്‍ അതീവ സുരക്ഷാ വലയത്തില്‍ സൂക്ഷിച്ചുപോരുകയായിരുന്നു ഇവ. കോടതി നിർദേശപ്രകാരം തമിഴ്നാട് സർക്കാർ ചുമതലപ്പെടുത്തിയ ആഭ്യന്തര പ്രിൻസിപ്പല്‍ സെക്രട്ടറിയും വിജിലൻസ് ഐ ജിയും നേരിട്ടെത്തി വേണം തൊണ്ടിമുതല്‍ കൈപ്പറ്റാൻ.
അനധികൃത സ്വത്ത് സമ്ബാദനക്കേസ് നടത്തിപ്പിനായി തമിഴ്‌നാട് സർക്കാർ കർണാടകയ്ക്ക് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 32-ാം അഡീഷണല്‍ സിറ്റി സിവില്‍ ആൻഡ് സെഷൻസ് കോടതി ജഡ്ജി എച്ച്‌എ മോഹനന്റേതാണ് ഉത്തരവ്. കേസിലെ പ്രതികളായ ജയലളിത ഒഴികെയുള്ളവർ കോടതി വിധിച്ച ശിക്ഷ അനുഭവിച്ചു തീർന്ന സാഹചര്യത്തിലായിരുന്നു കേസിലെ തൊണ്ടിമുതല്‍ എന്ത് ചെയ്യുമെന്ന ചോദ്യം ഉയർന്നുവന്നത്. തൊണ്ടി മുതല്‍ ലേലം ചെയ്യണമെന്ന നിർദേശം പൊതുതാല്പര്യ ഹർജിയായി വന്നിരുന്നെങ്കിലും തമിഴ് നാടിനു തിരിച്ചുനല്‍കാനായിരുന്നു പ്രത്യേക സിബിഐ കോടതിയുടെ തീരുമാനം.
ഇതിനിടയില്‍ തൊണ്ടി മുതലില്‍ അവകാശവാദമുന്നയിച്ച് ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് സർക്കാർ അന്വേഷണ ഏജൻസികള്‍ പിടിച്ചെടുക്കുന്ന സ്ഥാവര - ജംഗമ വസ്തുക്കളില്‍ അനന്തരാവകാശം സ്ഥാപിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
2003 ല്‍ ബെംഗളുരുവിലേക്കു മാറ്റിയ അനധികൃത സ്വത്ത് സമ്പാദന കേസിന്റെ വിചാരണ 2016 ല്‍ പൂർത്തിയാവുകയും ജയലളിതയ്ക്കും കൂട്ട് പ്രതികള്‍ക്കും ബെംഗളുരുവിലെ പ്രത്യേക കോടതി തടവും പിഴയും വിധിക്കുകയും ചെയ്തു. ജയലളിതയ്ക്ക് 100 കോടി രൂപ പിഴയും നാല് വർഷം തടവുമായിരുന്നു ശിക്ഷ. ശശികല, ഇളവരശി, സുധാകരൻ എന്നിവർക്ക് 10 കോടി രൂപ വീതം പിഴയും നാല് വർഷം തടവും ശിക്ഷ വിധിച്ചു. തടവുശിക്ഷ അനുഭവിക്കുന്നതിനു മുൻപേയായിയിരുന്നു ജയലളിതയുടെ അന്ത്യം. എന്നാല്‍ പിഴയായി വിധിച്ച 100 കോടി രൂപ അവരുടെ ആസ്തിയില്‍ നിന്ന് കോടതി ഈടാക്കിയിരുന്നു.
https://www.facebook.com/Malayalivartha