പ്രത്യാശയുടെ സ്മരണകളുയര്‍ത്തി ക്രൈസ്തവ സമൂഹം ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു...ഈസ്റ്ററിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ പള്ളികളില്‍ ശുശ്രൂഷകളും പ്രാര്‍ത്ഥനയും നടന്നു, പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍..... പ്രിയ വായനക്കാര്‍ക്ക് മലയാളിവാര്‍ത്തയുടെ ഈസ്റ്റര്‍ ദിന ആശംസകള്‍

പ്രത്യാശയുടെ സ്മരണകളുയര്‍ത്തി ക്രൈസ്തവ സമൂഹം ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. യേശുദേവന്‍ കുരിശിലേറിയ ശേഷം മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മപുതുക്കലാണ് ഈസ്റ്റര്‍.
അന്‍പത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഈസ്റ്റര്‍. ഈസ്റ്ററിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ പള്ളികളില്‍ ശുശ്രൂഷകളും പ്രാര്‍ത്ഥനയും നടന്നു. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍ ആചരിക്കുന്നത്. തിന്മയുടെയും അസത്യത്തിന്റെയും ജയം താല്‍ക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികള്‍ തേടാതെ കഷ്ടങ്ങള്‍ സഹിച്ചും സത്യത്തിനു വേണ്ടി നില നില്‍ക്കണം എന്നുമാണ് ഈസ്റ്റര്‍ നല്‍കുന്ന സന്ദേശങ്ങള്‍.
ദൈവം സ്‌നേഹമാണ്, നന്മയാണ്. ആ സ്‌നേഹത്തിന്റെ കരുതലായിരുന്നു ക്രിസ്തുവിന്റെ കുരിശുമരണം. എല്ലാ തിന്മയെയും, അന്ധകാരത്തെയും ഉന്മൂലനം ചെയ്ത് അവന്‍ മരണത്തെ പരാജയപ്പെടുത്തി ഉയിര്‍ത്തെഴുന്നേറ്റു. ആകാശത്തിനും, ഭൂമിക്കുമിടയില്‍ മരക്കുരിശില്‍ സ്വയം സമര്‍പ്പിച്ച ക്രിസ്തു മഹത്വത്തിന്റെ രാജാവായിരുന്നുവെന്ന്, മുള്‍ക്കിരീടം കൊടുക്കുകയും, മേലങ്കി വലിച്ചൂരുകയും ചെയ്ത രാജക്കാന്‍മാര്‍ക്ക് മനസ്സിലായില്ല.
അവസാനം അവര്‍ തല കുനിച്ചുകൊണ്ട് ദൈവപുത്രനെന്ന് വിളിച്ചു പറഞ്ഞു. അവനെ അടച്ചിടാന്‍ കല്ലറകള്‍ക്കായില്ല. ശവകുടീരത്തിന്റെ പാറക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞ് അവന്‍ ഉയിര്‍ത്തെഴുന്നേറ്റു. 'സഹോദരന് വേണ്ടി ജീവന്‍ ബലി കഴിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹം ഇല്ല' എന്ന് പഠിപ്പിച്ചവന്‍ സ്‌നേഹത്തിന്റെ കരുതലാകാന്‍ നമുക്ക് അവസരം നല്‍കുകയാണ്. നമ്മെപ്പോലെ അയല്‍ക്കാരനെ സ്‌നേഹിക്കാനായില്ലെങ്കിലും സഹിക്കാന്‍ പഠിക്കുക. സഹിഷ്ണുതയില്‍ പുതിയൊരു ലോകം പുലരട്ടെ. അതിന് ശാന്തിയും സമാധാനവും കൈവരട്ടെ.
51 ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെ ഈ ദിനത്തില്‍ ദേവാലയങ്ങളില്‍ ശുശ്രൂഷകള്‍, ദിവ്യബലി, കുര്‍ബാന എന്നിവ നടത്തുന്നു. ആദ്യ നൂറ്റാണ്ടില്‍ റോമിലെ ക്രിസ്ത്യാനികള്‍ ഈസ്റ്റര്‍ ദിനത്തെ വിളിച്ചിരുന്നത് ആനന്ദത്തിന്റെ ഞായര്‍ എന്നായിരുന്നു.
അതേസമയം സ്വന്തം കുറവുകള്‍ മനസ്സിലാക്കുക; കഴിവുകളും... അന്യനായി തലതാഴ്ത്തി അശ്രുബിന്ദുനേടുന്നതിന്റെ പുണ്യവും തൃപ്തിയും അനുഭവിക്കുക. അടുത്ത് നില്‍ക്കുന്നവരെ കാണുക. അപൂര്‍ണ്ണമായ ലോകം ഈശ്വരനിയോഗം അറിഞ്ഞ് പൂര്‍ണ്ണമാക്കാന്‍ നമുക്കായാല്‍ ഓരോ ഈസ്റ്ററും വിശിഷ്ടമാകും.
https://www.facebook.com/Malayalivartha
























