ഭോപ്പാലില്‍ മരിച്ച മലയാളി നഴ്‌സിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ്

ഭോപ്പാലില്‍ മരിച്ച മലയാളി നഴ്‌സിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ്. പ്രതി ദീപക് കത്തിയാര്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നു. നഴ്‌സ് മായയുമായി പ്രതിക്ക് 4 വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. ഒരേ ആശുപത്രിയിലെ ജീവനക്കാരായിരുന്നു ഇരുവരും.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ദീപക് മറ്റൊരു വിവാഹം കഴിച്ചതോടെ പ്രശ്‌നങ്ങളായെന്നും ഇതോടെ മായയെ ഒഴിവാക്കാന്‍ പല തവണ ദീപക് ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശിയാണ് ദീപക് കത്തിയാര്‍. വിവാഹം കഴിച്ചതോടെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ മായ തയ്യാറായില്ല. വഴങ്ങുന്നില്ലെന്ന് കണ്ടതോടെ വീട്ടില്‍ വിളിച്ച് വരുത്തി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
നാല് മണിക്കൂറിന് ശേഷം മൃതദേഹം ആശുപത്രിയിലെത്തിച്ചു. കുഴഞ്ഞുവീണു എന്നാണ് ദീപക് ആശുപത്രിയില്‍ വിവരം പറഞ്ഞത്. എന്നാല്‍ കഴുത്തിലെ പാടുകള്‍ കണ്ട് സംശയം തോന്നിയതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ദീപക് നാടുവിടാന്‍ ശ്രമം നടത്തിയെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha























