മുംബൈയില്‍ പരസ്യ ബോര്‍ഡ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 14 ആയി

മുംബൈയില്‍ കനത്ത മഴയും പൊടിക്കാറ്റും മൂലം കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 14 ആയി. മുംബൈയിലെ ഘാട്കോപ്പര്‍ പ്രദേശത്താണ് തിങ്കളാഴ്ച വൈകുന്നേരം ഹോര്‍ഡിങ് തകര്‍ന്നുവീണ് ദാരുണാപകടം നടന്നത്. അപകടത്തില്‍ 60ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
എട്ട് മൃതദേഹങ്ങള്‍ ഇതിനകം തന്നെ അവശിഷ്ടങ്ങളില്‍ നിന്ന് നീക്കം ചെയ്തതായി ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) ഇന്‍സ്പെക്ടര്‍ ഗൗരവ് ചൗഹാന്‍ പറഞ്ഞു. ഇതിനിടെ സംഭവത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുംബൈ പൊലീസ് കമ്മിഷണര്‍ വിവേക് ഫന്‍സാല്‍ക്കര്‍ എക്സില്‍ പോസ്റ്റ് ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനായി മുംബൈ പൊലീസ് സംഘം സ്ഥലത്തുണ്ട്.
അതേസമയം, ഹോര്‍ഡിങ്ങിന്റെ ഉടമ ഭവേഷ് ഭിഡെയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ മുംബൈ പൊലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ (ഐപിസി) 304, 338, 337, 34 വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
മരണപ്പെട്ടവരുടെ കുടുംബത്തിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപ നല്‍കുമെന്നും പരിക്കേറ്റവരുടെ ചികില്‍സയുമായി ബന്ധപ്പെട്ട എല്ല ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അപകടത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍കറും അനുശോചനം രേഖപ്പെടുത്തി.
മുംബൈയിലെ ഘാട്കോപ്പര്‍ പ്രദേശത്ത് ഹോര്‍ഡിങ് തകര്‍ന്ന് നിരവധി പേര്‍ മരിച്ചുവെന്ന വാര്‍ത്ത അങ്ങേയറ്റം ദുഃഖകരമാണെന്നും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും രാഷ്ട്രപതി എക്സില്‍ കുറിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും വിജയം കാണാനും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാനും താന്‍ പ്രാര്‍ഥിക്കുന്നതായും രാഷ്ട്രപതി ദ്രൗപതി മുര്‍മു കുറിച്ചു.
ദാരുണമായ സംഭവത്തില്‍ പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് വൈസ് പ്രസിഡന്റ് ധന്‍കറും പറഞ്ഞു. ഈ ദുഷ്‌കരമായ സമയത്ത് തന്റെ ചിന്തകള്‍ ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണെന്നും അദ്ദേഹം പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























