ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഏഴ് നവജാതശിശുക്കള്‍ വെന്തുമരിച്ച സംഭവത്തില്‍ ആശുപത്രി ഉടമ അറസ്റ്റില്‍

ഡല്‍ഹിയിലെ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഏഴ് നവജാതശിശുക്കള്‍ വെന്തുമരിച്ച സംഭവത്തില്‍ ആശുപത്രി ഉടമ അറസ്റ്റില്‍. ഡോക്ടര്‍ നവീന്‍ കിച്ചിയാണ് അറസ്റ്റിലായത്. കിഴക്കന്‍ ഡല്‍ഹിയിലെ വിവേക് വിഹാര്‍ ഏരിയയിലെ ആശുപത്രിയിലാണ് ഇന്നലെ രാത്രി വന്‍ തീപിടിത്തം ഉണ്ടായത്. സംഭവത്തിന് പിന്നാലെ നവീന്‍ ഒളിവില്‍ പോയിരുന്നു. ഇയാള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കൂടാതെ സംഭവദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ആകാശിനെയും (25)ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി 11.30 ഓടെയാണ് ന്യൂ ബോണ്‍ ബേബി കെയര്‍ ഹോസ്പിറ്റലിലും അതിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലും തീപിടിത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയാേടെയാണ് തീ പൂര്‍ണമായും അണയ്ക്കാനായതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ മരിക്കുകയും അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ആശുപത്രിയിലെ ഇരുനില കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
12 കുഞ്ഞുങ്ങള്‍ ഉള്ളപ്പോഴായിരുന്നു തീപിടിത്തം ഉണ്ടായത്. ആശുപത്രിയില്‍ പൂര്‍ണമായും തീ പിടിച്ചതോടെ ഓടിയെത്തിയ നാട്ടുകാര്‍ പിന്‍വാതിലിലൂടെയാണ് കുട്ടികളെ പുറത്തെടുക്കുന്നത്. പിന്നാലെ അഗ്‌നിശമന സേനയും എത്തി രക്ഷപ്രവര്‍ത്തനം നടത്തി. ഏഴ് കുട്ടികള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചെന്നാണ് വിവരം. രണ്ട് വലിയ കെട്ടിടങ്ങള്‍ക്കിടയിലുള്ള പരിമിതമായ സ്ഥലത്താണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഇത് രക്ഷപ്രവര്‍ത്തനത്തെ ബാധിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സംഘം ആശുപത്രി സന്ദര്‍ശിക്കുമെന്ന് എന്‍സിപിസിആര്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനൂംഗോ പറഞ്ഞു.
https://www.facebook.com/Malayalivartha
























