കെ. രാജന്റെ വകുപ്പിൽ പിണറായിയുടെ തേരോട്ടം ! മുഖ്യമന്ത്രി മൂന്നാർ ഭൂമി കൈയേറ്റ കേസിൽ റവന്യു വകുപ്പിന്റെ നിയന്ത്രണം ഏറെടുത്തു... വൻകിട റിസോർട്ടുകാർക്ക് വേണ്ടിയാണ് സി പി ഐ യുടെ മുതിർന്ന മന്ത്രി കെ. രാജനെ പിണറായി തള്ളിയത്...

ജില്ലകളിൽ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാരുടെ ചുമതല സബ്കളക്ടർമാർക്കാ ണ്. ഏതാനും പേരൊഴികെ ബാക്കി സബ്കളക്ടർമാർക്കെല്ലാം തിരഞ്ഞെടുപ്പ് ചുമതലയുള്ളതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പൂർണനിയന്ത്രണത്തിലാണ്. വോട്ടെണ്ണലിന്റെ തിരക്കുകളിലാണ് ഉദ്യോഗസ്ഥരെല്ലാം. അതിനിടെയാണ് പ്രത്യേക അജൻഡ സൂചിപ്പിക്കാതെ യോഗം വിളിച്ചത്.പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതോടെയാണ് യോഗം പുനക്രഃമീകരിച്ചത്. അതേസമയം, ജൂൺ ആറുവരെ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ യോഗം വീണ്ടും മാറ്റിവെക്കേണ്ടിവന്നേക്കും.
പൊതുഭരണവകുപ്പാണ് (ഏകോപനവിഭാഗം) ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഗ്രേഡിലും അതിൽ താഴേക്കുമുള്ള ഐ.എ.എസുകാരുടെ യോഗം വിളിച്ചത്.
അതാകട്ടെ റവന്യുവകുപ്പിനെ അറിയിച്ചിട്ടുമില്ല. ജില്ലാ വരണാധികാരിമാരുടെ ചുമതലയുള്ള കളക്ടർമാരെ യോഗത്തിന് വിളിച്ചിരുന്നില്ല. ജില്ലാകളക്ടറേറ്റുകളിൽ നിയമിച്ചിട്ടുള്ള സബ്കളക്ടർമാർ പ്രോട്ടക്കോൾ പ്രകാരം ലാൻഡ് റവന്യു കമ്മിഷണർക്കും റവന്യു സെക്രട്ടറിക്കുമാണ് റിപ്പോർട്ട് ചെയ്യേണ്ടത്. റവന്യുവകുപ്പിനാണ് ഉദ്യോഗസ്ഥരുടെ ചുമതല.എന്നാൽ, പൊതുഭരണവകുപ്പ് യോഗം വിളിച്ച കാര്യം അറിയില്ലെന്നാണ് റവന്യു അധികൃതർ പറയുന്നത്. പൊതുഭരണവകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്.കാലവർഷം മുന്നിൽക്കണ്ട് ദുരന്തനിവാരണപ്രവർത്തനങ്ങളുടെ ഏകോപനം ലക്ഷ്യമിട്ടാണ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുള്ളതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ദുരന്തനിവാരണവിഭാഗംപ്രത്യേക അജൻഡ സൂചിപ്പിച്ചിട്ടില്ലെങ്കിലും തദ്ദേശവാർഡ് വിഭജനവുമായി ബന്ധപ്പെട്ട പ്രാഥമിക കൂടിയാലോചനകളും യോഗത്തിലുണ്ടാകുമെന്ന് കരുതുന്നു.അതേസമയം, സി.പി.ഐ കൈകാര്യംചെയ്യുന്ന റവന്യുവകുപ്പിൽ മന്ത്രിപോലും അറിയാതെ മുഖ്യമന്ത്രിക്കുകീഴിലുള്ള പൊതുഭരണവകുപ്പ് ഇടപെടുന്നതിൽ സർവീസ് സംഘടനാതലത്തിൽ മുറുമുറുപ്പ് ഉയരുന്നുണ്ട്.ഇതിനു പിന്നാലെയാണ് മൂന്നാർ കൈയേറ്റത്തിൽ ഹൈക്കോടതി ഇടപെട്ടത്. വ്യാജ പട്ടയ കേസില്‍ രവീന്ദ്രന് എതിരെ എന്ത് നടപടി എടുത്തുവെന്ന് ഹൈക്കോടതി ആരാഞ്ഞു. മൂന്നാർ ഭൂമി കേസുകൾ പരിഗണിക്കുന്ന ബെഞ്ചിന്‍റേതാണ് വിമർശനം. 42 ഭൂമി കേസുകളിൽ സർക്കാർ കോടതിയിൽ തോറ്റു. എന്നിട്ടും എന്ത് കൊണ്ട് അപ്പീൽ ഫയൽ ചെയ്തില്ലെന്നും കോടതി ചോദിച്ചു. അപ്പീൽ ഫയൽ ചെയ്താൽ റിസോർട്ടുകാർ ബുദ്ധിമുട്ടിലാവും.500 വ്യാജ പട്ടയം ഉണ്ടാക്കിയാൽ 500 കേസുകൾ വേണ്ടേ എന്ന് കോടതി ചോദിച്ചു. വ്യാജപട്ടയ കേസിൽ ഗൂഢാലോചന കുറ്റം മാത്രം ചുമത്തിയത് തൃപ്തികമല്ലെന്നും വൻ അഴിമതിയാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു. രവീന്ദ്രന് മാത്രമായി വ്യാജ പട്ടയം ഉണ്ടാക്കാനാകില്ല.പിന്നിൽ വേറെയും ചില ആളുകൾ ഉണ്ടാകും. കേസിൽ സിബിഐയെ സ്വമേധയാ കക്ഷി ചേർക്കും എന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് സി ബി ഐക്ക് വിടുമുമ്പ് പ്രതികളെ കേൾക്കണമെന്ന് വാദം എന്തിനെന്നും കോടതി ചോദിച്ചു. കേസ് സിബിഐയ്ക്ക് വിടുന്നതിന് മുമ്പ് അഡ്വക്കേറ്റ് ജനറലിനെയും കേൾക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.കഴിഞ്ഞ ദിസവും മൂന്നാറിലെ ഭൂമി കയ്യേറ്റ കേസിൽ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.കേസിൽ സർക്കാരിന് അലംഭാവമാണെന്ന് വിമര്‍ശിച്ച ഹൈക്കോടതി, അന്വേഷണം സിബിഐയെ ഏൽപ്പിക്കേണ്ടി വരുമെന്നും പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് വിജിലൻസ് അന്വേഷണം ഫലപ്രദമല്ലെന്നും ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ആവർത്തിച്ച് ഉത്തരവിട്ടിട്ടും മൂന്നാറിൽ കൈയ്യേറ്റം ഒഴിപ്പിക്കൽ നിശ്ചലമായതിനാൽ കടുത്ത ഭാഷയിലാണ് കോടതി കഴിഞ്ഞ ദിവസം സർക്കാരിനെ വിമർശിച്ചത്. മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കുന്നതിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചെന്ന് റിപ്പോർട്ട് നൽകാൻ മോണിറ്ററിങ് കമ്മിറ്റിയോട് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. വരുന്ന ചൊവ്വാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിര്‍ദേശിച്ചിരുന്നത്. മോണിറ്ററിങ് കമ്മിറ്റിക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നുവെന്ന് ഓൺലൈനായി ഹാജരായ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി കോടതിയിൽ വിശദീകരിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് ലഭിച്ചതിനു പിന്നാലെയാണ് വീണ്ടും വിമര്‍ശനം.വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി 45 ദിവസത്തിനകം അർഹരായവർക്ക് പകരം പട്ടയം നൽകുമെന്ന് സർക്കാർ ഉത്തരവിറങ്ങി മൂന്ന് മാസമായിട്ടും നടപടികൾ എങ്ങുമെത്തിയില്ല.മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് നടപടികൾ വൈകിപ്പിക്കുന്നത്. 2022 ജനുവരിയിലാണ് ഉത്തരവിറങ്ങിയത്. മറയൂർ, കാന്തല്ലൂർ, കീഴാന്തൂർ, കുഞ്ചിത്തണ്ണി വില്ലേജുകളിലെ തെളിവെടുപ്പ് നടപടികൾ മാത്രമാണ് ഒരുവിധം പൂർത്തിയായത്. ബാക്കി അഞ്ച് വില്ലേജുകളിലേത് അവശേഷിക്കുകയാണ്. പട്ടയം റദ്ദാക്കി അർഹരായവർക്ക് പുതിയത് നൽകുന്നതിന് നാല്പതിലധികം റവന്യൂ ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സംഘത്തെയും സർക്കാർ നിയോഗിച്ചിരുന്നു. എന്നാൽ, സങ്കീർണമായ പട്ടയ നടപടികളിൽ ഏറെ സൂക്ഷ്മത പാലിക്കേണ്ടതിനാൽ കാര്യങ്ങളിൽ വേണ്ടത്ര പുരോഗതിയുണ്ടായിട്ടില്ല. ഇതോടെ നിശ്ചയിച്ച തീയതിക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുക അസാദ്ധ്യമാണെന്നും കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. ഇതോടെ രവീന്ദ്രൻ പട്ടയം റദ്ദാക്കപ്പെടുന്നവർക്ക് പകരം പട്ടയം കിട്ടാൻ വൈകുമെന്ന് ഏറെക്കുറെ ഉറപ്പായി. 1971ന് മുമ്പ് കുടിയേറിയവർക്കാണ് 1964 ലെ ഭൂപതിവ് ചട്ടപ്രകാരം പുതിയ പട്ടയം അനുവദിക്കുന്നത്. അതിനാൽ പട്ടയം റദ്ദാക്കപ്പെടുന്നവർ 1971ന് മുമ്പ് കുടിയേറിയവരാണെന്ന് തെളിയിക്കേണ്ട രേഖകൾ പുതിയ പട്ടയത്തിന് മാനദണ്ഡമാക്കുമോ എന്ന ആശങ്കയുമുണ്ട്. പഴയ പട്ടയ ഉടമകൾ മരിച്ച കേസുകളിൽ പുതിയ പട്ടയത്തിന് അനന്തരാവകാശികൾ അർഹരാണോ എന്നും വ്യക്തമല്ല. രവീന്ദ്രൻ പട്ടയത്തിന്റെ നിയമസാധുത ചോദ്യമായി അവശേഷിക്കുമ്പോഴും ഇത് ഈടായി സ്വീകരിച്ച് ചില ബാങ്കുകൾ ഭൂവുടമകൾക്ക് വായ്പ നൽകിയിട്ടുണ്ട്. 24 വർഷം മുമ്പ് നൽകിയ പട്ടയം ക്രമവത്കരിച്ച് നൽകുമെന്ന പ്രതീക്ഷയിൽ ചില പട്ടയ ഉടമകൾ തങ്ങൾക്ക് ലഭിച്ച ഭൂമിയിൽ ഉപജീവനമാർഗമെന്ന നിലയിൽ കടമുറികളുൾപ്പെടെ നിർമിച്ചിട്ടുമുണ്ട്. സംസ്ഥാനത്ത് ഉന്നത സ്ഥാനങ്ങളിലുള്ള ചിലർക്ക് രവീന്ദ്രൻ പട്ടയമുള്ള ഭൂമിയിൽ വൻകിട റിസോർട്ടുകളും സ്ഥാപനങ്ങളുമുണ്ട്. കോടതിയെ സമീപിച്ച് കരംഅടയ്ക്കാനും നിർമാണപ്രവർത്തനം നടത്താനുമുള്ള അനുമതി വാങ്ങിയവരാണ് ഇക്കൂട്ടത്തിൽ കൂടുതലും.2022 ജനുവരി 19 നാണ് വിവാദമായ മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ റവന്യൂ വകുപ്പ് തീരുമാനമെടുത്തത്. 45 ദിവസത്തിനുള്ളിൽ 530 പട്ടയങ്ങളും പരിശോധിച്ച് നിയമാനുസൃതമല്ലാത്തവ റദ്ദ് ചെയ്യാനും അർഹതയുള്ളവർക്ക് പുതിയ പട്ടയം നൽകാനുമാണ് ജില്ലാ കളക്ടർക്ക് അഡീ. ചീഫ് സെക്രട്ടറി നൽകിയ ഉത്തരവിൽ പറയുന്നത്. പട്ടയം റദ്ദാക്കാനുള്ള സർക്കാർ ഉത്തരവിനെതിരെ ജില്ലയിലെ സി.പി.എം- സി.പി.ഐ നേതൃത്വം ഒരുപോലെ രംഗത്ത് വന്നെങ്കിലും വിവാദമായ ഈ പട്ടയങ്ങളെല്ലാം സാധൂകരിച്ച് നൽകാനുള്ള സർക്കാരിന്റെ തന്ത്രമാണ് റദ്ദാക്കൽ നടപടിയെന്നും ആക്ഷേപം ശക്തമാണ്. രവീന്ദ്രൻ പട്ടയം റദ്ദുചെയ്ത് എല്ലാവർക്കും പുതിയ പട്ടയം നൽകുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മൂന്നാർ നിവാസികൾക്ക് ഇടതുപക്ഷനേതാക്കൾ ഉറപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് ദേവികുളം ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ അഞ്ച് പേരടങ്ങുന്ന രണ്ട് സംഘത്തിന്റെ റിപ്പോർട്ട് പ്രകാരമാണ് ഇപ്പോഴത്തെ റെവന്യൂ വകുപ്പ് ഉത്തരവെന്നാണ് അറിയുന്നത്. എന്നാൽ താലൂക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ച്, ജില്ലാ കളക്ടർ അനുവദിച്ച ഈ പട്ടയങ്ങളെല്ലാം റദ്ദാക്കുമ്പോൾ കോടതിയിൽ ചോദ്യം ചെയ്യപ്പെടാനുമുള്ള സാദ്ധ്യതയുമുണ്ട്. രവീന്ദ്രൻ പട്ടയം കൈവശമുള്ള റിസോർട്ട് ഉടമകളുടെ നേതൃത്വത്തിൽ കോടതിയെ സമീപിച്ചേക്കും.എന്താണ് രവീന്ദ്രൻ പട്ടയങ്ങൾ?1998ലാണ് ഡെപ്യൂട്ടി തഹസിൽദാറായിരുന്ന എം.ഐ. രവീന്ദ്രന് ദേവികുളം അഡീഷണൽ തഹസിൽദാറുടെ ചുമതല നൽകിയത്. പട്ടയവിതരണത്തിന്റെ അധിക ചുമതലയുമുണ്ടായിരുന്നു രവീന്ദ്രന്. പട്ടയം ഒപ്പിട്ട് നൽകാനുള്ള അധികാരം തഹസിൽദാർക്ക് മാത്രമാണെന്നാണ് ചട്ടം. ജില്ലാ കളക്ടർ അഡീഷണൽ തഹസിൽദാരുടെ ചുമതല നൽകിയ എം.ഐ. രവീന്ദ്രൻ ഒപ്പിട്ട 530 പട്ടയങ്ങളാണ് വിതരണം ചെയ്തത്. എന്നാൽ ജില്ലാ കളക്ടറുടെ ഈ ഉത്തരവ്, സ്റ്റാറ്റ്യൂട്ടറി റഗുലേറ്ററി ഓർഡർ വഴി ഗസറ്റിൽ വിജ്ഞാപനം ചെയ്ത് സാധൂകരിക്കാൻ റെവന്യൂ വകുപ്പിനായില്ല. രവീന്ദ്രൻ ഒപ്പിട്ട് വിതരണം ചെയ്ത പട്ടയങ്ങളെല്ലാം ഇതോടെ ചട്ടവിരുദ്ധമായി. കളക്ടർ സാക്ഷ്യപ്പെടുത്തേണ്ട കെ.ഡി.എച്ച് ചട്ടപ്രകാരമുള്ള പട്ടയത്തിലും എം.ഐ. രവീന്ദ്രനാണ് ഒപ്പുവച്ചിട്ടുള്ളത്. ഇതോടൊപ്പം ശംഖുമുദ്രയും പട്ടയത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഈ സർക്കാർ സീൽ കാണാതെ പോയെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 2008ലെ മൂന്നാർ ദൗത്യസംഘം ഈ പട്ടയങ്ങളെല്ലാം റദ്ദാക്കാൻ തീരുമാനിച്ചു. എന്നാൽ സി.പി.എം നേതൃത്വത്തിന്റെയുൾപ്പെടെ ശക്തമായ എതിർപ്പിനെ തുടർന്ന് സർക്കാർ പിൻവാങ്ങുകയായിരുന്നു. രവീന്ദ്രൻ പട്ടയം ലഭിച്ചവരിൽ ഏറെയും സാധാരണക്കാരായിരുന്നു. എന്നാൽ പലരും ഈ ഭൂമി വൻകിടക്കാർക്ക് വിൽപന നടത്തി. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദ് ചെയ്യുന്നതോടെ ഈ ഭൂമിയുടെ അവകാശം സർക്കാരിൽ നിക്ഷിപ്തമാകും. ഇത് തന്നെയാണ് പട്ടയം റദ്ദാക്കാനുള്ള പ്രധാന തടസം. അപേക്ഷ നൽകുമ്പോൾ അർഹരായവർക്ക് പുതിയ പട്ടയം നൽകുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് ഏറെ കാലതാമസമെടുക്കും.രവീന്ദ്രൻ പട്ടയങ്ങളിൽ ഭൂരിഭാഗവും മൂന്നാർ ഇക്കാ നഗറിലാണ്. മുപ്പതോളം വൻ റിസോർട്ടുകളും ഹോട്ടലുകളുമാണ് ഈ മേഖലയിൽ മാത്രമുള്ളത്. ബഹുനില കെട്ടിടമായ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസടക്കം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഇക്കാ നഗർ കഴിഞ്ഞാൽ രവീന്ദ്രൻ പട്ടയമേറെയുള്ളത് പള്ളിവാസൽ, ചിന്നക്കനാൽ, ആനവിരട്ടി എന്നീ പ്രദേശങ്ങളിലാണ്. വീടുവയ്ക്കാനും കൃഷിചെയ്യാനും മാത്രം അവകാശമുള്ള ഈ പട്ടയഭൂമിയിലേറെയും ഇപ്പോൾ വൻകിട റിസോർട്ടുകളാണ് കെട്ടിപ്പൊക്കിയിരിക്കുന്നത്. ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവരടക്കം ഇത്തരത്തിൽ വ്യാപകമായി ഭൂമി കൈയേറി പട്ടയം നേടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. കൃഷി ചെയ്യാനും വീട് വയ്ക്കാനും നൽകിയ ഭൂമി വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിച്ചവരുടെ പട്ടയം റദ്ദാക്കിയാൽ അഞ്ചുനില കെട്ടിടത്തിലുള്ള സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിന്റെ പട്ടയവും റദ്ദാക്കേണ്ടി വരും. അത്തരം കടുത്ത നടപടിക്ക് റവന്യൂവകുപ്പ് മുതിരുമോയെന്ന് കണ്ടറിയണം. സി.പി.ഐയുടെ മൂന്നാറിലെ മണ്ഡലം കമ്മിറ്റി ഓഫീസിന്റെ പിൻവശത്തുള്ള പത്ത് സെന്റ് രവീന്ദ്രൻ പട്ടയമായിരുന്നു. എന്നാൽ പാർട്ടി ആവശ്യപ്രകാരം ഈ പട്ടയം നേരത്തെ റദ്ദാക്കി.
1999ൽ ഇകെ നായനാർ അധികാരത്തിലിരിക്കുന്ന സമയം. കെ ഇ ഇസ്മയിൽ ആയിരുന്നു അന്നത്തെ റവന്യൂ മന്ത്രി. ഇടുക്കി ദേവികുളത്ത് ഒരു പട്ടയവിതരണം നടന്നു. ദേവികുളം താലൂക്കിൽ അഡീഷണൽ തഹസിൽദാരായിരുന്ന എംഐ രവീന്ദ്രനാണ് പട്ടയങ്ങൾ പതിച്ചുനൽകിയത്. 530 പട്ടയങ്ങൾ അന്ന് വിതരണം ചെയ്തു. 4251 ഹെക്ടർ ഭൂമിയായിരുന്നു അത്. എന്നാൽ, ഭൂമി പതിവ് ലംഘിച്ചുകൊണ്ട് ചോദിക്കുന്നവർക്കെല്ലാം പട്ടയങ്ങൾ പതിച്ചുനൽകി എന്ന് ആരോപണം ഉയർന്നു. അതോടെ പട്ടയങ്ങളുടെ നിയമസാധുത ചോദ്യം ചെയ്യപ്പെട്ടു.മൂന്നാറിൽ ഭൂമികയ്യേറ്റം വ്യാപകമാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 2007ൽ മുഖ്യമന്ത്രി ആയിരുന്ന വിഎസ് അച്യുതാനന്ദൻ കയേറ്റം പരിശോധിക്കാൻ ദൗത്യസംഘത്തെ നിയോഗിച്ചു. കെ സുരേഷ് കുമാർ ഐഎഎസ്, ഋഷിരാജ് സിങ് ഐപിഎസ്, രാജു നാരായണസ്വാമി ഐഎഎസ് എന്നിവരായിരുന്നു ഈ സംഘത്തിലുണ്ടായിരുന്നത്. രവീന്ദ്രന് പട്ടയം നൽകാൻ അധികാരമില്ലെന്ന് സുരേഷ് കുമാർ വാദിച്ചു. ഇതോടെ വൻകിട കമ്പനികൾ അടക്കമുള്ളവരുടെ പട്ടയങ്ങൾ വീണ്ടും ചർച്ചയായി.
സാങ്കേതികത്വത്തിൻ്റെ പേരിൽ പട്ടയം നിഷേധിക്കരുതെന്ന വാദവുമായി ഭൂവുടമകൾ കോടതിയെ സമീപിച്ചു. ഇതോടെ വിഷയം താത്കാലികമായി കെട്ടടങ്ങി.പിന്നീട് 2022 ജനുവരിയിൽ പട്ടയങ്ങൾ റദ്ദാക്കാൻ സർക്കാർ ഉത്തരവിട്ടതോടെ ഇവ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചു. റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ജയതിലക് ആണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ 530 പട്ടയങ്ങളും റദ്ദാക്കപ്പെടുമെന്നാണ് കരുതിയത്. 45 ദിവസത്തിനകം റദ്ദാക്കൽ നടപടികൾ പൂർത്തിയാക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ ഇടുക്കിയിൽ റദ്ദ് ചെയ്ത രവീന്ദ്രൻ പട്ടയങ്ങൾക്ക് പകരം പുതിയ പട്ടയം നൽകാനുള്ള നടപടികൾ മന്ദഗതിയിലായി . ലാൻ്റ് അസൈൻമെൻ്റ് കമ്മിറ്റി ശിപാർശയുടെ പേരിൽ 1999 ൽ ദേവികുളം താലൂക്കിലെ ഒമ്പത് വില്ലേജുകളിലായി 531 പട്ടയങ്ങളാണ് അന്നത്തെ അഡീഷണൽ തഹസീൽദാരായിരുന്ന എം.ഐ രവീന്ദ്രൻ നൽകിയത്. പട്ടയം നൽകാൻ കലക്ടർക്ക് അധികാരമുള്ള KDH വില്ലേജിൽ മാത്രം 127 പട്ടയങ്ങൾ വിതരണം ചെയ്തു. 4251 ഹെക്ടർ സ്ഥലമാണ് ഇത്തരത്തിൽ വിതരണം ചെയ്തത്. കലക്ടറായിരുന്ന വി.ആർ പത്മനാഭൻ പട്ടയം നൽകാൻ ചുമതലപ്പെടുത്തിയെന്നായിരുന്നു രവീന്ദ്രൻ്റെ അവകാശവാദം.
രവീന്ദ്രൻ പട്ടയം ലഭിച്ചവയിൽ ഏറിയ പങ്കും പത്ത് സെന്റിൽ താഴെയുള്ള സ്ഥലങ്ങളാണ്. പട്ടയ ഭൂമിയിൽ പാർട്ടി ഓഫീസുകളും റിസോർട്ടുകളും ഉണ്ട്.45 പേരടങ്ങുന്ന പ്രത്യേക സംഘത്തിന്റെ മേൽ നോട്ടത്തിൽ 45 ദിസത്തിനകം പുതിയ പട്ടയം. ഇങ്ങനെയായിരുന്നു സർക്കാർ പ്രഖ്യാപനം. ഉത്തരവിറങ്ങി രണ്ട് വർഷവും നാലു മാസവും പിന്നിട്ടിട്ടും നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. പ്രത്യേക സംഘവും ജില്ലയിൽ നിന്ന് മടങ്ങുകയും ചെയ്തു.531 പട്ടയങ്ങളിൽ ഹിയറിംഗ് നടത്തി 472 പട്ടയങ്ങളാണ് റദ്ദ് ചെയ്തത്. 59 പട്ടയങ്ങളിൽ നടപടികൾ പുരോഗമിക്കുകയാണ്. ഇതു വരെ ലഭിച്ച പുതിയ അപേക്ഷകൾ കേവലം 264 എണ്ണമാണ്. ദേവികുളം താലൂക്കിലെ 69 പേർക്ക് മാത്രമാണ് പുതിയ പട്ടയങ്ങൾ വിതരണം ചെയ്തത്. രേഖകൾ ഹാജരാക്കാൻ ഭൂവുടമകളെടുക്കുന്ന കാലതാമസവും ജീവനക്കാരുടെ കുറവുമാണ് നടപടികൾ വൈകാൻ പ്രധാന കാരണം
രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ റവന്യുമന്ത്രി കെ.രാജൻ്റെ നിർദ്ദേശാനുസരണം റവന്യു പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവ് മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചിരുന്നു. വി എസ് അച്ചുതാനന്ദൻ്റെ കാലത്തെ പ്രവർത്തനങ്ങളൊന്നും തുടരാൻ പിണറായിക്ക് താത്പര്യമില്ല. ഇടുക്കി ജില്ല ഇപ്പോൾ ഇടതുപക്ഷത്തിൻ്റെ കൈയിലാണ്.ഒരിക്കൽ വലതു മുന്നണിയുടെ കൈയിലായിരുന്ന ജില്ല. ജോസ് കെ മാണി ഇടതു പക്ഷത്തിൽ ചേർന്നതോടെ ജില്ല പൂർണമായി ഇടതുപക്ഷത്തിൻ്റെ കൈയിലായി. കേരള കോൺഗ്രസിൻ്റെ പ്രതിനിധി ഇടുക്കി ജില്ലക്കാരനാണ്. ഇടുക്കിയിൽ നിന്നും പട്ടയം റദ്ദാക്കി ജനങ്ങളെ ഇറക്കിവിടുന്ന ഒരു സാഹചര്യം കേരള കോൺഗ്രസിന് ചിന്തിക്കാൻ പോലും കഴിയില്ല. വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള സർക്കാർ ഉത്തരവ് വന്നതിനു പിന്നാലെ സിപിഎം സിപിഐ പോര് രൂക്ഷമായി. എൽ ഡി എഫ് സർക്കാരിന്‍റെ കാലത്ത് നിയമപരമായി നൽകിയതാണ് ഈ പട്ടയങ്ങളെന്ന് എംഎം മണി പ്രതികരിച്ചു. പട്ടയങ്ങൾ റദ്ദാക്കുന്നതിന്റെ പേരിൽ മൂന്നാറിലെ പാർട്ടി ഓഫിസിനെ തൊടാൻ വന്നാൽ അത് അനുവദിച്ച് കൊടുക്കില്ലെന്നും റവന്യുവകുപ്പിന്റെ ഇപ്പോഴത്തെ നിലപാട് മനസിലാകുന്നില്ലെന്നും എം എം മണി പ്രതികരിച്ചു.
എം എം മണിക്ക് മറുപടിയുമായി റവന്യു മന്ത്രി കെ രാജന്‍ തന്നെ അന്ന് രംഗത്തെത്തി. രവീന്ദ്രൻ പട്ടയം റദ്ദാക്കുന്നതിൽ തെറ്റായ വ്യാഖ്യാനം വേണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിനിടെ സിപിഐക്കെതിരെ ഗുരുതര ആരോപണവുമായി അന്നത്തെ അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസിൽദാർ എം ഐ രവീന്ദ്രനുമെത്തി.
പട്ടയം റദ്ദാക്കുന്നത് സി പിഎം ഓഫീസ് ഒഴിപ്പിക്കാൻ ആണെന്നായിരുന്നു എം ഐ രവീന്ദ്രൻ പ്രതികരിച്ചത്. സിപിഐ ഓഫീസ് നേരത്തെ ഒഴിപ്പിച്ചതിൽ പാർട്ടിക്ക് അമർഷമുണ്ടായിരുന്നു. താൻ അനുവദിച്ച 530 പട്ടയങ്ങളും ചട്ട പ്രകാരമാണ്. തന്റെ പേരിൽ വ്യാജ പട്ടയം ഇറങ്ങിയിട്ടുണ്ട്. അതിൽ നേരത്തെ നടപടി എടുത്തതാണെന്നും എം ഐ രവീന്ദ്രൻ പ്രതികരിച്ചു. ഏതായാലും രവീന്ദ്രന് ഒപ്പമാണ് സർക്കാർ.
https://www.facebook.com/Malayalivartha
























