17കാരന്‍ ഓടിച്ച പോര്‍ഷെ കാറിടിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവം... പ്രതി മദ്യപിച്ചിട്ടില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ പ്രതിയുടേതിനുപകരം സ്വന്തം രക്തം പരിശോധനയ്ക്ക് നല്‍കിയ അമ്മ അറസ്റ്റില്‍

17കാരന്‍ മദ്യലഹരിയില്‍ ഓടിച്ച പോര്‍ഷെ കാറിടിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി മദ്യപിച്ചിട്ടില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതും പോലീസ് കൈയ്യോടെ പൊക്കി. പ്രതി മദ്യപിച്ചിട്ടില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ പ്രതിയുടേതിനുപകരം സ്വന്തം രക്തം പരിശോധനയ്ക്ക് നല്‍കിയ പ്രതിയുടെ അമ്മ ശിവാനി അഗര്‍വാളിനെ അറസ്റ്റ് ചെയ്തു. പ്രതിയുടേതെന്ന നിലയില്‍ പരിശോധിച്ച രക്തം ശിവാനി അഗര്‍വാളിന്റേതാണെന്ന് കണ്ടെത്തിയിരുന്നു. അപകടസമയത്ത് പ്രതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ രക്തസാമ്പിളുകളും മാറ്റിയിരുന്നു.
പ്രതിയുടെ പിതാവിന്റെ ആവശ്യ പ്രകാരമാണ് ഇത് ചെയ്തതെന്നും ഡോക്ടര്‍മാര്‍ കൃത്രിമം കാട്ടിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. മാത്രമല്ല ? കുറ്റകൃത്യം മറച്ചുവയ്ക്കാന്‍ കുടുംബം പലരീതിയില്‍ സ്വാധീനം ചെലുത്തിയെന്നും വെളിപ്പെട്ടു. മകനെതിരെ പ്രചരിക്കുന്ന ഒരു വീഡിയോ വ്യാജമാണെന്നും മകനെ രക്ഷിക്കണമെന്നും പൊലീസിനോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് ശിവാനി മുമ്പ് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു.
അതിനിടെ പ്രതിയെ ചോദ്യം ചെയ്യാന്‍ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ അനുമതി തേടി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മാതാപിതാക്കളുടെ സാന്നിദ്ധ്യത്തില്‍ ചോദ്യം ചെയ്യണമെന്നാണ് ചട്ടം. അപകട ദിവസം 17കാരന്‍ മദ്യപിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.നേരത്തേ അറസ്റ്റിലായ പിതാവ് വിശാല്‍ അഗര്‍വാളും മുത്തച്ഛന്‍ സുരേന്ദ്ര അഗര്‍വാളും ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വാഹനം നല്‍കിയതിനാണ് പിതാവ് അറസ്റ്റിലായത്. അപകടം നടന്നതിന് പിന്നാലെ കുടുംബ ഡ്രൈവറെ കുറ്റം ഏറ്റെടുക്കാന്‍ ഭീഷണിപ്പെടുത്തിയതിന്റെ പേരിലാണ് സുരേന്ദ്ര അഗര്‍വാള്‍ അറസ്റ്റിലായത്. ഡ്രൈവറെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി കുറ്റം ഏറ്റെടുക്കാന്‍ നിര്‍ബന്ധിച്ചു എന്നതാണ് കേസ്.
മേയ് 19 ന് രാത്രിയിലുണ്ടായ അപകടത്തില്‍ യുവ എന്‍ജിനിയര്‍മാരായ അനീഷ് അവാധിയയും അശ്വിനി കോസ്തയുമാണ് കൊല്ലപ്പെട്ടത്. അപകടം നടന്ന് 15 മണിക്കൂറിനുള്ളില്‍ പ്രതിയെ ഉപന്യാസം എഴുതുന്നതുള്‍പ്പെടെയുള്ള ചെറിയ ഉപാധികളോടെ ജാമ്യം നല്‍കി വിട്ടയച്ചതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഉത്തരവ് പരിഷ്‌കരിക്കുകയും ജൂണ്‍ അഞ്ച് വരെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് അയയ്ക്കുകയും ചെയ്തു. ഈ വിഷയത്തില്‍ വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് അടുത്തയാഴ്ച സമര്‍പ്പിക്കും.
https://www.facebook.com/Malayalivartha
























