മോഷണത്തിനായി വീട്ടിലെത്തിയ കള്ളനെ കുടുക്കിയത് വീട്ടിലെ എയര്‍കണ്ടീഷണര്‍

മോഷണത്തിനായി വീട്ടിലെത്തിയ കള്ളനെ കുടുക്കിയത് വീട്ടിലെ എയര്‍കണ്ടിഷണര്‍. വീട്ടിലെ എയര്‍കണ്ടിഷണര്‍ ഓണാക്കി ക്ഷീണംകാരണം ഉറങ്ങിപ്പോയ കള്ളനെ ഉറക്കത്തില്‍ നിന്ന് വിളിച്ചുണത്തിയത് പോലീസ്. ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ നിന്നുള്ള മോഷണ ശ്രമമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഞായറാഴ്ച പുലര്‍ച്ചെ ലഖ്നൗവിലെ ഇന്ദിരാനഗര്‍ പ്രദേശത്തുള്ള വീട്ടിലേക്ക് ഇയാള്‍ കയറിയപ്പോഴാണ് സംഭവം. വാരണാസിയില്‍ ജോലി ചെയ്യുന്ന സുനില്‍ പാണ്ഡെയുടേതാണ് ഈ വീട്. വീട് ആളൊഴിഞ്ഞതറിഞ്ഞ് ഇയാള്‍ വീടിന്റെ മുന്‍വശത്തെ ഗേറ്റ് തുറന്ന് അകത്ത് കയറുകയായിരുന്നു.
വീടിനകത്ത് കയറിയപ്പോള്‍ കള്ളന്റെ കണ്ണില്‍ ആദ്യംപെട്ടത് എയര്‍കണ്ടിഷണര്‍.പിന്നെ ഒന്നും നോക്കിയില്ല അത് ഓണാക്കി. പിന്നെ, തറയില്‍ സുഖമായി കിടന്നു, തലയണയില്‍ തലവെച്ച്, താമസിയാതെ ഉറങ്ങി. വീടിന്റെ മുന്‍വശത്തെ ഗേറ്റ് തുറന്നുകിടക്കുന്നത് കണ്ടപ്പോള്‍ അയല്‍വാസികള്‍ ഡോ. പാണ്ഡെയെ ഫോണില്‍ വിളിച്ചു. എന്നാല്‍, ഈ സമയം ലഖ്നൗവില്‍ ഇല്ലാതിരുന്നതിനാല്‍ പാണ്ഡെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ എയര്‍കണ്ടീഷണര്‍ ഓണാക്കി സുഖമായി ഉറങ്ങുന്ന ആളെയാണ് കണ്ടത്. വലത് കൈയ്യില്‍ മൊബൈല്‍ ഫോണ്‍ പിടിച്ച് ഗാഢനിദ്രയിലിരിക്കുന്ന കള്ളന്റെ ചിത്രം കാണാം. മോഷ്ടിക്കാനെന്ന ഉദ്ദേശത്തോടെയാണ് ഇയാള്‍ വീടിനുള്ളില്‍ കയറിയതെന്നും എന്നാല്‍ ഇയാള്‍ ഉറങ്ങിപ്പോയെന്നും നോര്‍ത്ത് സോണ്‍ ഡിസിപി ആര്‍ വിജയ് ശങ്കര്‍ പറഞ്ഞു.
'അദ്ദേഹം അമിതമായി മദ്യപിച്ചതിനാല്‍ ഉറങ്ങിപ്പോയി, എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. പോലീസ് കള്ളനെ അറസ്റ്റ് ചെയ്തു.സംഭവത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























