കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ചെന്ന് സംശയിക്കുന്ന 34പേർ മരിച്ചു:- വിവിധ ആശുപത്രികളിലായി സ്ത്രീകളടക്കം 108 പേർ ചികിത്സയിൽ; 20പേരുടെ നില ഗുരുതരം...

തമിഴ്നാട് കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ചെന്ന് സംശയിക്കുന്ന 34പേർ മരിച്ചു. വിവിധ ആശുപത്രികളിലായി സ്ത്രീകളടക്കം 108 പേർ ചികിത്സയിലാണ്. 20പേരുടെ നില ഗുരുതരാമെന്നാണ് റിപ്പോർട്ടുകൾ. കള്ളക്കുറിച്ചിയിലെ കരുണപുരത്ത് നിന്നാണ് ഇവർ മദ്യം കഴിച്ചത്. പ്രദേശത്ത് വ്യാജമദ്യം വിറ്റ ഗോവിന്ദരാജൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽനിന്ന് 200 ലിറ്റർ വ്യാജമദ്യം കണ്ടെടുത്തു. മദ്യത്തിൽ മെഥനോളിന്‍റെ അംശം സ്ഥിരീകരിച്ചതായി തമിഴ്നാട് സർക്കാർ അറിയിച്ചു. ദുരന്തത്തിന് പിന്നാലെ കള്ളക്കുറിച്ചി കലക്ടർ ശ്രാവൺ കുമാർ ജെതാവത്തിനെ സ്ഥലം മാറ്റി. ജില്ലാപൊലീസ് മേധാവി സമയ് സിങ് മീണയെ സസ്പെൻഡ് ചെയ്യാനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉത്തരവിട്ടു.
ചൊവ്വാഴ്ച രാത്രിയാണ് ചിലർ വ്യാജ മദ്യവില്‍പ്പനക്കാരില്‍നിന്ന് മദ്യം വാങ്ങിക്കഴിച്ചതിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചത്. തുടർന്ന് തലവേദന, ഛര്‍ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പലരും ബോധരഹിതനായി വീണു. അപകടത്തില്‍ കളക്ടറെ മാറ്റിയതിന് പിന്നാലെ പുതിയ കളക്ടര്‍ എം എസ് പ്രശാന്ത് ചുമതലയേല്‍ക്കും. ദുരന്തത്തില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി.
ഇന്ന് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കേയുണ്ടായ വിഷമദ്യ ദുരന്തം സംസ്ഥാന സർക്കാരിനെതിരേ ആയുധമാക്കാൻ പ്രതിപക്ഷം ശ്രമം തുടങ്ങി. സംഭവത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്ന് പി.എം.കെ. നേതാവ് എസ്. രാംദാസ് പറഞ്ഞു. തമിഴ്‌നാട് മയക്കുമരുന്നിന്റെയും വ്യാജമദ്യത്തിന്റെയും കേന്ദ്രമായി മാറിയെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ കുറ്റപ്പെടുത്തി. വിഷമദ്യദുരന്തമാണ് ഡി.എം.കെ. സർക്കാരിന്റെ ഏറ്റവും വലിയ സംഭാവനയെന്ന് നാം തമിഴർ കക്ഷി നേതാവ് സീമാൻ പറഞ്ഞു. കഴിഞ്ഞവർഷം മേയിൽ വിഴുപുരത്ത് രണ്ടിടത്തായുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ 22 പേർ മരിച്ചിരുന്നു.
കള്ളക്കുറിച്ചിയിൽ രണ്ടായിരം പൊലീസുകാരെ വിന്യസിച്ചു. സംഭവത്തിൽ മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായത്. മദ്യദുരന്തത്തിൽ സിബിസിഐഡി അന്വേഷണവും പ്രഖ്യാപിച്ചു. പൊലീസ് ലഹരിവിരുദ്ധ വിഭാഗത്തിലെ ഡെപ്യൂട്ടി സൂപ്രണ്ടടക്കം മുഴുവൻ ഉദ്യോഗസ്ഥരെയും താൽക്കാലികമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. എം.എസ്.പ്രശാന്തിനെ കള്ളക്കുറിച്ചിയിലെ ജില്ലാ കലക്ടറായും രജത് ചതുർവേദിയെ ജില്ലാ പൊലീസ് സൂപ്രണ്ടായും നിയമിച്ചു. സംസ്ഥാനത്ത് വ്യാജമദ്യമൊഴുകുന്നത് തടയുന്നതിൽ സർക്കാർ പരാജയമാണെന്ന് ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ ആരോപിച്ചു. സംഭവത്തില്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കേന്ദ്രത്തിന് കത്ത് നല്‍കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടേക്കും.
മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. 108 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. 20 പേര്‍ നിലവില്‍ അത്യാസന്ന നിലയില്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ ജില്ലാ കലക്‌ടർ എം.എസ്. പ്രശാന്ത് സന്ദർശിച്ചു. മരണത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ദുരന്തത്തിന് കാരണമായവരെ അറസ്‌റ്റ് ചെയ്യുമെന്നും ദുരന്തം തടയുന്നതിൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പറഞ്ഞു.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും തുടര്‍ച്ചയായി വ്യാജമദ്യം കഴിച്ചുണ്ടാകുന്ന മരണ വാര്‍ത്തകളില്‍ ഗവർണർ ആശങ്ക അറിയിച്ചു. കാലാകാലങ്ങളായി, വ്യാജമദ്യത്തിന്‍റെ ഉപയോഗം കാരണം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകള്‍ മരിക്കുന്നു. അനധികൃത മദ്യ ഉൽപാദനവും ഉപഭോഗവും തടയുന്നതിലെ തുടർച്ചയായ പോരായ്‌മകളാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഇത് ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും തമിഴ്‌നാട് രാജ്ഭവൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
കള്ളക്കുറിച്ചിയിൽ വ്യാജ മദ്യം കഴിച്ച് നിരവധി ജീവനുകൾ പൊലിഞ്ഞുവെന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ആശുപത്രികളില്‍ മറ്റു പലരും അത്യാസന്നനിലയിൽ ജീവനുവേണ്ടി പൊരുതുകയാണെന്നും പോസ്റ്റിൽ പരാമർശിക്കുന്നു. സാധാരണക്കാരായ തൊഴിലാളികളാണ് മരിച്ചവരും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലുള്ളവരും. സേലം, തിരുവണ്ണാമലൈ, പുതുച്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഗുരുതരാവസ്ഥയിലുള്ളവര്‍ ചികിത്സയില്‍ കഴിയുന്നത്. മരിച്ചവരുടെ കാഴ്ചയും കേള്‍വിയുമാണ് ആദ്യം നഷ്ടപ്പെട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശക്തമായ വയറുവേദനയും ഛര്‍ദ്ദിയും കൂടിയായതോടെ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























