യുജിസി-നെറ്റ് റദ്ദാക്കലിലും നീറ്റ് വിവാദത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി

''മോദി ജി റഷ്യ-ഉക്രെയ്ന്‍ യുദ്ധം നിര്‍ത്തിയെന്നാണ് പറയുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ ഇന്ത്യയിലെ പേപ്പര്‍ ചോര്‍ച്ച തടയാന്‍ നരേന്ദ്ര മോദിക്ക് കഴിഞ്ഞില്ല അല്ലെങ്കില്‍ തടയാന്‍ ആഗ്രഹിക്കുന്നില്ല.' പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു.
ദേശീയ ടെസ്റ്റിംഗ് ഏജന്‍സി ജൂണ്‍ 18-ന് നടത്തിയ യുജിസി-നെറ്റ്, പരീക്ഷയുടെ സമഗ്രതയില്‍ വിട്ടുവീഴ്ച ഉണ്ടായേക്കാമെന്ന സാധ്യതകളെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രാലയം ബുധനാഴ്ച റദ്ദാക്കി. കേസ് അന്വേഷണത്തിനായി സിബിഐക്ക് കൈമാറി.
വിദ്യാഭ്യാസ സമ്പ്രദായം ബിജെപിയുടെ മാതൃസംഘടന പിടിച്ചെടുത്തതിനാലാണ് പേപ്പര്‍ ചോര്‍ച്ചയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ''ഇത് മാറാത്ത സമയം വരെ പേപ്പര്‍ ചോര്‍ച്ച തുടരും. മോദിജി ഇത് പിടിച്ചെടുക്കാന്‍ സൗകര്യമൊരുക്കി.' ഇത് ദേശവിരുദ്ധ പ്രവര്‍ത്തനമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാരെ തിരഞ്ഞെടുത്തത് യോഗ്യതയുടെ അടിസ്ഥാനത്തിലല്ലെന്നും ഒരു പ്രത്യേക സംഘടനയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് എന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു.
''ഈ സംഘടനയും ബിജെപിയും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കടന്നുകയറി അതിനെ തകര്‍ത്തു. നോട്ട് അസാധുവാക്കലിലൂടെ സമ്പദ്വ്യവസ്ഥയില്‍ നരേന്ദ്ര മോദി ചെയ്തത്, ഇപ്പോള്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലും ചെയ്തിരിക്കുന്നു. ' രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
''ഇത് സംഭവിക്കുന്നതിന്റെയും നിങ്ങള്‍ കഷ്ടപ്പെടുന്നതിന്റെയും കാരണം സ്വതന്ത്രവും വസ്തുനിഷ്ഠവുമായ വിദ്യാഭ്യാസ സമ്പ്രദായം തകര്‍ത്തതാണ്. ഇവിടെ കുറ്റക്കാരായ ആളുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും അവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നീറ്റ് വിവാദവും യുജിസി-നെറ്റ് റദ്ദാക്കലും തന്റെ പാര്‍ട്ടി പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
https://www.facebook.com/Malayalivartha

























