ഒരു ഉപഗ്രഹത്തിലെ സാങ്കേതിക പ്രശ്‌നം കാരണം മാറ്റിവച്ച പിഎസ്എല്‍വി-സി59 വിക്ഷേപണം ഇന്ന് നടക്കും... ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സ്റ്റേഷനില്‍ വൈകുന്നേരം 4.04നായിരിക്കും വിക്ഷേപണം

ഒരു ഉപഗ്രഹത്തിലെ സാങ്കേതിക പ്രശ്‌നം കാരണം മാറ്റിവച്ച പിഎസ്എല്‍വി-സി59 വിക്ഷേപണം ഇന്ന് നടക്കും... ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സ്റ്റേഷനില്‍ വൈകുന്നേരം 4.04നായിരിക്കും വിക്ഷേപണം. സൂര്യന്റെ അന്തരീക്ഷത്തില്‍ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് പ്രോബ-3യിലെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുടെ ലക്ഷ്യം.
സൗരപര്യവേഷണത്തിനായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ രണ്ട് പേടകങ്ങളെ ഒരേസമയം ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന ദൗത്യത്തിന് പ്രോബ-3 എന്നാണ് പേര്. കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍ എന്നിങ്ങനെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി-സി59 കുതിക്കുക.
ഇന്നലെ നടക്കേണ്ടിയിരുന്ന വിക്ഷേപണം കൗണ്ട്ഡൗണ്‍ അവസാനിക്കാനായി 43 മിനുട്ടും 50 സെക്കന്‍ഡും ബാക്കിനില്‍ക്കെയാണ് മാറ്റിയത്. ഇരട്ട ഉപഗ്രഹങ്ങളിലെ കൊറോണോഗ്രാഫ് പേടകത്തിലാണ് അവസാന മണിക്കൂറില്‍ പ്രശ്‌നം കണ്ടെത്തിയത്.
പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിനകത്തെ ഭ്രമണപഥ നിയന്ത്രണ സംവിധാനത്തിലായിരുന്നു പ്രശ്നം. സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടക്കുകയാണ് എന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി പിന്നാലെ അറിയിച്ചിരുന്നു.
ബഹിരാകാശ രംഗത്ത് മറ്റൊരു ചരിത്രമെഴുതാന്‍ തയ്യാറെടുക്കുകയായിരുന്നു ഐഎസ്ആര്‍ഒ. ഐഎസ്ആര്‍ഒയുടെ കൊമേഴ്സ്യല്‍ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യാ ലിമിറ്റഡും (എന്‍എസ്‌ഐഎല്‍) യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും (ഇഎസ്എ) സഹകരിച്ചാണ് പ്രോബ-3 ദൗത്യം നയിക്കുന്നത്.
https://www.facebook.com/Malayalivartha
























