ശൈശവ വിവാഹത്തെ എതിര്‍ക്കുന്ന പ്രമേയത്തില്‍ ഇന്ത്യ ഒപ്പുവെച്ചില്ല

ശൈശവ വിവാഹത്തെ എതിര്‍ക്കുന്ന ഐക്യരാഷ്ട്രസഭാ പ്രമേയത്തെ ഇന്ത്യ പിന്തുണച്ചില്ല. പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹം എതിര്‍ക്കുക എന്നതായിരുന്നു പ്രമേയത്തിന്റെ ലക്ഷ്യം. എത്യോപ്യ, തെക്കന്‍ സുഡാന്‍, സിയറ ലയോണ്‍, ഛാഡ്,ഗ്വാട്ടിമാല, ഹോണ്ടുറാസ് തുടങ്ങിയ 107 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോഴാണ് ശൈശവ വിവാഹത്തിന്റെ തലസ്ഥാനം എന്നു തന്നെ അറിയപ്പെടുന്ന ഇന്ത്യ പ്രമേയത്തെ പിന്തുണയ്ക്കാത്തത്. ഇന്ത്യക്ക് പുറമെ ശൈശവ വിവാഹം ഏറെ നടക്കുന്ന ബംഗ്ലാദേശും പ്രമേയത്തെ അനുകൂലിച്ചില്ല. എന്നാല്‍ നേപ്പാള്‍ പ്രമേയത്തെ അനുകൂലിച്ചു.
ശൈശവ വിവാഹവും പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് നടത്തുന്ന നിര്‍ബന്ധ വിവാഹവും തടയുന്ന പ്രവര്‍ത്തനങ്ങള്‍ ഐക്യരാഷ്ട്ര സംഘടന പ്രധാന അജണ്ടയായി സ്വീകരിക്കണമെന്നും ഇത്തരം വിവാഹങ്ങള്‍ മൂലം സ്ത്രീകളുടേയും കുട്ടികളുടേയും സാമ്പത്തിക, ആരോഗ്യ, സാമൂഹ്യ രംഗത്ത് ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കണമെന്നും ആവശ്യപ്പെടുന്ന പ്രമേയമായിരുന്നു യു.എന്‍ പൊതുസഭയില്‍ അവതരിപ്പിച്ചത്. പ്രമേയം മനുഷ്യാവകാശ കൗണ്‍സില്‍ അടുത്ത വര്‍ഷം വീണ്ടും ചര്‍ച്ച ചെയ്യും.
ഏതാണ്ട് 24 മില്ല്യണ്‍ ശൈശവ വിവാഹങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ടെന്നാണ് കണക്ക്. ലോകത്താകെ നടക്കുന്ന മൊത്തം ശൈശവ വിവാഹങ്ങളുടെ 40 ശതമാനമാണിത്. 2015 നുശേഷം ശൈശവ വിവാഹങ്ങള്‍ ഇല്ലാതാക്കാനുള്ള ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതിയുടെ അജണ്ടയുടെ ഭാഗമാണ് പ്രമേയം.
https://www.facebook.com/Malayalivartha