ഡല്‍ഹിയില്‍ വീണ്ടും ഒറ്റ ഇരട്ട നമ്പര്‍ പദ്ധതി ഏപ്രില്‍ 15 മുതല്‍
ഒറ്റ ഇരട്ട നമ്പര്‍ പദ്ധതിയുടെ രണ്ടാം ഘട്ടം ഏപ്രില്‍ 15 മുതല്‍ നടപ്പിലാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഒന്നാം ഘട്ടം ജനുവരി ഒന്നു മുതല്‍ 15 വരെ നടപ്പിലാക്കിയിരുന്നു. ഒറ്റ ഇരട്ട നമ്പര്‍ ഫോര്‍മുലയെ ജനങ്ങള്‍ വന്‍തോതില്‍ അനുകൂലിക്കുകയാണെന്ന സര്‍വെ റിപ്പോര്‍ട്ട് വന്നതോടെയാണ് പദ്ധതിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചത് .
പരീക്ഷകള്‍ ഏപ്രില്‍ 14 ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഏപ്രില്‍ 15 മുതല്‍ രണ്ടാം ഘട്ടം തുടങ്ങുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വ്യക്തമാക്കി. പദ്ധതിയില്‍ നിന്ന് വി.ഐ.പികള്‍ക്ക് ഇളവു നല്‍കേണ്ടതില്ല എന്നുമാണ് പൊതുജനാഭിപ്രായം. സ്ത്രീകള്‍ക്കുള്ള ഇളവ് തുടരുമെന്നും ബസ് സര്‍വീസുകളുടെ എണ്ണം കൂട്ടുമെന്നും കെജ്രിവാള് കൂട്ടിച്ചേര്‍ത്തു.
ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ക്കും ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ക്കും ഇടവിട്ടുള്ള ദിവസങ്ങളില്‍ മാത്രം നിരത്തില്‍ ഇറങ്ങാന്‍ അനുമതി നല്‍കുന്നതാണ് പദ്ധതി. അന്തരീക്ഷ മലിനീകരണം കുറക്കുക, ഗതാഗത കുരുക്ക് പരിഹരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഒറ്റ ഇരട്ട നമ്പര്‍ പദ്ധതി ഡല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha