ആന്ധ്രയില്‍നിന്ന് തലസ്ഥാനത്തേക്ക് 60 കിലോ കഞ്ചാവ് കടത്ത്...കസ്റ്റോഡിയല്‍ വിചാരണ മെയ് 26 ന് തുടങ്ങും

ആന്ധ്രയില്‍ നിന്ന് ആഡംബര കാറില്‍ തലസ്ഥാനത്തേക്ക് 60 കിലോ കഞ്ചാവ് കടത്തവേ തിരുവനന്തപുരം എക്‌സൈസ് റെയ്ഞ്ച് പാച്ചല്ലൂര്‍ അഞ്ചാം കല്ലില്‍ അറസ്റ്റ് ചെയ്ത പ്രതികളുടെ മെയ് 26 ന് തുടങ്ങും. 2023 സെപ്റ്റം 21 മുതല്‍ ഇരുമ്പഴിക്കുള്ളില്‍ കഴിയുന്ന 4 പ്രതികളുടെ വിചാരണ മെയ് 26 ന് ആരംഭിക്കാന്‍ തിരുവനന്തപുരം രണ്ടാം അഡി. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജി.രാജേഷ് ഉത്തരവിട്ടു. ഒന്നാം സാക്ഷി മെയ് 26 ന് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു.
2023 സെപ്റ്റം 21 മുതല്‍ ഇരുമ്പഴിക്കുള്ളില്‍ കഴിയുന്ന പ്രതികള്‍ക്ക് കോടതി ജാമ്യം നിരസിച്ചു. വിചാരണ തീരും വരെ പ്രതികളെ സമൂഹത്തിലേക്ക് ഇറക്കി വിടേണ്ടന്ന് വിലയിരുത്തിയ ജഡ്ജി ജി. രാജേഷ് പ്രതികളെ കല്‍തുറുങ്കിലിട്ട് വിചാരണ ചെയ്യാന്‍ ഉത്തരവിട്ടു. മെയ് 26 മുതല്‍ സാക്ഷി വിസ്താര വിചാരണ തുടങ്ങാനും ഉത്തരവിട്ടു. പ്രതികള്‍ക്ക് ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും വിചാരണ അട്ടിമറിക്കുമെന്നുമുള്ള അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ ഹരീഷ് കുമാറിന്റെ ശക്തമായ വാദത്തില്‍ കഴമ്പുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്. പ്രതികള്‍ക്കെതിരായ ആരോപണം ഗുരുതരവും ഗൗരവമേറിയതുമാണ്. കൃത്യത്തില്‍ പ്രതികളുടെ സജീവ പങ്കാളിത്തം കേസ് റെക്കോര്‍ഡുകളില്‍ വെളിവാകുന്നുണ്ട്. പ്രതികള്‍ക്ക് ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനും തെളിവു നശിപ്പിക്കുവാനും സാക്ഷികളെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴി തിരുത്താനും പ്രോസിക്യൂഷന്‍ ഒഴിവാക്കാന്‍ ഒളിവില്‍ പോകാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നീതിയുടെ താല്‍പര്യത്തിന് വേണ്ടി ജാമ്യ ഹര്‍ജി തള്ളുകയാണെന്നും ജാമ്യം നിരസിച്ച ഉത്തരവില്‍ കോടതി വ്യക്തമാക്കി.
ആഡംബര കാറില്‍ കഞ്ചാവു കടത്തിക്കൊണ്ടു വന്ന നെടുമങ്ങാട് ചുള്ളിമാനൂര്‍ സ്വദേശി അല്‍ ജെസിം, ബീമാപള്ളി സ്വദേശി സജീര്‍ എന്നിവരെയും മുഖ്യസൂത്രധാരനുമായ ബീമാപള്ളി സ്വദേശി മുജീബ്, മുഹമ്മദ് റാഫി എന്നിവരെയുമാണ് പാച്ചല്ലൂര്‍ അഞ്ചാം കല്ല് ഭാഗത്ത് വെച്ച് എക്‌സൈസ് സംഘം പിടികൂടിയത്.
ഇവരില്‍ നിന്ന് 60 കിലോ കഞ്ചാവും, കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച രണ്ട് ആഡംബര കാറുകളും പിടികൂടിയിട്ടുണ്ട്. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ടി അനികുമാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഈ പരിശോധനയില്‍ തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി.ജി. സുനില്‍കുമാറിനെയും പാര്‍ട്ടിയെയും കൂടാതെ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിലെ അംഗങ്ങളായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ടി അനികുമാര്‍, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി കൃഷ്ണകുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ കെ വി വിനോദ്, ടി ആര്‍ മുകേഷ് കുമാര്‍, ആര്‍ ജി രാജേഷ്, എസ് മധുസൂദനന്‍ നായര്‍, പ്രിവെന്റ്‌റീവ് ഓഫീസര്‍ പ്രകാശ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിശാഖ്, സുബിന്‍, രജിത്ത്, ശരത്, മുഹമ്മദലി, കൃഷ്ണകുമാര്‍ ഡ്രൈവര്‍മാരായ വിനോജ് ഖാന്‍ സേട്ട്, രാജീവ്, അരുണ്‍ എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha