കട്ട പിന്തുണയുമായി അമേരിക്ക... പഹല്‍ഗാമിലെ ഇന്ത്യയുടെ കണ്ണീരിന് ശക്തമായ മറുപടി; പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലും ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം, ആക്രമണം ലഷ്‌കറിന്റെ കേന്ദ്രത്തിലെന്നു സൂചന

ലഷ്‌കറെ തയിബയുടെ ആസ്ഥാനമാണ് മുരിഡ്ക്. പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസ്ഹര്‍ നേതൃത്വം നല്‍കുന്ന ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമാണ് ബഹവല്‍പുര്‍. ആക്രമണത്തിനു പിന്നാലെ 'നീതി നടപ്പാക്കി'യെന്ന് കരസേന പ്രതികരിച്ചു. പാക്കിസ്ഥാന്റെ സേനാകേന്ദ്രങ്ങളെ ആക്രമിച്ചിട്ടില്ലെന്നും ഭീകരതാവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സൈന്യം പറഞ്ഞു. ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചിട്ടില്ലെന്നാണു വിവരം. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യ ഇന്നു പത്തുമണിക്കുള്ള വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിടും.
അഞ്ചിടത്ത് മിസൈല്‍ ആക്രമണമുണ്ടായെന്നും മൂന്നു പേര്‍ കൊല്ലപ്പെട്ടെന്നും 12 പേര്‍ക്ക് പരുക്കേറ്റെന്നും പാക്കിസ്ഥാന്‍ സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തിനു തിരിച്ചടി നല്‍കുമെന്നും മിസൈല്‍ പ്രതിരോധ സംവിധാനം സജ്ജമാണെന്നും പാക്കിസ്ഥാന്‍ സൈന്യം പറഞ്ഞു. ഇന്ത്യയുടെ തിരിച്ചടിക്കു പിന്നാലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ സൈന്യം വെടിവയ്പ്പ് തുടങ്ങിയിട്ടുണ്ട്. ഏപ്രില്‍ 22 നാണ് കശ്മീര്‍ പഹല്‍ഗാമിലെ ബൈസരണ്‍വാലി വിനോദസഞ്ചാരകേന്ദ്രത്തില്‍ പാക്ക് പിന്തുണയോടെ ഭീകരാക്രമണമുണ്ടായത്. 26 ഇന്ത്യക്കാര്‍ അന്നു കൊല്ലപ്പെട്ടു. ഭീകരസംഘടനയായ ലഷ്‌കറുമായി ബന്ധമുള്ള റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തിരുന്നു. ആക്രമണത്തിനു ശേഷം ഇന്ത്യ പാക്കിസ്ഥാനുമായുള്ള സിന്ധുനദീതട കരാര്‍ റദ്ദാക്കുകയും പാക്ക് പൗരന്മാരെ പുറത്താക്കി അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്തിരുന്നു.
നിരപരാധികളായ 26 ഇന്ത്യക്കാരുടെ രക്തം വീണ പഹല്‍ഗാം ഭീകരാക്രമണത്തിന് 14 ദിവസത്തിനു ശേഷമാണ് ഇന്ത്യയുടെ തിരിച്ചടി. ഏപ്രില്‍ 22 നാണ് കശ്മീരിലെ പഹല്‍ഗാമില്‍ നുഴഞ്ഞുകയറിയ ഭീകരര്‍ വിനോദസഞ്ചാരികളെ ആക്രമിച്ച് 26 െേപര വധിച്ചത്. പുല്‍വാമയ്ക്ക് ശേഷം ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്. പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയുമായി ബന്ധമുള്ള 'ദ് റസിസ്റ്റന്‍സ് ഫ്രണ്ട്' (ടിആര്‍എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റടുക്കുകയും ചെയ്തു. തിരിച്ചടിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ഇന്നു പുലര്‍ച്ചെ പാക്ക് അധിനിവേശ കശ്മീരിലേത് അടക്കം പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഈ സ്ഥലങ്ങളുടെ പേരുകള്‍ സൈന്യം ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളിലേക്ക് നമ്മള്‍ ആക്രമണം നടത്തിയിട്ടില്ലെന്നും ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും അതു നടപ്പാക്കുന്നതിലും സംയമനത്തോടെയാണ് പ്രവര്‍ത്തിച്ചതെന്നും ഇന്ത്യ വ്യക്തമാക്കി.
അതേസമയം, ബഹാവല്‍പുര്‍, മുസാഫറബാദ്, കോട്ലി, മുറിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് ഡിജി ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു. ഭീകര സംഘടനയായ ലഷ്‌കറെ തയിബയുടെ ആസ്ഥാനമാണ് മുരിദ്‌കെ. മസൂദ് അസറിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കേന്ദ്രമാണ് പാക്ക് പഞ്ചാബ് പ്രവിശ്യയിലെ ബഹാവല്‍പുര്‍.
2019 ഫെബ്രുവരി 14 ന് പുല്‍വാമയില്‍ 40 ഇന്ത്യന്‍ സൈനികരെ പാക്ക് പിന്തുണയുള്ള ഭീകരര്‍ കൊലപ്പെടുത്തിയതിന്റെ തിരിച്ചടി ഇന്ത്യ നല്‍കിയത് ഒരു പുലര്‍ച്ചെയായിരുന്നു. 12 ദിവസത്തിനുശേഷം ഫെബ്രുവരി 26 ന് പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ ബോംബിട്ടു.
ഇത്തവണ പഹല്‍ഗാം ഭീകരാക്രമണത്തിനു 16ാം ദിവസമാണ് ഇന്ത്യയുടെ തിരിച്ചടി. ബാലാക്കോട്ടിലെ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പുലര്‍ച്ചെ 2.45 നും 4.05നും ഇടയിലായിരുന്നുവെങ്കില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ അര്‍ധരാത്രിക്കു ശേഷമാണ്.
· 1960 മുതല്‍ പ്രാബല്യത്തിലുള്ള സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു. സിന്ധു നദിയുടെയും പോഷകനദികളിലെയും ജല ഉപയോഗവുമായി ബന്ധപ്പെട്ട സുപ്രധാന കരാര്‍ ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ 1960 സെപ്റ്റംബര്‍ 19നു അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവും പാക്ക് പ്രസിഡന്റ് അയൂബ് ഖാനും കറാച്ചിയില്‍വച്ച് ഒപ്പുവച്ചതാണ്. കരാറനുസരിച്ച് പടിഞ്ഞാറുള്ള സിന്ധു, ഝലം, ചെനാബ് നദികള്‍ പാക്കിസ്ഥാനും കിഴക്കുള്ള ബിയാസ്, റാവി, സത്‌ലജ് നദികള്‍ ഇന്ത്യയ്ക്കുമാണ്.
· ന്യൂഡല്‍ഹിയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മിഷനിലുള്ള കര, വ്യോമ, നാവികസേനാ ഉപദേശകരുടെ അംഗീകാരം നഷ്ടപ്പെട്ടു. ഇന്ത്യയും സമാനമായ രീതിയില്‍ ഇസ്ലമാബാദിലെ ഹൈക്കമ്മിഷനിലെ സേനാ ഉപദേഷ്ടാക്കളെ പിന്‍വലിച്ചു. ഈ പദവികള്‍ ഇനിയുണ്ടാകില്ല. ഇവരുടെ കീഴിലുള്ള അഞ്ച് ജീവനക്കാരെയും മടക്കി വിളിച്ചു. മിഷനുകളിലെയും ജീവനക്കാരുടെ എണ്ണം 30 ആയി വെട്ടിക്കുറച്ചു.
· വീസ: പാക്കിസ്ഥാന്‍ പൗരന്‍മാര്‍ക്കുള്ള എല്ലാത്തരം വീസ സേവനങ്ങളും ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു. ഏപ്രില്‍ 23നു സാര്‍ക് വീസ ഇളവു പദ്ധതിയിലൂടെ പാക്ക് പൗരന്മാര്‍ക്ക് ഇന്ത്യയിലേക്കു യാത്ര ചെയ്യാനാകില്ലെന്നും ഇതിന്റെ ഭാഗമായി നല്‍കിയ വീസകള്‍ റദ്ദാക്കിയതായും പ്രഖ്യാപിച്ചു. 24നു എല്ലാത്തരം വീസ സേവനങ്ങളും ഇന്ത്യ റദ്ദാക്കി. പാക്ക് പൗരന്‍മാരോടു രാജ്യം വിടാന്‍ നിര്‍ദേശിച്ചു. 953 പാക്കിസ്ഥാന്‍ പൗരന്‍മാര്‍ രാജ്യം വിട്ടു.
· വ്യാപാരം: പാക്കിസ്ഥാനില്‍നിന്നുള്ള എല്ലാത്തരം ഇറക്കുമതിയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഏപ്രില്‍ 24നു അട്ടാരി അതിര്‍ത്തി വഴിയുള്ള വ്യാപാര ഇടപാടുകള്‍ നിര്‍ത്തിയെങ്കിലും മറ്റു രാജ്യങ്ങളിലൂടെ ഇന്ത്യയിലെത്തിയിരുന്നു. ഈ മാസം രണ്ടിന് ഇതും വിലക്കി.
· കപ്പല്‍ നിരോധനം: പാക്കിസ്ഥാന്‍ കപ്പലുകള്‍ക്കു ഇന്ത്യന്‍ തുറമുഖങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. ഇന്ത്യന്‍ കപ്പലുകള്‍ പാക്കിസ്ഥാന്‍ തുറമുഖങ്ങളിലേക്കും പോകരുതെന്നു ഉത്തരവിട്ടു.
· തപാല്‍, പാഴ്‌സല്‍ ഇടപാടുകളും റദ്ദാക്കി.
· സമൂഹമാധ്യമം: 16 യുട്യൂബ് ചാനലുകള്‍ക്കു നിരോധനം. കൂടാതെ രാഷ്ട്രീയ നേതാക്കളുടെയും കായികതാരങ്ങളുടെയും മാധ്യമസ്ഥാപനങ്ങളുടെയും ഉള്‍പ്പെടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കും വെബ്‌പേജുകള്‍ക്കും ഇന്ത്യയില്‍ വിലക്ക്.
· അതിര്‍ത്തി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബിലെ അട്ടാരി, ഹുസൈനിവാല, സഡ്കി അതിര്‍ത്തികളിലെ റിട്രീറ്റ് സെറിമണികളിലെ ചടങ്ങുകള്‍ വെട്ടിക്കുറച്ചു. അതിര്‍ത്തികളിലൂടെയുള്ള വ്യാപാര ഇടപാടുകളും യാത്രകളുമെല്ലാം നിരോധിച്ചു.
· ജലം: ചെനാബ് നദിയിലെ സലാല്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ പൂര്‍ണമായി അടച്ചു. ജമ്മുവിലെ റാംബനിലെ ബഗ്ലിഹര്‍ ഡാമിന്റെ ഷട്ടറുകള്‍ താഴ്ത്തി. ഡാമുകളില്‍ ജലസംഭരണ ശേഷി വര്‍ധിപ്പിക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചു. ജലനിയന്ത്രണത്തിനുള്ള മറ്റു മാര്‍ഗങ്ങളും സ്വീകരിച്ചുവരുന്നു.
· ഭീകരരുടെയും ഇവര്‍ക്കു പിന്തുണ നല്‍കുകയും ചെയ്ത ഒന്‍പതു പേരുടെയും വീടുകള്‍ പൊളിച്ചുനീക്കി.
· ലോക ഫോറങ്ങളില്‍: യുഎന്നില്‍ ഉള്‍പ്പെടെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. പാരിസ് ആസ്ഥാനമായ ആഗോള സാമ്പത്തിക കുറ്റകൃത്യ നിരീക്ഷക സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) 'ഗ്രേ പട്ടിക' യില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്താനുള്ള നീക്കം ആരംഭിച്ചു.
· രാജ്യാന്തര നാണ്യനിധി(ഐഎംഎഫ്) പാക്കിസ്ഥാനു നല്‍കുന്ന 7 ബില്യന്‍ ഡോളറിന്റെ സാമ്പത്തിക സഹായത്തെ ശക്തമായി എതിര്‍ക്കാനും തീരുമാനം.
· ലോകരാജ്യങ്ങളോട്: ഏപ്രില്‍ 22ലെ പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ വിവിധ ലോകരാജ്യങ്ങള്‍ സംഭവത്തെ അപലപിച്ചു രംഗത്തെത്തി.
യുഎസ്, യുകെ, ഫ്രാന്‍സ്, ചൈന, റഷ്യ, ജര്‍മനി, ഒമാന്‍, യുഎഇ, ഖത്തര്‍, നോര്‍വേ, ഇറ്റലി, ഇന്തൊനീഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ ഇന്ത്യയിലെ പ്രതിനിധികളെ സൗത്ത് ബ്ലോക്കിലേക്ക് ക്ഷണിച്ചു വിശദാംശങ്ങള്‍ കേന്ദ്രം വിശദാംശങ്ങള്‍ അറിയിച്ചു. വിവിധ ലോകനേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആശയവിനിമയം നടത്തി.
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിക്കു പിന്നാലെ, 'നീതി നടപ്പായി' എന്നു പ്രതികരിച്ച് ഇന്ത്യന്‍ സൈന്യം. കരസേനയുടെ അഡീഷനല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ സമൂഹ മാധ്യമമായ എക്‌സിലെ പോസ്റ്റില്‍ 'നീതി നടപ്പായി' എന്നാണ് പ്രതികരിച്ചത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സമൂഹമാധ്യമമായ എക്‌സില്‍ ഭാരത് മാതാ കി ജയ് എന്ന പോസ്റ്റ് ചെയ്താണ് ഇന്ത്യന്‍ സേനയുടെ ഓപ്പറേഷന്‍ സിന്ദൂറിനെ അഭിനന്ദിച്ചത്. 'ജയ് ഹിന്ദ്, ജയ് ഹിന്ദ് കീ സേന' എന്നായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് എക്‌സില്‍ പ്രതികരിച്ചത്.
ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചിരുന്നെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ''എന്തോ സംഭവിക്കാന്‍ പോകുന്നെന്ന് ആളുകള്‍ക്ക് അറിയാമായിരുന്നെന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ ഏറെക്കാലമായി, ദശകങ്ങളും നൂറ്റാണ്ടുകളുമായി പൊരുതിക്കൊണ്ടിരിക്കുകയാണ്. അത് വേഗം അവസാനിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.'' ട്രംപ് പറഞ്ഞു. അതേസമയം, ആക്രമണത്തെപ്പറ്റി റിപ്പോര്‍ട്ടുകള്‍ ലഭിച്ചെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും ഉടന്‍ പ്രതികരിക്കുന്നില്ലെന്നുമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രതികരിച്ചത്.
പാക്കിസ്ഥാന്‍ വ്യോമമേഖലയില്‍നിന്ന് ഇന്നലെ അര്‍ധരാത്രിയോടെ വിമാനങ്ങള്‍ കൂട്ടമായി വഴിതിരിച്ചു വിട്ടതോടെയാണ് ആക്രമണം സംബന്ധിച്ച് അഭ്യൂഹം പരന്നത്. ഇതേ സമയത്തു തന്നെ പാക്കിസ്ഥാനോട് അടുത്ത ഇന്ത്യന്‍ വ്യോമമേഖലയും ഒഴിഞ്ഞു കിടന്നു. കറാച്ചിയിലേക്കുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനവും അവിടെയിറങ്ങാതെ മടങ്ങി. പാക്ക് അധിനിവേശ കശ്മീരില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി കാണിച്ച് സമൂഹമാധ്യമങ്ങളില്‍ വിഡിയോകള്‍ പ്രചരിച്ചു. പിന്നാലെ, പുലര്‍ച്ചെ 1.44ന് ഇന്ത്യ ആക്രമണവിവരം സ്ഥിരീകരിച്ചു.
പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലും ലഷ്‌കറെ തയിബയുടെയും ജയ്‌ഷെ മുഹമ്മദിന്റെയും ഭീകരക്യാംപുകള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ സേന ആക്രമിച്ചത്. 1971 നു ശേഷം ഇതാദ്യമായാണ് പാക്കിസ്ഥാനില്‍ ഇന്ത്യ ആക്രമണം നടത്തുന്നത്. കര, വ്യോമ, നാവികസേനകള്‍ സംയുക്തമായാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. സ്‌കാല്‍പ് മിസൈലുകള്‍ ഉപയോഗിച്ചാണ് ഭീകരക്യാംപുകള്‍ തകര്‍ത്തത്. അതിര്‍ത്തി കടന്ന് ആക്രമിച്ചിട്ടില്ലെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയുടെ തിരിച്ചടിക്കു പിന്നാലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ സൈന്യം വെടിവയ്പ്പ് ആരംഭിച്ചതോടെ മേഖലയിലെ ജനങ്ങളെ ബങ്കറുകളിലേക്കു മാറ്റി. ശ്രീനഗര്‍, ജമ്മു, ലേ, ധരംശാല, അമൃത്സര്‍ വിമാനത്താവളങ്ങള്‍ അടച്ചു. എന്തായാലും ഇന്ത്യന്‍ ആക്രമണത്തില്‍ പകച്ചിരിക്കുകയാണ് പാകിസ്ഥാന്. "
https://www.facebook.com/Malayalivartha