മാതാപിതാക്കള്‍ക്കിടയില്‍ വിവാഹമോചനവുമായി ബന്ധപ്പെട്ട തര്‍ക്കം... ഒരു സ്‌കൂളിന് കുട്ടിയുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി...

വിവാഹമോചനവുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കുന്നുവെന്ന കാരണത്താല്‍ ഒരു സ്‌കൂളിന് കുട്ടിയുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. മറ്റൊരു സ്‌കൂളില്‍ പ്രവേശനം നേടിയ കുട്ടിക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സ്‌കൂളിന് നിഷേധിക്കാനായി കഴിയില്ല.
ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ കാലതാമസം ഉണ്ടായാല്‍ സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍ക്കോ ഇന്‍ ചാര്‍ജിനോ എതിരെ അച്ചടക്ക നടപടി പോലും എടുക്കാം. ഇവിടെ കുട്ടിയുടെ താല്‍പ്പര്യമാണ് കണക്കിലെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ഡല്‍ഹി സര്‍ക്കാരിന്റെ വിദ്യാഭ്യാസ ഡയറക്ടേറ്റിനും മോണ്ട് ഫോര്‍ട്ട് സ്‌കൂളിനും ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി അമ്മ മുഖേന സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പിതാവില്‍ നിന്ന് വേര്‍പിരിഞ്ഞ ശേഷം കുട്ടി ഗുരുഗ്രാമില്‍ അമ്മയോടൊപ്പം താമസിക്കുകയായിരുന്നു. വേര്‍പിരിയലിനു ശേഷം കുട്ടിയുടെ അമ്മ മറ്റൊരു സ്‌കൂളില്‍ ചേര്‍ത്തു. സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് കുട്ടിയുടെ പിതാവ് സ്‌കൂളിന് കത്തെഴുതുകയായിരുന്നു. ഇത് പ്രകാരമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അമ്മ വഴി കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha