പുരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ രഥയാത്രയ്ക്കിടെ തിക്കും തിരക്കും.... മൂന്നു മരണം, നിരവധി പേര്‍ക്ക് പരുക്ക്

ജഗന്നാഥ ക്ഷേത്രത്തില്‍ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ മരിച്ചു. ഗുണ്ഡിച്ച ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് അപകടം സംഭവിച്ചത്. പത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരില്‍ രണ്ട് സ്ത്രീകളും 70കാരനും ഉള്‍പ്പെടുന്നു. ശാരദാബലി ഭാഗത്ത് പുലര്‍ച്ചെ നാലരയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയുള്ള ഗുണ്ഡിച്ച ക്ഷേത്രത്തിലേക്കുള്ള യാത്രയില്‍ ജഗന്നാഥന്‍, ബലദ്രന്‍, സുഭദ്ര എന്നിവരുടെ രഥങ്ങളാണ് ഉപയോഗിക്കുന്നത്. ഇതില്‍ ബലഭദ്ര ഭഗവാന്റെ രഥം വലിക്കാന്‍ വന്‍ ജനക്കൂട്ടം എത്തിയതിനെ തുടര്‍ന്നാണ് തിക്കും തിരക്കും ഉണ്ടായത്.
രഥയാത്ര ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍ ആയിരക്കണക്കിന് ഭക്തര്‍ ജഗന്നാഥനെ ദര്‍ശിക്കാന്‍ തള്ളിക്കയറിയതാണ് അപകടത്തിനിടയാക്കിയത്. ക്ഷേത്ര കവാടങ്ങള്‍ക്ക് സമീപം പെട്ടെന്നുണ്ടായ ജനപ്രവാഹം പരിഭ്രാന്തി പരത്തുകയായിരുന്നു. ഇന്നലെ ഭക്തരെ നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി എട്ട് കേന്ദ്ര സായുധ പൊലീസ് സേനയുടെ കമ്പനികള്‍ അടക്കം ഏകദേശം 10,000 പേര്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥരെയും അധികൃതര്‍ മേഖലയില്‍ വിന്യസിച്ചിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha