സ്‌കൂള്‍ പരിസരത്തുവച്ച് എട്ടാം ക്ലാസ്സുകാരന്‍ പത്താം ക്ലാസ്സുകാരനെ കുത്തി കൊലപ്പെടുത്തി

സ്‌കൂള്‍ പരിസരത്തുവച്ച് പത്താം ക്ലാസ് വിദ്യാര്‍ഥി എട്ടാം ക്ലാസ്സുകാരന്റെ കുത്തേറ്റു മരിച്ചു. അഹമ്മദാബാദിലെ ഖോഖ്രയിലെ സ്വകാര്യ സ്‌കൂള്‍ പരിസരത്തിനു പുറത്താണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ ജുവനൈല്‍ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ട ശേഷം പത്താം ക്ലാസ് വിദ്യാര്‍ഥിയായ നയന്‍ വീട്ടിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയപ്പോഴായിരുന്നു സംഭവം.
സ്‌കൂളിനു പുറത്തിറങ്ങിയ ഉടനെ പ്രതിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയും സുഹൃത്തുക്കളും ചേര്‍ന്ന് നയനെ വളയുകയായിരുന്നു. വാക്കുതര്‍ക്കം പിന്നീട് അടിപിടിയായി. ഇതോടെ എട്ടാം ക്ലാസ് വിദ്യാര്‍ഥി കത്തി പുറത്തെടുത്ത് നയനെ കുത്തിയ ശേഷം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
മുറിവേറ്റ വയറ്റില്‍ കൈവച്ച് സ്‌കൂളിലേക്ക് നയന്‍ നടക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. മണിനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂള്‍ കെട്ടിടത്തിന്റെ പിന്നിലേക്ക് ഓടിയ പ്രതിയായ വിദ്യാര്‍ഥിയെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. കുറ്റകൃത്യത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ സ്‌കൂളിലേക്ക് രക്ഷിതാക്കള്‍ പ്രതിഷേധ പ്രകടനം നടത്തി. സ്‌കൂള്‍ ജീവനക്കാര്‍ക്കു നേരെ കയ്യേറ്റം നടന്നതായി റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha