ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ നിന്ന് പിടികൂടിയ കാട്ടാനക്കുട്ടി പുഴകടന്ന് കര്‍ണാടകയിലെത്തി

ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ചേകാടി ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെത്തി പിടികൂടിയ കാട്ടാനക്കുട്ടി പുഴകടന്ന് കര്‍ണാടകയിലെത്തി. തിങ്കളാഴ്ച വൈകിട്ടോടെ വെട്ടത്തൂരിലെ ഉള്‍വനത്തിലുണ്ടായിരുന്ന കാട്ടാനക്കൂട്ടത്തിനരികില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കാട്ടാനക്കുട്ടിയെ വിട്ടിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ഉച്ചയോടെ ആനക്കുട്ടിയെ വെട്ടത്തൂരിന് മറുവശമായ കര്‍ണാടകയിലെ കടഗദ്ദ ഭാഗത്തെ ജനവാസമേഖലയില്‍ കണ്ടെത്തി. അവിടെ നിന്ന് നാട്ടുകാര്‍ ചേര്‍ന്ന് ആനക്കുട്ടിയെ പിടികൂടി കര്‍ണാടക ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇവര്‍ ആനയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്.
ആനക്കുട്ടിക്ക് തനിയെ പുഴകടന്ന് കര്‍ണാടക ഭാഗത്തേക്ക് എത്താന്‍ സാധിക്കില്ല. അതിനാല്‍ കാട്ടാനക്കൂട്ടത്തിനൊപ്പമാണ് ഈ മേഖലയിലേക്ക് വന്നതെന്നാണ് കരുതുന്നത്. ആനക്കുട്ടിയെ ലഭിച്ചതിനെ തുടര്‍ന്ന് കര്‍ണാടക ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കേരളത്തിലെ ചെതലത്ത് ഫോറസ്റ്റ് റെയ്ഞ്ച് അധികൃതരെ വിളിച്ച് വിവരങ്ങള്‍ തേടിയിരുന്നു. കുട്ടിയാനയെ ആനക്കൂട്ടം കൂടെ സ്വീകരിക്കാത്തതാണോയെന്നാണ് സംശയിക്കുന്നത്. തിങ്കളാഴ്ച രാവിലെ വെളുകൊല്ലിയിലെ കിടങ്ങില്‍ അകപ്പെട്ട നിലയില്‍ ഈ കാട്ടാനക്കുട്ടിയെ കണ്ടെത്തിയിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി ആനപ്പന്തി വനഭാഗത്തെത്തിച്ച് വിട്ടെങ്കിലും ഉച്ചയോടെ ആന ചേകാടി ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെത്തി.
ഉച്ചയ്ക്ക് 12.30ന് കുട്ടികള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആനക്കുട്ടി തൊട്ടടുത്ത പറമ്പില്‍ വന്നത്. അപ്പോള്‍ത്തന്നെ അദ്ധ്യാപകര്‍ കുട്ടികളെ ക്‌ളാസ് മുറികളിലാക്കി വാതിലടച്ചു. നിമിഷനേരം കൊണ്ട് ആനക്കുട്ടി സ്‌കൂളിനകത്തെത്തി. ക്‌ളാസ് മുറികള്‍ കൊച്ചുതുമ്പിക്കൈ കൊണ്ട് തള്ളിത്തുറക്കാന്‍ നോക്കി. പിന്നെ വരാന്തയിലൂടെ കുസൃതി കാണിച്ചൊരു നടത്തം. ചെരിപ്പുകള്‍ തട്ടിത്തെറിപ്പിച്ചും വരാന്ത മുഴുവന്‍ ചെളിമയമാക്കിയുമായിരുന്നു കുസൃതി. അതിനിടെ ഇരുചക്രവാഹനങ്ങളില്‍ കയറിയിരിക്കാനും തള്ളിയിടാനും ശ്രമം നടത്തി. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.
https://www.facebook.com/Malayalivartha