ധർമ്മസ്ഥലയിൽ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തി; വീണ്ടും വൻ വഴിത്തിരിവ്;ഇന്നും പരിശോധന നടത്തും

ധർമ്മസ്ഥല ഗ്രാമത്തിൽ നടന്ന കൂട്ട ശവസംസ്‌കാരങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ബുധനാഴ്ച നടത്തിയ തിരച്ചിലിൽ ധർമ്മസ്ഥല ക്ഷേത്രത്തിന്റെ കുളിക്കടവിന് സമീപമുള്ള ബംഗ്ലഗുഡ്ഡെയിലെ വനപ്രദേശങ്ങളിലെ അഞ്ച് സ്ഥലങ്ങളിൽ നിന്ന് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെടുത്തതായി റിപ്പോർട്ട്.
ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ആരോപിക്കപ്പെട്ട ശേഷവും പ്രദേശത്ത് നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തുന്നുവെന്നതാണ് അമ്പരപ്പിക്കുന്നത്. ഇന്നലെ മാത്രം സ്ഥലത്ത് നിന്ന് അഞ്ച് തലയോട്ടികൾ കണ്ടെത്തിയെന്നാണ് എസ്ഐടി സ്ഥിരീകരിച്ചത്. ബങ്കലെഗുഡെ വനമേഖലയിൽ നിന്ന് അസ്ഥി കഷണങ്ങളും ലഭിച്ചു. തലയോട്ടിയും അസ്ഥിക്കഷണങ്ങളും വിശദ പരിശോധനയ്ക്ക് അയക്കും. വനമേഖലയിലെ തെരച്ചിൽ ഇന്നും തുടരുമെന്നും എസ്ഐടി അറിയിച്ചു.
തിരച്ചിലിൽ ഒരു കയർ, വാക്കിംഗ് സ്റ്റിക്ക്, തിരിച്ചറിയൽ കാർഡ്, വിഷക്കുപ്പി എന്നിവ കണ്ടെടുത്തതായി വൃത്തങ്ങൾ അറിയിച്ചു. 2012 ൽ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട 17 വയസ്സുകാരി സൗജന്യയുടെ അമ്മാവൻ വിറ്റൽ ഗൗഡയുടെ സമീപകാല വീഡിയോ പ്രസ്താവനയെ തുടർന്നാണിത്. ഓഗസ്റ്റ് 31 ന് നടന്ന ഒരു മഹസറിനിടെ ഒരു കുട്ടിയുടെ ഉൾപ്പെടെ നിരവധി മനുഷ്യാവശിഷ്ടങ്ങൾ ഉപരിതലത്തിൽ കണ്ടതായി വിറ്റൽ ഗൗഡ വീഡിയോയിൽ അവകാശപ്പെട്ടു. ബംഗ്ലഗുഡ്ഡെ വനത്തിൽ നിന്ന് ഗൗഡ കുഴിച്ചെടുത്ത മനുഷ്യന്റെ തലയോട്ടിയാണെന്ന് പരാതിക്കാരൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതിനെത്തുടർന്ന് ഗൗഡയെ സ്ഥലപരിശോധനയ്ക്കായി (മഹസറിലേക്ക്) കൊണ്ടുപോയി.
ധർമ്മസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയുടെ നിർണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് കൂടുതൽ കാര്യങ്ങൾ പുറത്തുവന്നത്. ധർമ്മസ്ഥലയിൽ നേരത്തെ ഭൂമി കുഴിച്ചുളള പരിശോധനകൾ നിർത്തി വച്ചതായിരുന്നു. ഇതിനുപിന്നാലെ കർണാടക സ്വദേശികളായ രണ്ടുപേർ കോടതിയെ സമീപിക്കുകയായിരുന്നു. ചിന്നയ്യ വനമേഖലയിൽ കൂടുതൽ മൃതദേഹങ്ങൾ കുഴിച്ചിട്ടത് കണ്ടെന്നായിരുന്നു അവരുടെ വാദം. ഇതോടെയാണ് കർണാടക ഹൈക്കോടതി ഇടപെട്ട് വനമേഖലയിൽ വീണ്ടും പരിശോധനയ്ക്ക് ഉത്തരവിട്ടത്.
15 ഏക്കറുളള വനമേഖലയിലാണ് ഇന്നലെ വീണ്ടും പരിശോധന ആരംഭിച്ചത്. അസ്ഥി കഷ്ണങ്ങളെ കൂടാതെ ഇവിടെ നിന്ന് സാരി, മരക്കൊമ്പിൽ കെട്ടിയിട്ട നിലയിലുളള കയർ, ഒരു സീനിയർ സിറ്റിസൺ കാർഡ് എന്നിവയും കണ്ടെടുത്തിട്ടുണ്ട്. ഇവയെല്ലാം കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം. വനംവകുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്.
ചിന്നയ്യയ്യുടെ വെളിപ്പെടുത്തലിന് പിന്നാലെ ധർമ്മസ്ഥലയിൽ നിന്ന് ഒരു മനുഷ്യന്റെ പൂർണ അസ്ഥികൂടവും 100 ഓളം അസ്ഥി ഭാഗങ്ങളും പരിശോധനാ സംഘം കണ്ടെടുത്തിരുന്നു. ഇയാൾ അടയാളപ്പെടുത്തി നൽകിയ 13 പോയിന്റുകളിൽ 11 ഇടത്തുനിന്നും പുതുതായി കാണിച്ചു കൊടുത്ത സ്ഥലത്തു നിന്നുമാണ് ഏഴു ദിവസത്തിനിടെ ഇവ കണ്ടെടുത്തത്. എസ്ഐടി 'സർപ്രൈസ് സ്‌പോട്ട്' എന്ന് വിശേഷിപ്പിച്ച നേത്രാവതിക്ക് സമീപമുള്ള ബങ്കലെഗുഡെയിലെ കുന്നിൻ മുകളിൽ നിന്നാണ് പൂർണ അസ്ഥികൂടവും കൂടുതൽ അസ്ഥികളും കണ്ടെത്തിയത്.
https://www.facebook.com/Malayalivartha