രാജ്യത്ത് ജിഎസ്ടി സേവിംഗ്‌സ് ഉത്സവത്തിന് നാളെ തുടക്കം കുറിക്കുമെന്ന് പ്രധാനമന്ത്രി

ജിഎസ്ടി ഇളവ് സാധാരണ ജനങ്ങള്‍ക്ക് വലിയ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജിഎസ്ടി സേവിംഗ്‌സ് ഉത്സവത്തിന് നാളെ തുടക്കം കുറിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.രാജ്യത്തെ സമസ്ത മേഖലയ്ക്കും ജിഎസ്ടി 2.0 നേട്ടമായിരിക്കും. രാജ്യത്തിന് നവരാത്രി ആശംസകളും അദ്ദേഹം നേര്‍ന്നു.
'ഇത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജം നല്‍കും. പുതിയ പരിഷ്‌കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തും. മദ്ധ്യവര്‍ഗം, യുവാക്കള്‍, കര്‍ഷകര്‍, ഉള്‍പ്പെടെ എല്ലാവര്‍ക്കും പ്രയോജനമാകും. നികുതി ഭാരത്തില്‍ നിന്ന് മോചനമുണ്ടാകും. ജനാഭിലാഷം തിരിച്ചറിഞ്ഞാണ് സര്‍ക്കാരിന്റെ തീരുമാനം. ഒരു രാജ്യം ഒരു നികുതിയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നു. ഈ പരിഷ്‌കാരത്തിന് തുടര്‍ച്ചയുണ്ടാകും.
നവരാത്രിയുടെ ആദ്യ ദിവസം രാജ്യത്തെ കോടാനുകോടി വീടുകളിലേക്ക് മധുരം എത്തും. രാജ്യത്ത് മുന്‍പ് ഓരോ നികുതി ആയിരുന്നു. വ്യത്യസ്ത നികുതി ജനങ്ങളെ പ്രയാസപ്പെടുത്തി. നികുതി ഭാരത്തില്‍ നിന്ന് രാജ്യത്തിന് മോചനം ലഭിക്കുകയാണ്. വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്ന പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നത്.
സ്‌കൂട്ടര്‍, ബൈക്ക്, കാര്‍, ടിവി തുടങ്ങിയവയുടെ വില കുറയും. പുതിയ തീരുമാനവുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ വലിയ സന്തോഷത്തിലാണ്. നിത്യോപയോഗ സാധനങ്ങള്‍ക്കും മരുന്നുകള്‍ക്കും വില കുറയും. പുതിയ വീട് നിര്‍മിക്കുന്നവര്‍ക്ക് ചെലവ് കുറയും. യാത്രകള്‍ക്കും ഹോട്ടലിലെ താമസത്തിനും ചെലവ് കുറയും. 99 ശതമാനം സാധനങ്ങളും അഞ്ച് ശതമാനം സ്ലാബില്‍ വരും.
എല്ലാ സംസ്ഥാനങ്ങളുമായും ചര്‍ച്ച ചെയ്താണ് ഈ തീരുമാനമെടുത്തത്. നാളെ മുതല്‍ അഞ്ച്, 18 ശതമാനം ജിഎസ്ടി സ്ലാബുകള്‍ മാത്രമേ രാജ്യത്തുണ്ടാകൂ. പലതരം നികുതികളാണ് രാജ്യത്ത് വിലവര്‍ദ്ധനയ്ക്ക് കാരണമായിരുന്നത്. ജിഎസ്ടി ഈ പ്രതിസന്ധികള്‍ പരിഹരിച്ചു. എല്ലാ വിഭാഗത്തിനും നേട്ടമുണ്ടാക്കുന്ന തീരുമാനമാണ് സര്‍ക്കാരിന്റേത്. ദേശത്തിന്റെ സമൃദ്ധിക്ക് സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കണം. വിദേശ ഉത്പനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കണം. നിരക്കുകളിലെ മാറ്റത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കും. പദയാത്രകള്‍ നടത്താനും തീരുമാനമായിട്ടുണ്ട്. നവ മദ്ധ്യ വര്‍ഗത്തിന് ഇരട്ടി ഐശ്വര്യമാണ് ഉണ്ടാവുക' മോദി പറഞ്ഞു.
https://www.facebook.com/Malayalivartha


























