പാക് വിമാനങ്ങള്‍ക്ക് ഒക്ടോബര്‍ 24 വരെ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശനമില്ല....

ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പാക് വിമാനങ്ങള്‍ക്ക് ഒക്ടോബര്‍ 24 വരെ പ്രവേശനമില്ല. പാകിസ്ഥാന്‍ വ്യോമപാത അടച്ചത് തുടരുന്നതിന് പിന്നാലെയാണ് ഇന്ത്യയും നടപടി നീട്ടിയത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും വ്യോമാതിര്‍ത്തി അടച്ചത്.
എന്നാല്‍, ഈ നടപടി ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ 800ലധികം വിമാന സര്‍വീസുകളെ ബാധിക്കുമ്പോള്‍ പാകിസ്ഥാന്റെ വെറും ആറ് ഷെഡ്യൂളുകള്‍ മാത്രമാണ് പ്രതിസന്ധിയിലാകുന്നത്.
സാമ്പത്തിക പ്രതിസന്ധി കാരണം പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് നിലവില്‍ മലേഷ്യയിലേക്ക് മാത്രമേ ഇന്ത്യന്‍ വ്യോമപാതയിലൂടെ സര്‍വീസ് നടത്തുന്നുള്ളു എന്നതാണ് അതിന്റെ കാരണം.
ആറ് മാസമായി ഇരുരാജ്യങ്ങളും തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുകയാണ്. ഏപ്രില്‍ 22ന് 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെടാന്‍ കാരണമായ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. പാക് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമപാതയില്‍ പ്രവേശനമില്ലെന്ന് ഏപ്രില്‍ 30ന് ഇന്ത്യ വ്യക്തമാക്കി.
പിന്നീട് ജൂലായ് 24 വരെ എല്ലാ പാകിസ്ഥാന്‍ വിമാനങ്ങളെയും ഇന്ത്യന്‍ വ്യോമപാതയില്‍ നിന്ന് വിലക്കുകയും ചെയ്തു. ഈ വിലക്ക് പിന്നീടുള്ള മാസങ്ങളിലും നീട്ടുകയായിരുന്നു. ഏപ്രില്‍ 24നാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പ്രവേശനമില്ലെന്ന് പാകിസ്ഥാന്‍ ആദ്യം അറിയിച്ചത്. പിന്നീട് പാകിസ്ഥാനും നിയന്ത്രണം നീട്ടി. നിലവില്‍ ഓരോ ആഴ്ചയിലും ഇന്ത്യന്‍ വിമാന കമ്പനികളുടെ 800 സര്‍വീസുകള്‍ക്ക് യാത്രാസമയം കൂടുതലെടുക്കുന്നെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.
https://www.facebook.com/Malayalivartha


























