കാലിലേക്കുള്ള രക്തയോട്ടം നിലച്ചതിനാല്‍ ശക്തിമാന്റെ കാല്‍ മുറിച്ചുമാറ്റി

ബിജെപി എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം തല്ലിയൊടിച്ച ശക്തിമാന്‍ എന്ന കുതിരയുടെ കാല് മുറിച്ചുമാറ്റി. കാലിലേക്കുള്ള രക്തയോട്ടം നിലച്ച സ്ഥിതിയിലായിരുന്നു. വ്രണം അഴുകിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ നാളെ രാവിലെയ്ക്കുള്ളില്‍ കുതിരയുടെ ജീവന്‍ നഷ്ടമാകുന്ന അവസ്ഥയായിരുന്നു. തന്മൂലമാണ് എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറായത്.
അതേസമയം, കുതിരയ്ക്ക് കൃത്രിമക്കാല്‍ ഘടിപ്പിക്കുന്നതിനെക്കുറിച്ചു പരിശോധിക്കുമെന്ന് ഡെറാഡൂണ്‍ എസ്എസ്പി സദാനന്ദ ദത്തേ അറിയിച്ചു. 10 ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ഇന്നലെ അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയത്. പൊലീസ് കേന്ദ്രത്തില്‍ തന്നെ പരിപാലിക്കുന്ന കുതിരയെ സംരക്ഷിക്കാന്‍ വന്‍ സംഘം തന്നെയുണ്ട്.
തിങ്കളാഴ്ച മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രക്ഷോഭം നിയന്ത്രിക്കാനെത്തിയ അശ്വാരൂഢ സേനയിലെ കുതിരയുടെ കാല്‍ തല്ലിയൊടിച്ചത് മുസൂറി എംഎല്‍എ ഗണേഷ് ജോഷിയും സംഘവുമാണ് . അതേസമയം, ഗണേഷ് ജോഷി ശക്തിമാനെ കാണാന്‍ ഇന്നെത്തിയിരുന്നു. മനുഷ്യത്വത്തിന്റെ പേരിലാണ് താന്‍ ശക്തമാനെ സന്ദര്‍ശിച്ചത്. താന്‍ കുതിരയെ മര്‍ദിച്ചില്ലെന്ന് ഗണേഷ് ജോഷി പറഞ്ഞു.

കൂടാതെ, ഭൂട്ടാന്‍ സന്ദര്‍ശിക്കാനെത്തിയ യുഎസ് വെറ്ററിനറി ഡോക്ടര്‍ വാര്‍ത്തയറിഞ്ഞ് ഇന്ന് ഡെറാഡൂണ്‍ സന്ദര്‍ശിച്ചിരുന്നു. മുംബൈയില്‍ നിന്ന് രണ്ടു മൃഗഡോക്ടര്‍മാരും ശക്തിമാനെ സന്ദര്‍ശിച്ചു.പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പ് സമ്മാനമായാണ് കുതിരയെ പൊലീസിനു ലഭിച്ചത്. ഇപ്പോള്‍ 13 വയസ്സുണ്ട്. മൂന്നു വയസ്സുമുതല്‍ പൊലീസിന്റെ ഔപചാരിക പരേഡുകളില്‍ ശക്തിമാന്‍ ഭാഗമായിരുന്നു.
പ്രക്ഷോഭത്തിനിടെ നീണ്ട ലാത്തിയുമായി കുതിരയ്ക്ക് നേരെ ഓടിയടുത്ത എംഎല്‍എയും സംഘവും കുതിരയെ മര്‍ദിക്കുകയായിരുന്നു. കുതിരയുടെ കാലൊടിഞ്ഞത് വാര്‍ത്തയായതോടെ സംഭവത്തില്‍ ബിജെപി-കോണ്‍ഗ്രസ് വാക്‌പോരും ആരംഭിച്ചു. മിണ്ടാപ്രാണിയായ കുതിരയെ ലാത്തിവച്ച് അടിക്കുന്ന ബിജെപിക്കാരുടെ നിഘണ്ടുവില്‍ പോലും സഹിഷ്ണുത എന്ന വാക്ക് ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ആരോപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























