ന്യൂഡല്‍ഹിയില്‍ ആദ്യമായി നടക്കുന്ന 'എസ്.സി.ഒ സിവിലൈസേഷണല്‍ ഡയലോഗ് ഫോറം'..പാക്കിസ്താനെ ക്ഷണിച്ച് ഇന്ത്യ..ഓപ്പറേഷന്‍ സിന്ദൂറി’ന് ശേഷം ആദ്യ നീക്കം..

അടുത്ത മാസം ന്യൂഡല്‍ഹിയില്‍ നടക്കുന്ന ആദ്യ ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) സാംസ്‌കാരിക സമ്മേളനത്തിലേക്ക് പാക്കിസ്താനെ ക്ഷണിച്ച് ഇന്ത്യ. നവംബര്‍ 20 മുതല്‍ 22 വരെ തലസ്ഥാനത്ത് നടക്കുന്ന 'എസ്.സി.ഒ സിവിലൈസേഷണല്‍ ഡയലോഗ് ഫോറം' പരിപാടിയിലേക്കാണ് പാക്കിസ്താന്‍ ദേശീയ പൈതൃക-സാംസ്‌കാരിക മന്ത്രി ഔരംഗസേബ് ഖാന്‍ ഖിച്ചിയെ ഇന്ത്യ ഔദ്യോഗികമായി ക്ഷണിച്ചിരിക്കുന്നത്. സംഘടനയിലെ മുഴുവന്‍ അംഗരാജ്യങ്ങളെയും ഇന്ത്യ ഈ ഉച്ചകോടിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.
നയതന്ത്ര വൃത്തങ്ങളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.2025 മേയില്‍ നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടപ്പിലാക്കിയ സൈനിക നടപടിയായ 'ഓപ്പറേഷന്‍ സിന്ദൂറി'ന് ശേഷം ആദ്യമായാണ് ഒരു മുതിര്‍ന്ന പാക്കിസ്താനി മന്ത്രിക്ക് ഇന്ത്യ ക്ഷണം അയക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഏറെ വഷളായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കം. അതിനാല്‍ തന്നെ വരാനിരിക്കുന്ന സമ്മേളനം അന്താരാഷ്ട്രതലത്തില്‍ ഏറെ ശ്രദ്ധ നേടുന്നുണ്ട്. മേഖലയിലെ സാംസ്‌കാരിക ബന്ധങ്ങള്‍ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ പരിപാടി സംഘടിപ്പിക്കുന്നത്.
പാക് മന്ത്രി ഔരംഗസേബ് ഖാന്‍ ഇന്ത്യയിലെത്തുകയാണെങ്കില്‍ സമീപകാലത്തെ അപൂര്‍വ നയതന്ത്ര സന്ദര്‍ശനങ്ങളില ഒന്നായി അത് മാറും.2023 മേയില്‍ ഗോവയില്‍ നടന്ന എസ്.സി.ഒ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ മുന്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി എത്തിയതാണ് ഇതിനുമുമ്പ് നടന്ന അവസാന സന്ദര്‍ശനം. അതിനുശേഷം ഇരു രാജ്യങ്ങളും തമ്മില്‍ ഉന്നതതല നേരിട്ടുള്ള ചര്‍ച്ചകളോ സന്ദര്‍ശനങ്ങളോ നടന്നിരുന്നില്ല. അതുകൊണ്ടുതന്നെ ഈ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
ഒക്ടോബര്‍ 20-ന് താജിക്കിസ്ഥാനിലെ ദുഷാന്‍ബെയില്‍ നടന്ന എസ്.സി.ഒ ഭരണത്തലവന്മാരുടെ യോഗത്തിലാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഈ സമ്മേളനത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. ഈ വര്‍ഷാവസാനം ഇന്ത്യ ആദ്യ എസ്.സി.ഒ സാംസ്‌കാരിക ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുമെന്ന് അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. സംഘടനയിലെ മുഴുവന്‍ രാജ്യങ്ങളെയും പരിപാടിയിലേക്ക് ഇന്ത്യ ക്ഷണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ പാകിസ്താനടക്കമുള്ള അംഗരാജ്യങ്ങള്‍ക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിരിക്കുന്നത്.
അംഗരാജ്യങ്ങള്‍ക്കിടയില്‍ പരസ്പര ധാരണ വളര്‍ത്താനും സാംസ്‌കാരിക ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുമാണ് ഫോറം ലക്ഷ്യമിടുന്നത്. ചരിത്രപരവും സാംസ്‌കാരികവുമായ സഹകരണം വര്‍ധിപ്പിക്കാന്‍ ഇത് വഴിയൊരുക്കുമെന്ന് ഇന്ത്യ കരുതുന്നു.
https://www.facebook.com/Malayalivartha


























