രാത്രിയിൽ ട്രെയിനിൽ മൊബൈൽ ചാർജ് ചെയ്യുന്നത് വിലക്കി ഇന്ത്യൻ റെയിൽവേ...രാത്രി 11 മണി മുതൽ വെളുപ്പിന് അഞ്ചുമണി വരെയുള്ള സമയത്താണ് ട്രെയിനിൽ മൊബൈൽ ചാർജ് ചെയ്യുന്നതിന് വിലക്ക്

രാത്രിയിൽ ട്രെയിനിൽ മൊബൈൽ ചാർജ് ചെയ്യുന്നത് വിലക്കി ഇന്ത്യൻ റെയിൽവേ. രാത്രി 11 മണി മുതൽ വെളുപ്പിന് അഞ്ചുമണി വരെയുള്ള സമയത്താണ് ട്രെയിനിൽ മൊബൈൽ ചാർജ് ചെയ്യുന്നത് വിലക്കിയിട്ടുള്ളത്. തീപിടിത്തം ഉൾപ്പെടെയുള്ള അപകടങ്ങളിൽ നിന്ന് യാത്രക്കാർക്ക് സംരക്ഷണം നൽകുന്നതിന് വേണ്ടിയാണ് പുതിയ നടപടിയെന്നാണ് ഇന്ത്യൻ റെയിൽവേയുടെ വിശദീകരണമുള്ളത്.
ഈ നിർദേശം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് റെയിൽവേ ബോർഡ് നിർദേശിച്ചു. അനധികൃതമായി രാത്രിയിൽ മൊബൈൽ ചാർജ് ചെയ്യുന്ന സംഭവങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി ഉദ്യോഗസ്ഥർ അപ്രതീക്ഷിത പരിശോധനകൾ നടത്തണമെന്നും അറിയിപ്പിൽ പറയുന്നു.
സമീപകാലത്ത് മൊബൈൽ ഫോണുകൾക്കോ പവർ ബാങ്കുകൾക്കോ തീപിടിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഇന്ത്യൻ റെയിൽവേയുടെ നടപടി. നിർദ്ദിഷ്ട ആറു മണിക്കൂർ സമയപരിധിയിൽ കോച്ചുകളിലെ മൊബൈൽ ചാർജിങ് പോയിന്റുകളിലേക്ക് വൈദ്യുതി എത്തുന്നില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കേണ്ടതാണ്. യാത്രക്കാർ ഉറങ്ങുമ്പോൾ ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്ത് ഇടുന്നത് പതിവാണ്. ഉറക്കത്തിലായിരിക്കുമ്പോൾ ഉപകരണങ്ങൾ അമിതമായി ചൂടാകുന്നതോ പുക വരുന്നതോ പലപ്പോഴും യാത്രക്കാർ ശ്രദ്ധിക്കാറില്ല. ഇത് അപകടങ്ങൾക്ക് കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയുള്ളത്.
https://www.facebook.com/Malayalivartha


























