കഴക്കൂട്ടത്ത് പേരകുട്ടിയെ മടിയിലിരുത്തി കാര്‍ ഓടിച്ച മുത്തശ്ശന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും

കഴക്കൂട്ടത്ത് പേരകുട്ടിയെ മടിയിലിരുത്തി സ്റ്റിയറിംഗില്‍ പിടിപ്പിച്ച് അമിതവേഗത്തില്‍ കാറോടിച്ച മുത്തശ്ശന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. വള്ളക്കടവ് വയ്യാമൂല സ്വദേശി സൈനുലാബ്ദീന്റെ ഡ്രൈവിംഗ് ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്യുക. സൈനുലാബ്ദീനെ ആര്.ടി ഓഫീസില്‍ വിളിച്ചുവരുത്തി നോട്ടീസ് നല്കി. ഇന്നലെ രാവിലെയാണ് കഴക്കൂട്ടം മേല്‍പ്പാലത്തിലൂടെ കുഞ്ഞിനെ മടിയിലിരുത്തി വാഹനമോടിച്ചത്. പിന്നാലെ വന്ന വാഹനങ്ങള്‍ ഹോണ്‍ മുഴക്കിയിട്ടും അവഗണിക്കുകയായിരുന്നു.
മകന്റെ കുഞ്ഞിനെ മടിയിലിരുത്തി കാര്‍ ഓടിക്കുന്നതിന്റെ ദൃശ്യം കൊല്ലം ഇളമ്പല്‍ സ്വദേശികളാണ് പുറത്തുവിട്ടത്. പിന്നാലെ കഴക്കൂട്ടം പൊലീസ് കേസുമെടുത്തിരുന്നു. അപകടകരമായി വാഹനമോടിച്ചു, കുഞ്ഞിന്റെ ജീവന് അപകടത്തിലാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു എന്നിങ്ങനെ കാട്ടിയാണ് നോട്ടീസ്. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിന് പുറമേ, എടപ്പാളോ കൊല്ലത്തോ മൂന്നുദിവസത്തെ എം.വി.ഡിയുടെ െ്രെഡവിംഗ് പരിശീലന ക്ലാസില്‍ പങ്കെടുക്കുകയും വേണം. കുട്ടി കരഞ്ഞപ്പോള്‍ മടിയിലെടുത്തു വച്ചതാണെന്നാണ് സൈനുലാബ്ദീന്റെ വിശദീകരണം.
കുഞ്ഞ് മടിയിലിരിക്കുമ്പോള്‍ ബ്രേക്ക് ചെയ്യേണ്ടി വന്നാല്‍ കുഞ്ഞിനെ സ്റ്റിയറിംഗില്‍ വച്ച് അമര്‍ത്തുന്ന നിലയുണ്ടാകും. കുഞ്ഞ് താഴേക്ക് ഊര്‍ന്നിറങ്ങിയാല്‍ കാര്‍ നിയന്ത്രണം തെറ്റും. മൂന്ന് വയസുള്ള കുഞ്ഞിനെ പ്രത്യേകം സജ്ജീകരിച്ച സീറ്റിലിരുത്തണമെന്നാണ് വ്യവസ്ഥ.
https://www.facebook.com/Malayalivartha


























