സ്‌ത്രീപീഡനങ്ങള്‍ കൈകാര്യം ചെയ്യാന്‍ സി.പി.എമ്മില്‍ പുതിയ മാര്‍ഗരേഖ; വാക്കാലുള്ള പരാതികളും അന്വേഷിക്കണം

സ്‌ത്രീ പീഡനങ്ങള്‍ കൈകാര്യം ചെയ്യാന്‍ സി.പി.എം മാര്‍ഗനിര്‍ദേശം. സി.പി.എം അച്ചടക്ക കമ്മീഷന്‍ തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പോളിറ്റ് ബ്യൂറോയാണ് പുറപ്പെടുവിച്ചത്. പാര്‍ട്ടിക്കുള്ളില്‍ നിന്നുണ്ടാകുന്ന ഇത്തരം പരാതികള്‍ രേഖാമൂലം അല്ലെങ്കിലും പരിശോധിക്കണമെന്നാണ് നിര്‍ദേശം. അതായത് വാക്കാലുള്ള പരാതികള്‍ രേഖാമൂലം അല്ലെന്നു പറഞ്ഞ് തള്ളികളയാന്‍ ഇനിമുതല്‍ സാധിക്കില്ല. പരാതികള്‍ ഉന്നയിക്കപ്പെട്ടാല്‍ ഉടന്‍ കമ്മിറ്റി രൂപീകരിച്ച് അന്വേഷണം നടത്തണം. കമ്മിറ്റിയില്‍ ഒരു വനിതാ അംഗമെങ്കിലും ഉണ്ടായിരിക്കണമെന്നും നിര്‍ദേശിക്കുന്നു.
ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഡിസംബര്‍ മൂന്നാം തീയതി തന്നെ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാ പാര്‍ട്ടി ഘടകങ്ങള്‍ക്കും അയച്ചുകൊടുത്തിട്ടുണ്ട്. മൂന്നംഗ കമ്മിറ്റി രൂപീകരിക്കണമെന്നാണ് നിര്‍ദേശം. കമ്മിറ്റിയിലെ വനിതാ അംഗം മാത്രമേ പരാതിക്കാരിയില്‍ നിന്ന് തെളിവെടുക്കാന്‍ പാടുള്ളൂ. മൂന്നുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി നടപടി സ്വീകരിക്കണം. പരാതിയിലെ വിവരങ്ങള്‍ അതീവ രഹസ്യമായി തന്നെ സൂക്ഷിക്കണമെന്നും മാര്‍ഗരേഖയില്‍ വിശദീകരിക്കുന്നുണ്ട്.
സ്‌ത്രീപീഡനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സി.പി.എമ്മില്‍ നടപടിക്രമങ്ങള്‍ ഉണ്ട്. എന്നാല്‍ രേഖാമൂലം പരാതിനല്‍കിയാല്‍ മാത്രമേ അന്വേഷണം ഉണ്ടാവുകയുള്ളൂ എന്നതാണ് നിലവിലെ രീതി. അതില്‍ മാറ്റം വരുത്തി എന്നതാണ് പുതിയ മാര്‍ഗരേഖയെ ശ്രദ്ധേയമാക്കുന്നത്.
https://www.facebook.com/Malayalivartha